ലഗേജ് എത്തിയില്ല; ഇൻഡിഗോ 70,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsബംഗളൂരു: യാത്രക്കാരായ ദമ്പതികളുടെ പരാതിയിൽ ഇൻഡിഗോ എയർലൈൻസിന് 70,000 രൂപ പിഴയിട്ട് കോടതി. അവധിക്കാലം ആഘോഷിക്കാൻ പോർട്ട് ബ്ലെയറിലെത്തിയ ബംഗളൂരു ദമ്പതികളാണ് ഇൻഡിഗോ എയർലൈൻസിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. പരിശോധിച്ച ലഗേജുകൾ കിട്ടാൻ വൈകിയ സാഹചര്യത്തിലാണ് ദമ്പതികൾ നിയമനടപടിക്കായി കോടതിയെ സമീപിച്ചത്.
സിറ്റി ഉപഭോക്തൃ കോടതി അവർക്ക് അനുകൂലമായി വിധിക്കുകയും അസൗകര്യത്തിന് 70,000 രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഡിഗോ എയർലൈൻസിനോട് ആവശ്യപ്പെടുകയും ചെയ്തു.
2021 നവംബർ 1 അവസാനത്തോടെയാണ് ബയപ്പനഹള്ളി നിവാസികളായ സുരഭി ശ്രീനിവാസും ഭർത്താവ് ബോല വേദവ്യാസ് ഷേണായിയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിലേക്ക് അവധിക്കാലം ആഘോഷിക്കാൻ എത്തിയത്. എന്നാൽ വസ്ത്രങ്ങൾ, മരുന്നുകൾ, ആൻഡമാനിലെ ബോട്ട് സവാരിക്കുള്ള ഫെറി ടിക്കറ്റുകൾ തുടങ്ങിയ അവശ്യ സാധനങ്ങൾ അടങ്ങിയ ഇവരുടെ പരിശോധിച്ച ലഗേജുകൾ പോർട്ട് ബ്ലെയറിൽ എത്തിയില്ല. ഉടൻ ഇൻഡിഗോയിൽ പരാതി നൽകുകയും സ്വത്ത് ക്രമക്കേട് റിപ്പോർട്ട് രജിസ്റ്റർ ചെയ്യുകയും ചെയ്ത ദമ്പതികൾക്ക് അവരുടെ ലഗേജുകൾ അടുത്ത ദിവസം എത്തിക്കുമെന്ന് എയർലൈനിന്റെ ഗ്രൗണ്ട് ക്രൂ ഉറപ്പ് നൽകി. എന്നാൽ, രണ്ട് ദിവസത്തിന് ശേഷമാണ് ബാഗുകൾ എത്തിയത്. അപ്പോഴേക്കും അവശ്യ സാധനങ്ങളെല്ലാം ഇവർക്ക് വേറെ വാങ്ങേണ്ടി വന്നിരുന്നു.
ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് തങ്ങളുടെ ലഗേജ് വിമാനത്തിൽ കയറ്റിയിട്ടില്ലെന്ന് ഇൻഡിഗോ പ്രതിനിധികൾക്ക് അറിയാമായിരുന്നിട്ടും ഈ വിവരം വെളിപ്പെടുത്താത്ത സാഹചര്യത്തിലാണ് ദമ്പതികൾ നവംബർ 18 ന് ഇൻഡിഗോ എയർലൈനിന്റെ ഓപ്പറേറ്റർമാരായ ഇന്റർ ഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന് വക്കീൽ നോട്ടീസ് നൽകിയത്.
തങ്ങളുടെ അവധിക്കാലം തടസപ്പെടുത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരുവരും ശാന്തിനഗറിലെ ബംഗളൂരു അർബൻ മൂന്നാം അഡീഷണൽ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ എയർലൈനിനെതിരെ പരാതി നൽകി. ഈ പരാതിയിലാണ് കോടതി നഷ്ടപരിഹാരം നൽകാന്‍ ഇൻഡിഗോയോട് ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.