'വെർച്വൽ റാലി'യിൽ പങ്കെടുക്കാൻ ഒത്തുകൂടി; 2,500 സമാജ്‍വാദി പ്രവർത്തകർക്കെതിരെ കേസ്
text_fields'വെർച്വൽ റാലി'ക്കായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഒത്തുകൂടിയെന്ന് ആരോപിച്ച് യു.പിയിൽ 2500 സമാജ്‍വാദി പ്രവർത്തകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
നൂറുകണക്കിന് പ്രവർത്തകർ വെള്ളിയാഴ്ച പാർട്ടി ഓഫീസിൽ എത്തിയതിനെ തുടർന്ന് ലഖ്‌നൗ പൊലീസ് സമാജ്‌വാദി പാർട്ടി നേതാക്കൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും യോഗി സർക്കാറിലെ മുൻ കാബിനറ്റ് മന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന കഴിഞ്ഞ ദിവസം രാജിവെച്ച സ്വാമി പ്രസാദ് മൗര്യയും റാലിയെ അഭിസംബോധന ചെയ്തിരുന്നു.
രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രചരണ റാലികൾ നിരോധിക്കുന്നതായി തെരഞ്ഞെടുപ്പ് കമീഷൻ ജനുവരി എട്ടിന് പ്രഖ്യാപിച്ചിരുന്നു.
ഇലക്ഷൻ കമ്മീഷൻ ഉത്തരവ് ലംഘിച്ച് ആളുകൾ കൂട്ടംകൂടുന്ന സ്ഥലങ്ങളിൽ പൊലീസിനെ വിന്യസിക്കുമെന്നും, എസ്.പിയുടെ പാർട്ടി ഓഫീസിൽ പ്രവർത്തകർ തടിച്ച് കൂടുന്നതായി സമൂഹ മാധ്യമങ്ങളിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്ന് ജനക്കൂട്ടം ഒഴിവാക്കാൻ പൊലീസിനെ അയച്ചെന്നും പൊലീസ് കമ്മീഷണർ ഡി.കെ താക്കൂർ പറഞ്ഞു.
സംഭവത്തിൽ എ.ഫ്.ഐ.ആർ ഫയൽ ചെയ്യുന്നതിന് മുൻപ് വീഡിയോ ദൃശ്യങ്ങൾ തെളിവായി ശേഖരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻകൂർ അനുമതിയില്ലാതെയാണ് സമാജ്‌വാദി പാർട്ടി റാലി നടത്തിയതെന്ന് ലഖ്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ബി.ജെ.പി സംസ്ഥാനത്ത് വ്യാപകമായി റാലികൾ സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.