ലഖ്നോ ലുലുമാളിൽ മത പ്രാർഥനകൾ വിലക്കി ബോര്‍ഡ്; സുന്ദരകാണ്ഡം ചൊല്ലാനെത്തിയ മൂന്നുപേർ കസ്റ്റഡിയിൽ
text_fieldsലഖ്‌നോ: ഉത്തർപ്രദേശിലെ ലഖ്നോവിൽ പുതുതായി ഉദ്ഘാടനം ചെയ്ത ലുലു മാളിൽ മതപരമായ പ്രാർഥനകൾക്ക് വിലക്കേർപ്പെടുത്തി മാനേജ്മെന്റ് ബോർഡ് സ്ഥാപിച്ചു. മാളിൽ ചിലർ നമസ്കരിച്ചതിനെതിരെ തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് നീക്കം. അതിനിടെ, മാൾ പരിസരത്ത് രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്യാൻ ശ്രമിച്ച മൂന്ന് പേരെ ഉത്തർപ്രദേശ് പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു. ഇവർ ഹിന്ദു സമാജ് പാർട്ടിക്കാരാണെന്നും മാളിന്റെ പ്രവേശന കവാടത്തിൽ തടഞ്ഞുവച്ചതായും പൊലീസ് പറഞ്ഞു.
'സുന്ദരകാണ്ഡം വായിക്കാൻ ശ്രമിച്ച മൂന്ന് പേരെ ലഖ്‌നോവിലെ ലുലു മാൾ പ്രവേശന കവാടത്തിൽ തടഞ്ഞുവച്ചു. ഹിന്ദു സമാജ് പാർട്ടിക്കാരെയാണ് മാളിന്റെ ഗേറ്റിൽ തടഞ്ഞുവച്ചത്. നിലവിൽ സമാധാനപരമായ സാഹചര്യമാണ് നിലനിൽക്കുന്നത്' -ലഖ്‌നൗ സൗത്ത് എഡിസിപി രാജേഷ് ശ്രീവാസ്തവ പറഞ്ഞു.
ജൂലൈ 10ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മാൾ ഉദ്ഘാടനം ചെയ്തത്. ഇതിനുപിന്നാലെ, ഇവിടെ സന്ദർശനത്തിലെത്തിയ ചിലർ നമസ്‌കരിക്കുന്നതിന്റെ വിഡിയോ ഹിന്ദു മഹാസഭ, ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾ പ്രചരിപ്പിച്ചിരുന്നു. മാൾ കേന്ദ്രീകരിച് ലൗജിഹാദിന് ശ്രമം നടക്കുന്നതായും ഇവർ പ്രചരിപ്പിച്ചു. മാൾ ജീവനക്കാരിൽ 70ശതമാനവും മുസ്‍ലികളാണെന്നും 'ലൗ ജിഹാദ്' നടത്തുന്നുവെന്നുമാണ് ഇവർ കള്ളപ്രചാരണം നടത്തിയത്. സംഭവം വിവാദമായതോടെയാണ് മാളിൽ മതപരമായ പ്രാർത്ഥനകൾ അനുവദിക്കില്ലെന്ന് കാണിച്ച് വെള്ളിയാഴ്ച മാനേജ്മെന്റ് മാളിനുള്ളിൽ പലയിടത്തും നോട്ടീസ് ബോർഡുകൾ സ്ഥാപിച്ചത്. അതിനിടെ, മാളിൽ ആളുകൾ നമസ്കരിക്കുന്നതിന്റെ മറ്റൊരു വീഡിയോ പങ്കുവെച്ച അഖില ഭാരത ഹിന്ദു മഹാസഭ, മാളിനെ ലുലു മസ്ജിദ് എന്ന് വിളിക്കുകയും ചെയ്തു.
സുന്ദരകാണ്ഡം ചൊല്ലുമെന്ന് പ്രഖ്യാപിച്ച സന്യാസിയെ യു.പി പൊലീസ് തടഞ്ഞു
സുന്ദരകാണ്ഡം ചൊല്ലാൻ മാളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച സന്ന്യാസിയെ യു.പി പൊലീസ് തടഞ്ഞു. സന്ന്യാസിയെ തടയുമ്പോള്‍ ചിലര്‍ ഹിന്ദുത്വ അനുകൂല മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. സുന്ദരകാണ്ഡം ചൊല്ലാനാണോ വന്നതെന്ന മാധ്യമ പ്രവര്‍ത്തരുടെ ചോദ്യത്തിന് അതെ എന്നായിരുന്നു സന്ന്യാസിയുടെ മറുപടി. ലുലു മാളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഹിന്ദുമഹാസഭ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സന്ന്യാസിയുടെ നടപടി.
'ആരെങ്കിലും ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ശിക്ഷ ലഭിക്കണം, നിയമവ്യവസ്ഥ തകരാന്‍ പാടില്ല. ഞാന്‍ നിയമവ്യവസ്ഥയേയും പൊലീസിനേയും ബഹുമാനിക്കുന്നുണ്ട്' -സന്ന്യാസി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.