എന്താണ് നിന്റെ പേര്? ജാതി ഏത്? ഓൺലൈൻ ഭക്ഷണ വിതരണക്കാരന്‍റെ മുഖത്ത് തുപ്പി 'കസ്റ്റമർ'
text_fieldsലഖ്നോ: ഉത്തർപേദേശിലെ ലഖ്നോയിൽ ജാതിയുടെ പേരിൽ ഓൺലൈൻ ഭക്ഷണവിതരണക്കാരന്‍റെ മുഖത്ത് തുപ്പുകയും ക്രൂരമായി മർദിക്കുകയും ചെയ്തയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഓർഡർ ചെയ്ത ഭക്ഷണം നൽകാനെത്തിയ സൊമാറ്റോ ജീവനക്കാരൻ വിനീത് കുമാറിനാണ് ജാതി അധിക്ഷേപവും മർദനവും നേരിടേണ്ടി വന്നത്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഭക്ഷണവുമായി ചെന്നപ്പോൾ കസ്റ്റമർ പുറത്തിറങ്ങി പേരും ജാതിയും ചോദിച്ചതായി വിനീത്കുമാർ പറഞ്ഞു. ഞാൻ ഒരു പട്ടികജാതിക്കാരനാണെന്ന് അറിഞ്ഞപ്പോൾ തൊട്ടുകൂടാത്തയാളുടെ കൈയിൽ നിന്ന് ഭക്ഷണം വാങ്ങില്ലെന്നും 'അൺടച്ചബിൾ' എന്ന് വിളിക്കുകയും ചെയ്തു. ഓർഡർ സ്വീകരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഓർഡർ കാൻസൽ ചെയ്യാൻ പറഞ്ഞു.
തുടർന്ന്, വിനീതിന്‍റെ മുഖത്ത് തുപ്പിയ ഇയാൾ പത്തോളം വരുന്ന ആളുകളെ വിളിച്ച്കൂട്ടി യുവാവിനെ ക്രൂരമായി മർദിച്ചു. വിനീതിന്‍റെ ബൈക്കും സംഘം വിട്ടുകൊടുത്തില്ല. കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് ബൈക്ക് വീണ്ടെടുക്കാൻ വിനീതിനെ സഹായിച്ചത്. വിനീത്കുമാർ നാല് വർഷമായി സൊമാറ്റോയിലെ ജീവനക്കാരനാണ്.
പരാതിയുടെ അടിസ്ഥാനത്തിൽ എസ്.സി, എസ്.ടി അതിക്രമങ്ങൾ തടയൽ നിയമങ്ങളും മറ്റ് വകുപ്പുകൾ പ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഈസ്റ്റ് സോൺ അഡീഷണൽ പൊലീസ് കമീഷ്ണർ കാസിം ആബിദി പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. പ്രതിയെ ഉടൻ കണ്ടെത്തുമെന്നും കന്റോൺമെന്‍റ് എ.സി.പിക്ക് അന്വേഷണ ചുമതല നൽകിയെന്നും അബിദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.