യു.പിയിൽ തീയണയാതെ ശ്മശാനങ്ങൾ, സർക്കാർ കണക്കുകളിൽ 276 മരണമില്ല; വിവാദമായതോടെ ഷീറ്റുകൊണ്ട് മറച്ച് ദഹിപ്പിക്കൽ -വിഡിയോ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഒന്നൊഴിയാതെ ദഹിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ അലൂമിനിയം ഷീറ്റുകൊണ്ട് ശ്മശാനം മറച്ച് അധികൃതർ. സർക്കാറിന്‍റെ ഔദ്യോഗിക മരണ കണക്കുകളിലും ശ്മശാനങ്ങളുടെ കണക്കുകളിലും അവ്യക്തത ചൂണ്ടിക്കാണിച്ചതാണ് നീക്കത്തിന് കാരണം.
എന്നാൽ, ദിവസങ്ങളായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നതും ശ്മശാനങ്ങളിൽനിന്ന് 24 മണിക്കൂറും പുകയും തീയും ഉയരുന്നതും സമീപവാസികളിൽ പരിഭ്രാന്തി പടർത്തിയതുമാണ് നീക്കത്തിന് കാരണമെന്ന് സർക്കാർ പറയുന്നു.
അർധരാത്രിയും ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ ഒന്നൊഴിയാതെ ദഹിപ്പിക്കുന്നതിന്‍റെ വിഡിയോകൾ പുറത്തുവന്നിരുന്നു. ഇതോടെ നീല മെറ്റൽ ഷീറ്റ് ഉപയോഗിച്ച് ശ്മശാനങ്ങളുടെ ചുറ്റും മറക്കുകയായിരുന്നു.
ശ്മശാനങ്ങൾക്ക് പുറത്ത് അധികൃതർ നോട്ടീസ് പതിക്കുകയും ചെയ്തു. അനുവാദമില്ലാതെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും കോവിഡ് ബാധിത പ്രദേശമാണെന്നും നിർദേശം ലംഘിച്ച് അകത്ത് പ്രവേശിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
സത്യം മറച്ചുപിടിക്കാനാണ് സർക്കാറിന്‍റെ ഈ നീക്കമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു.
രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ നഗരങ്ങളിലൊന്നാണ് ലഖ്നോ. ലഖ്നോവിൽ മാത്രം 31,000 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാത്രികാല കർഫ്യൂ ഉൾപ്പെടെ നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരുന്നു.
കഴിഞ്ഞദിവസം 20510 പേർക്കാണ് യു.പിയിൽ കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞദിവസം 68 മരണമാണ് സംസ്ഥാനത്ത് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഏഴുദിവസത്തെ സർക്കാറിന്‍റെ ഒൗദ്യോഗിക കണക്കുകളും ശ്മശാനങ്ങളിൽനിന്നുള്ള കണക്കുകളും തമ്മിൽ 276 മരണങ്ങളുടെ വ്യത്യാസമുണ്ടായിരുന്നു. ഇത് വിദഗ്ധർ ചൂണ്ടിക്കാട്ടിയതും വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.