‘ബ്രാഹ്മണർ ഇബ്രാഹിം നബിയുടെ പിൻമുറക്കാർ’- വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് ഗായകൻ ലക്കി അലി
text_fields‘ഒ സനം’, ‘എക് പാൽ കാ ജീനാ’, ‘സഫർനാമ’ തുടങ്ങിയ എണ്ണമറ്റ ഹിറ്റുകൾക്ക് പ്രശസ്തനായ ഗായകൻ ലക്കി അലി തന്റെ വിവാദ പ്രസ്താവനയുടെ പേരിലുണ്ടാക്കിയ പുകിൽ ഇനിയും അടങ്ങിയിട്ടില്ല. ‘അബ്റാം’ എന്ന വാക്കിൽനിന്നാണ് ‘ബ്രാഹ്മൺ’ എന്ന വാക്കുണ്ടായതെന്നായിരുന്നു ഫേസ്ബുക്ക് പരാമർശം. കടുത്ത വിമർശനവുമായി നിരവധി പേർ എത്തിയതോടെ പരാമർശത്തിൽ മാപ്പുപറഞ്ഞ് ലക്കി അലി വീണ്ടും സമൂഹമാധ്യമത്തിൽ എത്തി. ‘‘പ്രിയപ്പെട്ടവരേ, എന്റെ അവസാന പോസ്റ്റിന്റെ പേരിലുണ്ടായ വിവാദം ഞാൻ മനസ്സിലാക്കുന്നു. പ്രയാസപ്പെടുത്തുകയായിരുന്നില്ല ലക്ഷ്യം. പകരം ഏവരെയും ഒന്നാക്കലായിരുന്നു. ഞാൻ ആഗ്രഹിച്ചതല്ല സംഭവിച്ചത്. നിരവധി ഹിന്ദു സഹോദരന്മാരെയും സഹോദരിമാരെയും അത് വേദനിപ്പിച്ച സാഹചര്യത്തിൽ ഭാവിയിൽ എന്റെ പോസ്റ്റുകളും വാക്കുകളും കൂടുതൽ കരുതലോടെയാകുമെന്ന് അറിയിക്കുന്നു. സംഭവിച്ചതിൽ മാപ്പ്. എല്ലാവരോടും ഇഷ്ടം’’.
ഫേസ്ബുക്കിൽ നൽകിയ പോസ്റ്റിൽ ‘ബ്രാഹ്മണർ ഇബ്രാഹിമിന്റെ പിൻതലമുറക്കാരാണെന്ന് ലക്കി അലി എഴുതിയിരുന്നു. ‘‘ബ്രാഹ്മൺ എന്ന പദം ‘ബ്രഹ്മ’യിൽനിന്നുണ്ടായതാണ്. അതാകട്ടെ, അബ്റാമിൽനിന്നും. അത് അബ്രഹാം അല്ലെങ്കിൽ ഇബ്രാഹിമിൽനിന്ന് വന്നതും. എല്ലാ ദേശങ്ങളുടെയും പിതാവായ ഇബ്രാഹിം അലൈഹിസ്സലാമിന്റെ പിൻതലമുറക്കാരാണ് ബ്രാഹ്മണർ. അതുകൊണ്ട് എന്തിനാണ് എല്ലാവരും ഇങ്ങനെ കലഹിച്ചും പോരടിച്ചും കഴിയുന്നത്’’- എന്നായിരുന്നു ചോദ്യം.
വിടവാങ്ങിയ ബോളിവുഡ് നടൻ മഹ്മൂദിന്റെ മകനാണ് ലക്കി അലി. പിതാവ് മരിച്ചതോടെ മുംബൈ വിട്ട ഗായകൻ ബംഗളൂരുവിലാണിപ്പോൾ താമസം. പലരും അറിയുന്നവരായിട്ടും അപരിചിതനായിപ്പോകുകയാണെന്നു പറഞ്ഞായിരുന്നു മുംബൈ വിടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.