ലഫ്. ജനറൽ മനോജ് പാണ്ഡെ കരസേന ഉപമേധാവിയായി ചുമതലയേറ്റു
text_fieldsന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ കരസേന ഉപമേധാവിയായി ചുമതലയേറ്റു. നിലവിലെ ഉപമേധാവി ലഫ്. ജനറൽ സി.പി. മൊഹന്തി വിരമിച്ച ഒഴിവിലാണ് നിയമനം. സിക്കിം, അരുണാചൽ പ്രദേശ് സെക്ടറുകളിലെ നിയന്ത്രണ രേഖ (എൽ.എ.സി) സംരക്ഷിക്കുന്ന കൊൽക്കത്ത ആസ്ഥാനമായ ഈസ്റ്റേൺ ആർമി കമാൻഡ് മേധാവിയായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.
ഈസ്റ്റേൺ ആർമി കമാൻഡിന്റെ പുതിയ മേധാവിയായി ലഫ്റ്റനന്റ് ജനറൽ ആർ.പി. കലിതയെ നിയമിച്ചു.
1982 ഡിസംബറിൽ ബോംബെ സാപ്പേഴ്സ് യൂനിറ്റിലാണ് ജനറൽ പാണ്ഡെ കമീഷൻഡ് ഓഫിസറായി ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഓപറേഷൻ വിജയ്, ഓപറേഷൻ പരാക്രം തുടങ്ങിയവയിൽ പങ്കെടുത്തു. ജമ്മു-കശ്മീർ അതിർത്തിയിൽ എൻജിനീയർ റെജിമെന്റിലും കാലാൾപ്പട ബ്രിഗേഡിലും പടിഞ്ഞാറൻ ലഡാക്കിലെ പർവതനിരകളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ അതിർത്തികളിലും സുപ്രധാന ചുമതലകൾ വഹിച്ചു.
ഇത്യോപ്യയിലും എറിത്രീയയിലും യു.എൻ ദൗത്യത്തിൽ ചീഫ് എൻജിനീയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ജൂൺ മുതൽ 2021 മേയ് വരെ അന്തമാൻ - നികോബാർ കമാൻഡിന്റെ (സിൻകാൻ) കമാൻഡർ-ഇൻ-ചീഫ് ആയിരുന്നു. പരം വിശിഷ്ട സേവ മെഡൽ, അതിവിശിഷ്ട സേവ മെഡൽ, വിശിഷ്ട സേവ മെഡൽ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.