‘ഗ്യാസ് വില: മനുഷ്യരെ എങ്ങനെ വിഡ്ഢിയാക്കാമെന്ന് മോദിയിൽനിന്ന് പഠിക്കണം’
text_fieldsന്യൂഡൽഹി: ജനങ്ങളെ എങ്ങനെ വിഡ്ഢിയാക്കാമെന്ന് മോദിയിൽനിന്ന് കണ്ട് പഠിക്കണമെന്ന് എ.ഐ.സി.സി സോഷ്യൽ മീഡിയ കോഡിനേറ്റർ അരുൺ റെഡ്ഡി. ഗാർഹിക ഗ്യാസ് സിലിണ്ടറിന് 200 രൂപ കുറച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘മൻമോഹൻ സിങ് സർക്കാറിന്റെ കാലത്ത് 400 രൂപ ഉണ്ടായിരുന്ന ഗ്യാസിന് മോദിയുടെ ഭരണത്തിൽ 1200 രൂപയാക്കി ഉയർത്തി. ഒമ്പത് വർഷം കൊണ്ട് ഗ്യാസിന് 800 രൂപ കൂട്ടിയ മോദി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 200 രൂപ കുറച്ചിരിക്കുന്നു. ജനങ്ങളെ എങ്ങനെ വിഡ്ഢിയാക്കാമെന്ന് മോദിയിൽനിന്ന് കണ്ട് പഠിക്കണം’ -അരുൺ ട്വീറ്റ് ചെയ്തു.
രാജസ്ഥാൻ, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇന്നലെയാണ് പാചകവാതക സിലിണ്ടറിന് 200 രൂപ കുറക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഗ്യാസ് സിലിണ്ടറിന് വിലകുറയുന്നത് പ്രധാന മന്ത്രിയുടെ ഓണം രക്ഷാബന്ധൻ സമ്മാനമാണെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കവേയാണ് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചത്. ഉജ്ജ്വൽ യോജന കണക്ഷൻ എടുത്തവർക്കു നിലവിൽ 200 രൂപ സബ്‌സിഡിയുണ്ട്. ഇവർക്ക് 400 രൂപയുടെ ഇളവ് കിട്ടും.
അതേസമയം, എൽ.പി.ജി സിലിണ്ടറുകൾക്ക് 200 രൂപ കുറക്കാൻ നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചത് പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ ജനപ്രീതി വർധിക്കുന്നതിലുള്ള സമ്മർദ്ദം മൂലമാണെന്ന് ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു. പെട്രോൾ, ഡീസൽ വിലയും കുറക്കാൻ മോദി സർക്കാറിനെ ഇൻഡ്യ നിർബന്ധിക്കുമെന്നും വിലകുറക്കുന്നത് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.