ഐ.എ.എസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്‍റെ ആഡംബര കാർ കണ്ടുകെട്ടി പൊലീസ്
text_fieldsപൂണെ: മഹാരാഷ്ട്രയിലെ വിവാദ ഐ.എ.എസ് ട്രെയ്നിയുടെ ആഡംബര കാർ പൂണെ പൊലീസ് കണ്ടുകെട്ടി. 21 ട്രാഫിക് നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി 26,000 രൂപ പിഴ ചുമത്തിയതിന് ശേഷമാണ് ഇപ്പോൾ വാഹനം പിടിച്ചെടുത്ത്.
പുജ കാറിൽ നിയമവിരുദ്ധമായി ചുവന്ന ബീക്കൺ ലൈറ്റ് സ്ഥാപിക്കുകയും അനുമതിയില്ലാതെ അതിൽ 'മഹാരാഷ്ട്ര സർക്കാർ' എന്ന് എഴുതുകയും ചെയ്തിരുന്നു. വിവാദമായതോടെ പൂജയെ പരിശീലനം പൂർത്തിയാകുന്നതിന് മുമ്പ് പൂണെയിൽ നിന്ന് വാഷിം ജില്ലയിലേക്ക് മാറ്റി.
മഹാരാഷ്ട്ര കേഡറിലെ 2023ലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് പൂജ. സിവിൽ സർവീസ് ഉദ്യോഗസ്ഥയെന്ന നിലയിൽ അധികാരം ദുർവിനിയോഗം ചെയ്ത് പ്രത്യേക ഓഫിസും കാറും താമസിക്കാൻ വീടും പൂജ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം ഉയർന്നത്. പുണെയിൽ അസിസ്റ്റന്റ് കലക്ടർ ആയി ചേരുന്നതിന് തൊട്ടുമുമ്പായിരുന്നു പൂജ കലക്ടറേറ്റിലെ ജീവനക്കാരോട് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.
വിവാദത്തിനു പിന്നാലെ പൂജയുടെ രേഖകൾ പരിശോധിച്ചപ്പോൾ യു.പി.എസ്.സി സെലക്ഷൻ സമയത്ത് പ്രത്യേക ഇളവുകൾ ലഭിക്കാൻ ഹാജരാക്കിയത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റാണെന്നും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഒ.ബി.സി വിഭാഗത്തിലെ ക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കാൻ പിതാവിന്റെ വാർഷിക വരുമാനത്തിലും ക്രമക്കേട് നടത്തിയെന്നും സംശയിക്കുന്നുണ്ട്. അതേസമയം, പൂജയെ ന്യായീകരിച്ച് പിതാവും റിട്ട. സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ദിലീപ് ഖേദ്കർ രംഗത്തെത്തിയിരുന്നു. മകൾക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഒരു തെറ്റും ചെയ്യാതെയാണ് ക്രൂശിക്കുന്നതെന്നും ദിലീപ് ഖേദ്കർ പറഞ്ഞു.
2013 ഡിസംബറിൽ, സംസ്ഥാന സർക്കാർ പുറത്തിറക്കുകയും 2014-ൽ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം പുതുക്കുകയും ചെയ്ത പട്ടിക പ്രകാരം സംസ്ഥാന സർക്കാറിലെ സെക്രട്ടറി തലത്തിന് മുകളിലുള്ള ഉന്നത ഉദ്യോഗസ്ഥർ, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസിന് മുകളിലുള്ള ഉദ്യോഗസ്ഥർ, റീജിയണൽ കമീഷണർ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമേ ബീക്കൺ ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഉയർന്ന തലത്തിലുള്ള ജില്ലാ ഉദ്യോഗസ്ഥർക്കും ഉപയോഗിക്കാൻ അർഹതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.