തമിഴ്പുലി നേതാവ് പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് പി. നെടുമാരൻ
text_fieldsചെന്നൈ: ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം(എൽ.ടി.ടി.ഇ) തലവൻ വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് തമിഴ് ദേശീയ ഇയക്കം നേതാവും ലോക തമിഴ് സംഘടനകളുടെ കൂട്ടായ്മയുടെ പ്രസിഡന്റുമായ പി. നെടുമാരൻ. തിങ്കളാഴ്ച തഞ്ചാവൂരിലെ മുള്ളിവായ്ക്കലിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് പുതിയ വെളിപ്പെടുത്തൽ. അദ്ദേഹം ആരോഗ്യവാനാണെന്നും താമസിയാതെ അദ്ദേഹം ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുമെന്നും നെടുമാരൻ അറിയിച്ചു.
നിലവിൽ എവിടെയാണ് പ്രഭാകരൻ താമസിക്കുന്നതെന്ന് ഇപ്പോൾ പറയാനാവില്ല. പ്രഭാകരന്റെ കുടുംബാംഗങ്ങളുമായി താൻ ബന്ധപ്പെട്ടിരുന്നതായും അവരുടെ ആഗ്രഹപ്രകാരമാണ് ഈ വെളിപ്പെടുത്തലെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിലെ തമിഴ് ഈഴം സംബന്ധിച്ച് പ്രഭാകരൻ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനിരിക്കയാണ്. തമിഴ് ഈഴ മക്കളും ലോക തമിഴരും ഒരുമിച്ച് നിൽക്കണമെന്നും പ്രഭാകരന് പൂർണ പിന്തുണ നൽകാൻ മുന്നോട്ടു വരണമെന്നും നെടുമാരൻ അഭ്യർഥിച്ചു. എൽ.ടി.ടി.ഇ ശക്തമായി നിലകൊണ്ടിരുന്ന കാലഘട്ടത്തിൽ ഒരു ഇന്ത്യാവിരുദ്ധ ശക്തിയെയും ശ്രീലങ്കൻ മണ്ണിൽ കാലുകുത്താൻ അനുവദിച്ചിരുന്നില്ല.
ഇന്ത്യയുടെ ശത്രുരാജ്യങ്ങൾക്ക് സഹായം ലഭിക്കില്ലെന്ന ഉറച്ച നിലപാടാണ് പ്രഭാകരൻ സ്വീകരിച്ചത്. നിലവിൽ ശ്രീലങ്കയെ ഇന്ത്യൻ വിരുദ്ധ താവളമാക്കി മാറ്റാനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആധിപത്യം നിലനിർത്താൻ കേന്ദ്ര സർക്കാർ ശക്തമായ നിലപാട് കൈക്കൊള്ളണം. അന്താരാഷ്ട്ര തലത്തിലെ പ്രത്യേക സാഹചര്യങ്ങളും ശ്രീലങ്കയിലെ രാജപക്സ സർക്കാറിനെതിരായ പ്രക്ഷോഭവുമാണ് ഇപ്പോൾ പ്രഭാകരന് പ്രത്യക്ഷപ്പെടാൻ അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചത്. നിർണായക ഘട്ടത്തിൽ തമിഴ്നാട് സർക്കാറും രാഷ്ട്രീയകക്ഷികളും പ്രഭാകരന് പിന്തുണ നൽകണമെന്നും നെടുമാരൻ അഭ്യർഥിച്ചു.
അതേസമയം, നെടുമാരന്റെ അവകാശവാദം തള്ളി ശ്രീലങ്കൻ മീഡിയ ഡയറക്ടറും സൈനിക വക്താവുമായ ബ്രിഗേഡിയർ രവി ഹെറാത്ത് രംഗത്തെത്തി. പ്രഭാകരൻ മരിച്ചതായി തെളിയിക്കാൻ ഡി.എൻ.എ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ശ്രീലങ്കയുടെ പക്കൽ രേഖകളുണ്ടെന്നും അദ്ദേഹം അറിയിച്ചു. ശ്രീലങ്കൻ സേനയാണ് പ്രഭാകരനെ വധിച്ചത്.
2009 മേയ് 18നാണ് വേലുപിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ സേന അറിയിച്ചത്. 19ന് ശ്രീലങ്കൻ സൈന്യം കൊല്ലപ്പെട്ട പ്രഭാകരന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.