പശുക്കൊല കേസ്: 11 സംഘ്പരിവാറുകാർക്ക് ജീവപര്യന്തം
text_fieldsരാംഗഢ് (ഝാർഖണ്ഡ്): ഗോമാംസം കൈവശംവെച്ചുഎന്നാരോപിച്ച് ഝാർഖണ്ഡിലെ രാംഗഢിൽ 45കാരനായ അലീമുദ്ദീനെ ബി.ജെ.പി, എ.ബി.വി.പി, ബജ്റംഗ്ദൾ പ്രവർത്തകർ തല്ലിക്കൊന്ന കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം. ബി.ജെ.പി നേതാവ് നിത്യാനന്ദ മഹാതോ അടക്കം 11 സംഘ്പരിവാർ പ്രവർത്തകർക്കാണ് രാംഗഢ് പ്രത്യേക അതിവേഗ കോടതി ജഡ്ജി ഒാം പ്രകാശ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. പശുവിെൻറ പേരിൽ രാജ്യത്തുണ്ടായ ആൾക്കൂട്ട കൊലപാതകങ്ങളുടെ ചരിത്രത്തിലാദ്യമായാണ് ഒരു കേസിൽ കോടതി പ്രതികൾക്ക് ശിക്ഷ വിധിക്കുന്നത്.
ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നരയോടെയാണ് തിങ്ങി നിറഞ്ഞ കോടതി മുറിയിൽ രാജ്യം ഉറ്റുനോക്കിയ ശിക്ഷ വിധിച്ചത്. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റവും ഗൂഢാലോചനക്കുറ്റവും തെളിയിക്കപ്പെട്ടതായി ജഡ്ജി ഒാം പ്രകാശ് വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി. പൗരെൻറ ജീവന് സംരക്ഷണം നൽകുന്നതിൽ ഝാർഖണ്ഡ് സർക്കാർ പരാജയപ്പെട്ടുവെന്ന് വിധിയിൽ വിമർശിച്ചു.
അലീമുദ്ദീെൻറ കൊലപാതകത്തിനുശേഷം കുടുംബത്തിെൻറ സാമ്പത്തികസ്ഥിതി വിലയിരുത്തി സാമ്പത്തിക നഷ്ടപരിഹാരത്തിനുള്ള മാർഗമാരായാൻ കോടതി രാംഗഢ് ജില്ലാ നിയമസേവന അതോറിറ്റിക്ക് നിർദേശം നൽകി. ജില്ല ജഡ്ജി അധ്യക്ഷനായ അതോറിറ്റി കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിെൻറ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
വിധിപ്രഖ്യാപനം കേൾക്കാൻ നൂറുകണക്കിന് സംഘ്പരിവാർ പ്രവർത്തകർ കോടതി വളപ്പിലെത്തിയിരുന്നു. സംഘർഷം ഒഴിവാക്കാൻ െപാലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങളുമൊരുക്കി. കൊല്ലപ്പെട്ട അലീമുദ്ദീെൻറ ഭാര്യ മറിയം ഖാതൂനും മക്കളും ശിക്ഷ വിധി കേൾക്കാൻ കോടതിയിലെത്തിയിരുന്നില്ല.
േപ്രാസിക്യൂഷൻ അഭിഭാഷകനുപുറമെ അലീമുദ്ദീെൻറ കുടുംബത്തിന് നിയമസഹായം നൽകിയ അഡ്വ. മുഹമ്മദ് ശദാബ് അൻസാരി, അഡ്വ. രാജു ഹെംബ്രാം, അഡ്വ. മുംതാസ് അൻസാരി എന്നിവരും കോടതിമുറിയിലുണ്ടായിരുന്നു. കോടതി വിധിയെ തുടർന്ന് മുഴുവൻ പ്രതികളെയും പൊലീസ് ബന്തവസ്സിൽ രാംഗഢ് ജയിലിലേക്ക് കൊണ്ടുപോയി. പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ചതിൽ സന്തുഷ്ടയാണെന്ന് അലീമുദ്ദീെൻറ ഭാര്യ മർയം ഖാതൂൻ ‘മാധ്യമ’ത്തോട് പറഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ബി.എം ത്രിപാഠി പറഞ്ഞു.
ഗോരക്ഷയുടെ പേരിൽ ഹിന്ദുത്വസംഘടനകൾ നടത്തുന്ന കൊലകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിപ്പറഞ്ഞതിന് തൊട്ടുപിറകെയാണ് രാംഗഢിൽ കഴിഞ്ഞ വർഷം ജൂൺ 29ന് അലീമുദ്ദീൻ അതിദാരുണമായി കൊല്ലപ്പെട്ടത്. അലീമുദ്ദീൻ സഞ്ചരിച്ചിരുന്ന വാഹനത്തിൽനിന്ന് ഗോമാംസം കിട്ടിയെന്നാരോപിച്ച് സംഘംചേർന്ന് ആക്രമിച്ച പ്രതികൾ അദ്ദേഹം സഞ്ചരിച്ചിരുന്ന മാരുതി വാൻ കത്തിക്കുകയും ചെയ്തു. ആക്രമണത്തിെൻറ വിഡിയോ സംഘ്പരിവാർ പ്രവർത്തകർ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.
സംഭവത്തിൽ വൻ പ്രതിഷേധമുയർന്നതിനെ തുടർന്ന് സംസ്ഥാന സർക്കാറിെൻറ അപേക്ഷ പരിഗണിച്ച് റാഞ്ചി ഹൈകോടതി പുറപ്പെടുവിച്ച വിജ്ഞാപനത്തിെൻറ അടിസ്ഥാനത്തിലാണ് തുടർച്ചയായ വിചാരണക്കായി ഒാം പ്രകാശ് ജഡ്ജിയായ കോടതിക്ക് പ്രത്യേക അതിവേഗ കോടതിയുടെ പദവി നൽകിയത്. സെപ്റ്റംബറിൽ തുടങ്ങിയ വിചാരണക്കൊടുവിൽ ഒമ്പതുമാസത്തിനകമാണ് കോടതി വിധി പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.