സ്നേഹവും ബഹുമാനവും വിനയവും ഇന്ത്യൻ രാഷ്ട്രീയത്തിൽ കാണാനാകുന്നില്ലെന്ന് രാഹുൽ ഗാന്ധി
text_fieldsവാഷിങ്ടൺ: ബി.ജെ.പിയെയും പ്രധാനമന്ത്രിയെയും ആരും ഭയപ്പെടുന്നില്ലെന്ന് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കയിൽ നാലു ദിവസത്തെ അനൗദ്യോഗിക സന്ദർശനത്തിനെത്തിയ അദ്ദേഹം ടെക്സസിൽ ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയായിരുന്നു.
ബി.ജെ.പിയും പ്രധാനമന്ത്രിയും ഭരണഘടനയെ തകർക്കുകയാണെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ബോധ്യപ്പെട്ടു. ഭരണഘടനയെ അപ്രസക്തമാക്കുന്നവർ രാജ്യത്തെ മതപാരമ്പര്യത്തെയാണ് ആക്രമിക്കുന്നത്. ഭരണഘടനയെ ആക്രമിക്കുന്നത് അംഗീകരിക്കില്ലെന്ന് തെരഞ്ഞെടുപ്പിൽ ജനം പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ ജനങ്ങളുടെ വൻ വിജയമാണിത്. സ്നേഹവും ആദരവും വിനയവും ഇന്ത്യൻ രഷ്ട്രീയത്തിൽനിന്ന് അപ്രത്യക്ഷമാവുകയാണെന്നു പറഞ്ഞ രാഹുൽ ഗാന്ധി, ഇന്ത്യ ‘ഏക ആശയ’മാണെന്ന ആർ.എസ്.എസ് കാഴ്ചപ്പാടിനെയും വിമർശിച്ചു.
ആശയങ്ങളുടെ വൈവിധ്യമാണ് ഇന്ത്യയെന്നാണ് കോൺഗ്രസ് വിശ്വസിക്കുന്നത്. ജാതി, മത, ഭാഷ പരിഗണനകളില്ലാതെ എല്ലാവർക്കും സ്വപ്നം കാണാൻ സാധിക്കണമെന്നും എല്ലാവർക്കും ഇടം ലഭിക്കണമെന്നുമാണ് തങ്ങൾ പറയുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്നേഹവും ആദരവും വിനയവും നിറക്കുകയാണ് തന്റെ ദൗത്യം. ഒരു മതത്തിന്റെയും സമുദായത്തിന്റെയും ജാതിയുടെയും സംസ്ഥാനത്തിന്റെയും മാത്രം ആളുകളെയല്ല, എല്ലാ മനുഷ്യരെയും സ്നേഹിക്കാൻ കഴിയണം. ഇന്ത്യയെ പടുത്തുയർത്താൻ ശ്രമിക്കുന്ന എല്ലാവരെയും ബഹുമാനിക്കണം -രാഹുൽ പറഞ്ഞു.
ഇന്ത്യയിൽ തൊഴിൽ വൈദഗ്ധ്യമുള്ളവർക്ക് ക്ഷാമമില്ലെന്നും അവരെ അംഗീകരിക്കാത്തതാണ് പ്രശ്നമെന്നും ടെക്സസ് സർവകലാശാലയിൽ വിദ്യാർഥികളുമായി സംവദിക്കവേ രാഹുൽ പറഞ്ഞു. സ്വന്തം തള്ളവിരൽ മുറിച്ചെടുത്ത് ഗുരുദക്ഷിണ നൽകാൻ തയാറായ മഹാഭാരതത്തിലെ ഏകലവ്യന്റെ കഥ ചൂണ്ടിക്കാണിച്ചാണ് രാഹുൽ തൊഴിൽ പ്രാവീണ്യമുള്ളവരുടെ അവസ്ഥയെക്കുറിച്ച് പറഞ്ഞത്. വൈദഗ്ധ്യമുള്ളവരെ പാർശ്വവത്കരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉൽപാദനമെല്ലാം ചൈനക്ക് വിട്ടുകൊടുത്ത ഇന്ത്യയും അമേരിക്കയും പടിഞ്ഞാറൻ രാജ്യങ്ങളും കടുത്ത തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുകയാണ്. ഉപഭോഗ സംസ്കാരം മാത്രമാണ് ഇവിടെയുള്ളത്. ഉൽപാദനമുള്ളതിനാൽ ചൈനക്ക് തൊഴിലില്ലായ്മയുടെ പ്രശ്നമില്ല. ഉൽപാദനമുണ്ടെങ്കിൽ മാത്രമേ തൊഴിലവസരങ്ങൾ ഉണ്ടാവുകയുള്ളൂ.
സാങ്കേതികവിദ്യ ചിലരുടെ തൊഴിൽ ഇല്ലാതാക്കുമ്പോൾ മറ്റ് ചിലർക്ക് തൊഴിൽ നൽകുന്നു. തൊഴിൽ പൂർണമായും ഇല്ലാതാകുമെന്ന് കരുതുന്നില്ല. വ്യത്യസ്ത മേഖലകളിൽ വ്യത്യസ്ത തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരെ ബി.ജെ.പി
ന്യൂഡൽഹി: ആർ.എസ്.എസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് യു.എസിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാക്കൾ. രാജ്യത്തെ വിദേശത്തുപോയി കളങ്കപ്പെടുത്തുന്നത് രാജ്യദ്രോഹത്തിന് തുല്യമാണെന്ന് കേന്ദ്രമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിട്ടും പ്രതിപക്ഷ നേതാവിന് ഇന്ത്യയുമായി അടുക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസ് എന്താണെന്ന് അറിയണമെങ്കിൽ രാഹുൽ ഗാന്ധി ഇനിയും ഒരുപാട് തവണ ജനിക്കണമെന്നും മുത്തശ്ശിയോട് ചോദിച്ചാൽ അറിയാമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പ്രതികരിച്ചു. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത പുള്ളിയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെന്ന് ബി.ജെ.പി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യത്തെ ദുർബലപ്പെടുത്താനാണ് രാഹുൽ ശ്രമിക്കുന്നത്. പക്വതയില്ലാത്ത നേതാവാണ് അദ്ദേഹം. വിദേശരാജ്യത്ത് എന്തു സംസാരിക്കണമെന്നുപോലും അദ്ദേഹത്തിന് അറിയില്ലെന്നും ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ ഭാട്ടിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.