'വിദ്യാർഥി വിപ്ലവം വീട്ടുപടിക്കൽ'- ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി എൽ.എസ്.എ
text_fieldsലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ (എൽ.എസ്.എ) വേറിട്ട പ്രതിഷേധ പരിപാടികളുമായി രംഗത്ത്. 'കൊറോണ കാലത്ത് വിദ്യാർഥി വിപ്ലവം വീട്ടുപടിക്കൽ' എന്ന പേരിൽ നടത്തിയ ഓൺലൈൻ പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നത്.
വിദ്യാർഥികളും രാഷ്ട്രീയ-സാമൂഹിക നേതാക്കളും സാധാരണക്കാരുമടക്കം ആയിരക്കണക്കിന് പേർ പ്രതിഷേധത്തിൽ പങ്കെടുത്തെന്നും കേരളം അടക്കം ഇന്ത്യയിലെ പല ഭാഗങ്ങളിൽ നിന്നും ഐക്യദാർഢ്യങ്ങളും പിന്തുണയും കടൽ കടന്ന് എത്തിയത് പ്രതിഷേധത്തിന് ഊർജം പകർന്നെന്നും എൽ.എസ്.എ കേന്ദ്ര കമ്മിറ്റി അധ്യക്ഷൻ സെയ്ദ് മുഹമ്മദ് അനീസ് പറഞ്ഞു.
നിലവിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ ജനദ്രോഹ നയങ്ങളാണ് ദ്വീപ് ജനതയെ ഈ മഹാമാരിയുടെ കാലത്തും സന്ധിയില്ലാ സമരത്തിലേക്ക് നയിച്ചതെന്ന് അനീസ് ചൂണ്ടിക്കാട്ടി. മുൻ അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശർമ ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് എടുത്ത തീരുമാനങ്ങളും പിന്തുടർന്ന രീതികളും ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതെ ഒരു വർഷക്കാലം ലക്ഷദ്വീപിനെ ലോകത്തിന് തന്നെ മാതൃകയാക്കി നിർത്തിയിരുന്നു. എന്നാൽ, നിലവിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ജനപ്രതിനിധികളുടെ എതിർപ്പുകൾ മാനിക്കാതെ നിലവിലെ എസ്.ഒ.പി (Standard operation procedure) തിരുത്തുകയും ക്വാറന്‍റീൻ അടക്കമുള്ള സുരക്ഷ മാനദണ്ഡങ്ങൾ എടുത്ത് മാറ്റി പുതിയ എസ്.ഒ.പി കൊണ്ടുവരികയുമാണ് ചെയ്തത്. ഇതിനെതിരെ സമരം ചെയ്തവരെ ജയിലിലടച്ച് സമരത്തെ അടിച്ചമർത്തുകയും ചെയ്തെന്ന് അനീസ് പറയുന്നു.
ലക്ഷദ്വീപ് പ്രൊഹിബിഷൻ റഗുലേഷൻ എന്ന നിയമം നിലനിൽക്കേ, മദ്യനിരോധിത മേഖലയായ ജനവാസമുള്ള ദ്വീപുകളിലേക്ക് ബാർ തുടങ്ങാനുള്ള ലൈസൻസ് അനുവദിച്ച് കൊടുത്ത് ലക്ഷദ്വീപിന്‍റെ സംസ്കാരത്തെ തന്നെ ചോദ്യം ചെയ്യുകയാണ് പുതിയ അഡ്മിനിസ്ട്രേറ്റർ. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ദ്വീപുകാരുടെ സ്ഥലം അവരുടെ സമ്മതമില്ലാതെ തന്നെ ഭരണകൂടത്തിന് പിടിച്ചെടുക്കാൻ കഴിയുന്ന ലക്ഷദ്വീപ് ഡവലപ്മെന്റ് റഗുലേഷൻ എന്ന പുതിയ നിയമവും കൊണ്ടുവന്നു. അവരുടെ വീടും മറ്റും നിൽക്കുന്ന സ്ഥലമാണെങ്കിൽ അത് അവരെ കൊണ്ട് തന്നെ പൊളിച്ച് മാറ്റിക്കാനും നിശ്ചിത സമയത്തിനുള്ളിൽ പൊളിച്ചുമാറ്റാത്ത പക്ഷം രണ്ട് ലക്ഷം രൂപ വരെ സ്ഥലം ഉടമയുടെ മേൽ പിഴ ഈടാക്കാനുമുള്ള അധികാരം നൽകുന്നതാണ് ഈ നിയമം.
ഈ കാരണങ്ങളുടെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന ആവശ്യവുമായി ഓൺലൈനിൽ നടത്തിയ പ്രതിഷേധം ഒരു തുടക്കം മാത്രമാണെന്നും വിജയം കാണും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അനീസ് അറിയിച്ചു. ലോക്ഡൗൺ കഴിഞ്ഞാൽ ഈ ആവശ്യം ഉന്നയിച്ച് സമരത്തിനിറങ്ങുമെന്ന് എൻ.സി.പിയുടെ യുവജന വിഭാഗമായ എൻ.വൈ.സിയുഴട ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കോയ അറഫ മിറാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.