ലവ് ജിഹാദ്: ഹിമാചൽ, മധ്യപ്രദേശ് സർക്കാറുകളെ കക്ഷിചേർക്കാൻ അനുമതി
text_fieldsന്യൂഡൽഹി: ലവ് ജിഹാദ് തടയാനെന്ന പേരിൽ ബി.ജെ.പി ഭരിക്കുന്ന ചില സംസ്ഥാനങ്ങൾ പാസാക്കിയ മതപരിവർത്തനം തടയൽ നിയമത്തിനെതിരെ സമർപ്പിച്ച ഹരജിയിൽ ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് സർക്കാറുകളെക്കൂടി കക്ഷിചേർക്കുന്നതിന് സുപ്രീംകോടതി അനുമതി നൽകി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാർ പാസാക്കിയ നിയമത്തിെൻറ ഭരണഘടന സാധുത ചോദ്യംചെയ്ത് സമർപ്പിച്ച ഹരജികളിൽ ഹിമാചൽ, മധ്യപ്രദേശ് സർക്കാറുകളെ കക്ഷി ചേർക്കാൻ ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നു. ഈ സംസ്ഥാന സർക്കാറുകളും സമാന സ്വഭാവത്തിലുള്ള നിയമം പാസാക്കിയിരുന്നു.
നിയമത്തിെൻറ മറവിൽ ധാരാളം മുസ്ലിംകളെ പീഡിപ്പിക്കുന്നുണ്ടെന്ന് ഹരജിക്കാരിൽപെട്ട ജംഇയ്യത്ത് ഉലമായെ ഹിന്ദ് ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സർക്കാറുകൾ പാസാക്കിയ വിവാദ മതപരിവർത്തനം തടയൽ നിയമത്തിനെതിരെ നൽകിയ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമണ്യൻ എന്നിവരടങ്ങിയ ബെഞ്ച് നിയമം സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു. അതേസമയം, ഹരജിയിൽ യു.പി, ഉത്തരാഖണ്ഡ് സർക്കാറുകൾക്ക് കോടതി നോട്ടീസയച്ചു. ഇരു സംസ്ഥാനങ്ങളും പാസാക്കിയ നിയമം ഭരണഘടന വിരുദ്ധമാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.