ലഖ്നോ ലുലു മാൾ നമസ്കാര വിവാദം: പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
text_fieldsലഖ്നോ: ലുലു മാളിൽ നമസ്‌കാരം നിർവഹിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ സുശാന്ത് ഗോൾഫ് സിറ്റി സ്റ്റേഷൻ ഇൻചാർജിനെ സ്ഥലംമാറ്റി യു. പി പൊലീസ്. അജയ് പ്രതാപ് സിങിനെയാണ് ലഖ്‌നോ പൊലീസ് കമ്മീഷണറേറ്റ് സ്ഥലംമാറ്റിയത്. ഗോസായിഗഞ്ച് ഇൻസ്പക്ടർ ശൈലേന്ദ്ര പ്രതാപ് സിങ്ങാണ് പുതിയ സ്റ്റേഷൻ ഇൻചാർജ്. അജയ് പ്രതാപിനെ പൊലീസ് ലൈനിലേക്കു മാറ്റി.
ദക്ഷിണ മേഖലാ ഡി.സി.പി ഗോപാൽ കൃഷ്ണ ചൗധരിയെയും നീക്കി. സുഭാഷ് ഷാക്യയാണ് പുതിയ ഡി.സി.പി. ഗോപാൽ കൃഷ്ണയെ ക്രൈം വിഭാഗത്തിലെ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. നമസ്‌കാരത്തിനു പിന്നാലെ മാളിൽ തീവ്രഹിന്ദു സംഘടനകൾ ഹനുമാൻ ചാലിസ ചൊല്ലാൻ ശ്രമിച്ചതും വിവാദമായിരുന്നു. നമസ്‌കാരം തുടരാൻ അനുവദിച്ചാൽ രാമായണത്തിലെ സുന്ദരകാണ്ഡം ചൊല്ലുമെന്നായിരുന്നു ഹിന്ദു മഹാസഭയുടെ ഭീഷണി. ഇതിനു പിന്നാലെ നമസ്‌കാരം നിർവഹിച്ച അജ്ഞാതർക്കെതിരെ യു.പി പൊലീസ് കേസെടുത്തിരുന്നു.
ലുലുമാളിൽ ആളുകൾ നമസ്‌കരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. ഹിന്ദു സംഘടനകളുടെ പ്രതിഷേധങ്ങൾക്ക് പിന്നാലെ, മാളിന് സമീപം പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാളിന് മുമ്പിൽവച്ച് ജയ് ശ്രീരാം വിളിച്ച രണ്ട് യുവാക്കളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ച് പൊലീസിലേൽപ്പിച്ചു. ശനിയാഴ്ച മാത്രം 20 പേരെയാണ് പൊലീസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. രണ്ടായിരം കോടി രൂപ മുതൽമുടക്കിൽ നിർമിച്ച മാൾ ജൂലൈ പതിനൊന്നിനാണ് ആളുകൾക്കായി തുറന്നു കൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.