കരാറിന് കൈക്കൂലി; ഗഡ്കരിക്ക് ആഡംബര ബസ്, ഇന്ത്യയിലെ അഴിമതിക്കഥകളുമായി സ്കാനിയ റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി അടുത്ത ബന്ധമുള്ള കമ്പനിയും സ്വീഡിഷ് ബസ് നിർമാതാക്കളായ സ്കാനിയയും തമ്മിലുള്ള ഇടപാട് വിവാദത്തിൽ. സ്വീഡിഷ് മാധ്യമമാണ് ഇടപാടിലെ അഴിമതിയെ കുറിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. സ്കാനിയ നടത്തിയ അഭ്യന്തര അന്വേഷണത്തിലാണ് ഗഡ്കരിയുമായുള്ള ഇടപാടിലെ വിവരങ്ങൾ ആദ്യമായി പുറത്ത് വന്നതെന്നും സ്വീഡിഷ് മാധ്യമം വ്യക്തമാക്കുന്നു.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ആഡംബര ബസ് സ്കാനിയ നൽകിയതും വിവാദമായിട്ടുണ്ട്. 2017 അവസാനമാണ് ആഡംബര ബസ് ഗഡ്കരിക്ക് നൽകിയ വിവരം സ്കാനിയ ഓഡിറ്റർമാർക്ക് ലഭിക്കുന്നത്. ഇതിന് പുറമേ ഇന്ത്യയിലെ കരാറുകൾ ലഭിക്കുന്നതിന് സ്കാനിയ വലിയ രീതിയിൽ കൈക്കൂലി നൽകിയെന്നും കമ്പനി കണ്ടെത്തി. സ്വിഡീഷ് ന്യൂസ് ചാനലായ എസ്.വി.ടിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
2016 അവസാനത്തോടെയാണ് ആഡംബര ബസ് ഗഡ്കരിക്ക് സ്കാനിയ കൈമാറിയത്. ഗഡ്കരിയുടെ മകളുടെ കല്യാണത്തിന് ഈ ബസ് ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ട്. സ്കാനിയയുടെ അഭ്യന്തര അന്വേഷണത്തിൽ ബസുകൾ വിൽക്കാനുള്ള കരാറുകൾ ലഭിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് വൻതോതിൽ കൈക്കൂലി നൽകിയെന്ന് വ്യക്തമായിട്ടുണ്ട്.
സ്കാനിയയുടെ ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. അതേസമയം, നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള തെളിവുകളുടെ അഭാവത്തിൽ സ്കാനിയക്കുള്ളിൽ ഇത് ഒതുങ്ങുമെന്നാണ് സൂചന. എന്നാൽ ആഡംബര ബസുമായി ഉയർന്ന ആരോപണങ്ങളെല്ലാം നിതിൻ ഗഡ്കരിയുടെ ഓഫീസ് നിഷേധിച്ചിട്ടുണ്ട്. ആഡംബര ബസ് വാങ്ങിയതിലോ വിൽപന നടത്തിയതിലോ ഗഡ്കരിക്കോ കുടുംബത്തിനോ ഒരു ബന്ധവുമില്ലെന്നാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.