80 ശതമാനം ജീവനക്കാരും ഹിന്ദുക്കളെന്ന് ലഖ്നോ ലുലു മാൾ
text_fieldsന്യൂഡൽഹി: ഒരു കൂട്ടം ആളുകൾ മാളിൽ നമസ്കാരം നടത്തിയെന്ന വിവാദം നിലനിൽക്കെ തങ്ങളുടെ ജീവനക്കാരിൽ 80 ശതമാനം പേരും ഹിന്ദുക്കളാണെന്ന വിശദീകരണവുമായി ലഖ്നോ ലുലുമാൾ അധികൃതർ രംഗത്തെത്തി. തൊഴിലിൽ മുസ്‍ലിംകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നെന്ന ആരോപണത്തിന് മറുപടിയായാണ് മാൾ അധികൃതർ ഇത്തരമൊരു കണക്കുമായി വന്നത്.
ആരോപണങ്ങൾ നിഷേധിച്ച മാൾ അധികൃതർ പൂർണമായും പ്രഫഷനലായ സ്ഥാപനമാണെന്നും യാതൊരു വിവേചനങ്ങളില്ലാതെയാണ് ബിസിനസ് നടത്തുന്നതെന്നും വ്യക്തമാക്കി. ജാതിയുടെയോ മതത്തിന്റെയും അടിസ്ഥാനത്തിലല്ല കഴിവും പ്രാഗത്ഭ്യവും പരിഗണിച്ചാണ് ജീവനക്കാരെ തെരഞ്ഞെടുക്കുന്നത്. സ്വാർഥ താൽപര്യക്കാർ സ്ഥാപനത്തെ ലക്ഷ്യമിടുന്നത് ദു:ഖകരമാണ്. തങ്ങളുടെ 80 ശതമാനം ജീവനക്കാരും ഹിന്ദുക്കളാണ്. ബാക്കിയുളളവർ മുസ്‍ലിം, ക്രിസ്ത്യൻ, മറ്റ് വിഭാഗങ്ങളിൽ നിന്നുള്ളവരും- പ്രസ്താവനയിൽ പറയുന്നു.
ജൂലൈ 10ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മാൾ ഉദ്ഘാടനം ചെയ്തത്. ഇതിനുപിന്നാലെ, ഇവിടെ സന്ദർശനത്തിലെത്തിയ ചിലർ നമസ്‌കരിക്കുന്നതിന്റെ വിഡിയോ ഹിന്ദു മഹാസഭ, ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾ പ്രചരിപ്പിച്ചിരുന്നു. മാൾ കേന്ദ്രീകരിച്ച് ലൗജിഹാദിന് ശ്രമം നടക്കുന്നതായും മാൾ ജീവനക്കാരിൽ 70ശതമാനവും മുസ്‍ലികളാണെന്നും ഇവർ പ്രചരിപ്പിച്ചു.
സംഭവം വിവാദമായതോടെ മാളിൽ മതപരമായ പ്രാർഥനകൾക്ക് വിലക്കേർപ്പെടുത്തി മാനേജ്മെന്റ് ബോർഡ് സ്ഥാപിച്ചു. എന്നാൽ, മാൾ പരിസരത്ത് രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്യാൻ ശ്രമം നടന്നു. സംഭവത്തിൽ മൂന്ന് പേരെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ, കഴിഞ്ഞദിവസം നമസ്കാര വിവാദം ആസൂത്രിതമെന്ന് സംശയം ഉയർന്നിട്ടുണ്ട്. മാള്‍ അധികൃതര്‍ പൊലീസിന് കൈമാറിയ സി.സി.ടി.വി ദൃശ്യങ്ങളില്‍ എട്ട് പുരുഷന്മാര്‍ എത്തി ഏതെങ്കിലും ഷോറൂം സന്ദര്‍ശിക്കാതെ ഉടൻ നമസ്‌കരിക്കാൻ ഇടം തേടുന്നത് വീഡിയോയിലുണ്ട്. രണ്ടാം നിലയിൽ യുവാക്കൾ നമസ്‌കാരം തുടങ്ങുകുയം 18 സെക്കൻഡിൽ പൂർത്തിയാക്കുകയും ചെയ്തു. ഇതിന്‍റെ വീഡിയോ രണ്ടുപേർ പകർത്തുന്നതും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.