സ്പീക്കർ തെരഞ്ഞെടുപ്പ്: പാർട്ടി എം.പിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്
text_fieldsന്യൂഡൽഹി: ലോക്സഭ സ്പീക്കർ തെരഞ്ഞെടുപ്പ് ഭരണ-പ്രതിപക്ഷ പാർട്ടികൾ മത്സരിക്കുന്ന സാഹചര്യത്തിൽ പാർട്ടി എം.പിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്. നാളെ രാവിലെ 11 മണിക്ക് പാർലമെന്‍റിൽ കോൺഗ്രസ് എം.പിമാർ ഹാജരാകണമെന്നാണ് മൂന്നുവരി വിപ്പിൽ നിർദേശിച്ചിട്ടുള്ളത്.
ചരിത്രത്തിലാദ്യമായാണ് ലോക്സഭ സ്പീക്കർ പദവിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 18ാം ലോക്സഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി മുൻ സ്പീക്കറും ബി.ജെ.പി എം.പിയുമായ ഓം ബിർളയും പ്രതിപക്ഷ ഇൻഡ്യ സഖ്യത്തിന്‍റെ സ്ഥാനാർഥിയായി മുതിർന്ന കോൺഗ്രസ് എം.പി കൊടിക്കുന്നിൽ സുരേഷുമാണ് പത്രിക നൽകിയിട്ടുള്ളത്. ബുധനാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്.
ലോക്സഭ സ്പീക്കർ പദവിയിൽ ഭരണപക്ഷത്തു നിന്നുള്ള അംഗം വരുമ്പോൾ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകുന്നതാണ് സഭയിലെ കീഴ്വഴക്കം. ഡെപ്യൂട്ടി സ്പീക്കർ പദവി നൽകിയാൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ സമവായമാകാമെന്ന് പ്രതിപക്ഷം അംഗീകരിച്ചിരുന്നു. എന്നാൽ, ഈയൊരു നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകുന്നത് സംബന്ധിച്ച് ഒരു ഉറപ്പും നൽകാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. ഇതോടെയാണ് സ്പീക്കർ സ്ഥാനത്തേക്കും മത്സരം ഒരുങ്ങിയത്.
ഇതുവരെയുള്ള ലോക്സഭകളിൽ ഏകകണ്ഠ്യേനയായിരുന്നു സ്പീക്കറെ തെരഞ്ഞെടുത്തത്. 2014ൽ ഒന്നാം മോദി സർക്കാറിന്‍റെ സഭയിൽ സുമിത്ര മഹാജനാണ് സ്പീക്കറായത്. എന്നാൽ, പ്രതിപക്ഷത്തിന് സ്പീക്കർ പദവി നൽകുന്ന കീഴ്വഴക്കം ലംഘിച്ചു കൊണ്ട് സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ എം. തമ്പിദുരൈക്കാണ് അന്ന് ഡെപ്യൂട്ടി സ്പീക്കർ പദവി നൽകിയത്. 2019ൽ ഓം ബിർള സ്പീക്കറായി. എന്നാൽ, ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കാൻ എൻ.ഡി.എ സർക്കാർ തയാറായില്ല. 2019 മുതൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്.
രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എം.പിയാണ് 61കാരനായ ഓം ബിർള. 2014 മുതൽ തുടർച്ചയായ മൂന്ന് തവണയും ഓം ബിർളയാണ് കോട്ടയിൽ വിജയിച്ചത്. ഇത്തവണ 41,974 വോട്ടിന് കോൺഗ്രസിലെ പ്രഹ്ലാദ് ഗുൻജാലിനെ പരാജയപ്പെടുത്തിയത്.
എട്ടാം തവണ ലോക്സഭയിലെത്തിയ മുതിർന്ന കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷ് മാവേലിക്കര മണ്ഡലത്തിൽ നിന്ന് 10,868 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഇത്തവണ വിജയിച്ചത്. കോൺഗ്രസ് പ്രവർത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവായ അദ്ദേഹം ലോക്സഭയിൽ കോൺഗ്രസ് ചീഫ് വിപ്പായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.