നോട്ടു നിരോധനം: പാര്‍ലമെന്‍റ് പ്രതിഷേധക്കടലായി; രാജ്യസഭ പലകുറി സ്തംഭിച്ചു
text_fieldsന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്‍െറ നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനെതിരെ പാര്‍ലമെന്‍റില്‍ പ്രതിഷേധം ഇരമ്പി. കോണ്‍ഗ്രസ്, ടി.എം.സി, എ.ഐ.എ.ഡി.എം.കെ, ഇടതുപാര്‍ട്ടികള്‍, എസ്.പി തുടങ്ങി പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തുവന്നതോടെ ചോദ്യോത്തര വേള ഒഴികെയുള്ള ലോക്സഭാ നടപടികള്‍ മുടങ്ങി. പ്രതിപക്ഷ പ്രതിഷേധത്തില്‍ രാജ്യസഭയും പലകുറി സ്തംഭിച്ചു. 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കുന്ന വിവരം ചിലര്‍ക്ക് മാത്രം ചോര്‍ത്തി നല്‍കിയതിനെക്കുറിച്ച് സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി.
കറന്‍സി നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് നടക്കുന്ന ചര്‍ച്ചക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന ആവശ്യം കൂടി സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്ന് ചര്‍ച്ച തുടരാനാകാതെ രാജ്യസഭ സ്തംഭിച്ചു. കറന്‍സി നിരോധനത്തില്‍ ബുധനാഴ്ച തുടങ്ങിയ ചര്‍ച്ച വ്യാഴാഴ്ചയും തുടരാനിരിക്കെ പ്രധാനമന്ത്രി രാജ്യസഭയില്‍ വരണമെന്ന ആവശ്യവുമായി പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നു. വേറിട്ട പ്രതിഷേധം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ഈ ആവശ്യത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു.
എന്നാല്‍, പ്രതിപക്ഷ ആവശ്യം തള്ളിക്കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മറുപടി നല്‍കുമെന്നും അദ്ദേഹം സഭയില്‍ ഹാജരുണ്ടാകുമെന്നും അറിയിച്ചു. കറന്‍സി നിരോധിച്ച പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി സ്ഥിതിഗതികള്‍ ഗുരുതരമായിട്ടും 40ലേറെ പേര്‍ മരിച്ചിട്ടും മറുപടി പറയാത്തത് അംഗീകരിക്കില്ളെന്ന് പറഞ്ഞ് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ആദ്യം 11.30 വരെയും പിന്നീട് 12 മണി വരെയും നിര്‍ത്തിവെച്ച സഭ ഉച്ചക്ക് ശേഷം രണ്ട് മണിക്ക് ചേര്‍ന്നപ്പോഴും പ്രതിപക്ഷം ആവശ്യത്തില്‍ ഉറച്ചുനിന്നു. സര്‍ക്കാര്‍ എടുത്തത് വിപ്ളവകരമായ തീരുമാനമാണെന്നും ആരാണ് സര്‍ക്കാറിനും പ്രധാനമന്ത്രിക്കും ഒപ്പം നില്‍ക്കുന്നതെന്ന് രാജ്യം നോക്കുകയാണെന്നും വാര്‍ത്തവിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. സാധാരണഗതിയില്‍ ഒരു വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചക്ക് ആ വകുപ്പിന്‍െറ മന്ത്രിയോ അദ്ദേഹം നിയോഗിക്കുന്ന മന്ത്രിയോ ആണ് മറുപടി പറയുകയെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. വിവരം ചോര്‍ത്തിക്കൊടുത്തതിനെ കുറിച്ച് സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷിക്കണമെന്ന ആവശ്യവും നായിഡു തള്ളി.
ഈ സമയം കാവേരി നദീജല വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ ബി.ജെ.പിയെ സഹായിക്കുകയാണെന്ന് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.
ഇതിനിടയില്‍ കറന്‍സി നിരോധനത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 40 കവിഞ്ഞ കാര്യം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ഉറിയില്‍ പാകിസ്താന്‍ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ഇരട്ടിയിലധികം പേരാണ് കറന്‍സി നിരോധനത്തിന്‍െറ പേരില്‍ മരിച്ചതെന്ന് പറഞ്ഞതില്‍ കയറിപ്പിടിച്ച ബി.ജെ.പി അംഗങ്ങള്‍ അദ്ദേഹം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. ബഹളം രൂക്ഷമായതോടെ രണ്ടാം ദിവസം ചര്‍ച്ച തുടരാനാകാതെ രാജ്യസഭ വ്യാഴാഴ്ചത്തേക്ക് പിരിഞ്ഞു.
നോട്ട് വിഷയത്തില്‍ ലോക്സഭയില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ടി.എം.സി, ഇടതുപാര്‍ട്ടി എന്നിവര്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ സുമിത്ര മഹാജന്‍ തള്ളി. ചട്ടം 193 പ്രകാരം വോട്ടെടുപ്പില്ലാതെയുള്ള ചര്‍ച്ചയാകാമെന്ന സര്‍ക്കാര്‍ നിലപാടിനൊപ്പം സ്പീക്കര്‍ നിലകൊണ്ടതോടെ പ്രതിപക്ഷം ബഹളവുമായി നടുത്തളത്തിലിറങ്ങി. മുദ്രാവാക്യം വിളിക്കിടെ ചോദ്യോത്തരവേള ഒരുവിധം പൂര്‍ത്തിയാക്കിയെങ്കിലും മറ്റു നടപടികളിലേക്ക് കടക്കാനാകാതെ ലോക്സഭ പിരിഞ്ഞു. ജനങ്ങളെ പെരുവഴിയിലാക്കിയ നോട്ട് പ്രതിസന്ധിയില്‍ ഏതൊക്കെ പാര്‍ട്ടികള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് അറിയാന്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച അനിവാര്യമാണെന്ന് കോണ്‍ഗ്രസ് സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. നോട്ട് അസാധുവാക്കിയതിനെ എതിര്‍ക്കുന്ന പ്രതിപക്ഷം കള്ളപ്പണക്കാര്‍ക്കൊപ്പമാണെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി അനന്ത്കുമാര്‍ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.