യുവാവിനെ തല്ലിക്കൊന്ന കേസ്: 10 സംഘ് പരിവാറുകാർക്ക് ജീവപര്യന്തം
text_fieldsറാഞ്ചി: ഝാർഖണ്ഡിൽ മുസ്ലിം യുവാവിനെ തല്ലിക്കൊന്ന 10 സംഘ് പരിവാറുകാർക്ക് ഝാർഖണ്ഡ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ബൊക്കാറോയിലെ ചന്ദ്രപുരയിൽ ശംസുദ്ദീൻ അൻസാരിയെ തല്ലിക്കൊന്ന കേസിൽ പ്രതികളായവർക്ക് 14,000 രൂപ പിഴയും തേനുഘാട്ട് അഡീഷനൽ സെഷൻസ് ജഡ്ജി ഗുലാം ഹൈദർ വിധിച്ചു. ഝാർഖണ്ഡിൽ സംഘ്പരിവാർ പ്രവർത്തകർ തല്ലിക്കൊന്ന രണ്ടാമത്തെ കേസിലാണ് തേനുഘാട്ട് കോടതിയുടെ വിധി പ്രഖ്യാപനം.
ജിതേന്ദ്ര ഠാകുർ, രാജ്കുമാർ കൊയ്രി, ചുട്ടിയ കൊയ്രി, കിഷോർ ദസൗംഗി, സുരജ് വർണാവാൽ, ചന്ദൻ ദസൗംഗി, ജീതന രജക്, സാഗർ തുരി, മനോജ് തുരി, സോനു തുരി എന്നിവർക്കാണ് ശിക്ഷ. പിഴയിൽനിന്ന് 1.20 ലക്ഷം രൂപ കൊല്ലപ്പെട്ട ശംസുദ്ദീെൻറ കുടുംബത്തിന് നൽകണം. ഇതിൽ 60,000 രൂപ ഭാര്യക്കുള്ളതാണ്. ഇത് കൂടാതെ ക്രിമിനൽ നടപടിക്രമം 357 അനുസരിച്ചുള്ള നഷ്ടപരിഹാരത്തിന് നടപടി സ്വീകരിക്കാൻ ബൊക്കാറോ ജില്ലാ നിയമസഹായ അതോറിറ്റിക്ക് കോടതി നിർദേശം നൽകി.
2017 ഏപ്രിൽ നാലിന് ചന്ദ്രപുര പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാരോപിച്ച് ധൻബാദ് സ്വദേശിയായ ശംസുദ്ദീൻ അൻസാരിയെ പിടികൂടി തല്ലിക്കൊന്നത്. ഏപ്രിൽ മൂന്നിന് ബന്ധുവീട്ടിലേക്ക് വന്ന ശംസുദ്ദീനെ തട്ടിക്കൊണ്ടുപോയ പ്രതികൾ ഒരു വീട്ടിൽ പാർപ്പിച്ചുവെന്ന വിവരമറിഞ്ഞ് പിറ്റേന്ന് രാവിലെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ആക്രമികൾ അവരെ കല്ലെറിഞ്ഞ് തുരത്തുകയും പൊലീസ് വാഹനം മറിച്ചിടുകയും ചെയ്തു. തുടർന്ന് സായുധ പൊലീസുമായെത്തി ശംസുദ്ദീനെ മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ശംസുദ്ദീൻ മരണപ്പെടുകയായിരുന്നു. ബീഫിെൻറ പേരിലെന്നപേലെ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാരോപിച്ച് സംഘ് പരിവാർ പ്രവർത്തകർ നിരവധി മുസ്ലിം യുവാക്കളെ ഝാർഖണ്ഡിൽ തല്ലിക്കൊന്നിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ഝാർഖണ്ഡിൽ നടന്ന ഇത്തരം ആക്രമണങ്ങളിൽ ചുരുങ്ങിയത് ഏഴു പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.
പശുവിെൻറ പേരിൽ സംഘ് പരിവാർ രാജ്യത്ത് നടത്തിയ ആൾക്കൂട്ട കൊലപാതകങ്ങളിലെ ആദ്യ ശിക്ഷാവിധിയിൽ ബി.െജ.പി നേതാവ് നിത്യാനന്ദ മഹാതോ അടക്കമുള്ള 11 ബി.ജെ.പി, എ.ബി.വി.പി, ബജ്രംഗ്ദൾ പ്രവർത്തകർക്കും ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചതും ഝാർഖണ്ഡിലാണ്. ഒരു മാസത്തിന് ശേഷമാണ് തേനുഘാട്ട് കോടതിയുടെ ഇൗ വിധി. ശിക്ഷവിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.