ഹോളി ദിവസം അടുത്തുള്ള പള്ളിയിൽ നമസ്കരിക്കണമെന്ന് ലഖ്നോ ഇമാം; ജുമുഅ ഉച്ചക്ക് രണ്ടരയിലേക്ക് മാറ്റിയേക്കും
text_fieldsലഖ്നോ: മാർച്ച് 14 വെള്ളിയാഴ്ച ഹോളി ആഘോഷം നടക്കുന്നതിനാൽ അടുത്തുള്ള പള്ളിയിൽ ജുമുഅ നമസ്കരിക്കാൻ ലഖ്നോ ഈദ്ഗാഹ് ഇമാം മൗലാന ഖാലിദ് റാഷിദ് ഫറൻഗി മഹലി മുസ്ലിംകളോട് നിർദേശിച്ചു.
ലഖ്നോ ജുമാ മസ്ജിദിൽ 12.45ന് പകരം അന്നേദിവസം ജുമുഅ രണ്ടുമണിക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഒഴികെ ഹോളി ദിവസം ജുമുഅ സമയം 2.30 ആയി നിശ്ചയിക്കണമെന്ന് ഓൾ ഇന്ത്യ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ബറേൽവി അഭ്യർഥിച്ചു. നോമ്പുകാലത്ത് ക്ഷമ കൈക്കൊള്ളണമെന്നും ഏതെങ്കിലും കുട്ടിയോ അറിവില്ലാത്തവരോ നിങ്ങളുടെ മേൽ നിറം വിതറിയാൽ തർക്കത്തിന് നിൽക്കാതെ വീട്ടിൽ പോയി കഴുകണമെന്നും അദ്ദേഹം നിർദേശം നൽകി. ഉച്ചക്ക് 2.30 വരെയാണ് പ്രധാന ഹോളി ആഘോഷ പരിപാടികൾ.
ഹോളിയും റമദാനിലെ വെള്ളിയാഴ്ചയും ഒത്തുവരുന്നതിനാൽ സംഘർഷമുണ്ടാകാതിരിക്കാൻ അധികൃതർ ജാഗ്രതയിലാണ്. പ്രധാന സ്ഥലങ്ങളിൽ അധിക സേനാവിന്യാസം നടത്തും. താൽപര്യമില്ലാത്തവരുടെ മേൽ നിറം വിതറരുതെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. അതിനിടെ ഹോളി വർഷത്തിൽ ഒരിക്കലേ ഉള്ളൂവെന്നും ജുമുഅ എല്ലാ ആഴ്ചയും ഉണ്ടെന്നും ഹോളി നിറങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നുവെങ്കിൽ വീട്ടിലിരിക്കണമെന്നും സംഭൽ സർക്കിൾ ഓഫിസർ അനുജ് ചൗധരി കഴിഞ്ഞ ദിവസം സമാധാനസമിതി യോഗത്തിൽ പറഞ്ഞത് വിമർശനത്തിനിടയാക്കി. ഇത്തരം പക്ഷപാത നിലപാട് പൊലീസ് ഉദ്യോഗസ്ഥർക്ക് ചേർന്നതല്ലെന്നാണ് വിമർശനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.