ജനസംഖ്യ സെൻസസിനൊപ്പം ജാതി സെൻസസും വേണം -സ്റ്റാലിൻ
text_fieldsചെന്നൈ: അർഹരായവർക്ക് ആനുപാതിക സംവരണം ഉറപ്പാക്കാൻ, ജനസംഖ്യ സെൻസസിനൊപ്പം ജാതി സെൻസസും നടത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മുൻ പ്രധാനമന്ത്രി വി.പി. സിങ്ങിന്റെ 15ാം ചരമവാർഷികദിനത്തിൽ ചെന്നൈ പ്രസിഡൻസി കോളജ് വളപ്പിൽ സ്ഥാപിച്ച അദ്ദേഹത്തിന്റെ പ്രതിമ സമാജ്വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവിനൊപ്പം അനാച്ഛാദനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ഒ.ബി.സി, എസ്.സി/എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ദേശീയതലത്തിൽ സംവരണ നയം കൃത്യമായി നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ എം.പിമാരുടെ കമ്മിറ്റിക്കും രൂപം നൽകണം.
സാമൂഹികനീതിയുടെ സംരക്ഷകനായ വി.പി. സിങ്ങിനെ ആദരിക്കേണ്ടത് ഡി.എം.കെയുടെ കടമയാണ്. ഉത്തർപ്രദേശ് സിങ്ങിന്റെ മാതൃരാജ്യമാണെങ്കിൽ തമിഴ്നാട് പിതൃരാജ്യമായിരുന്നുവെന്ന് വി.പി. സിങ്ങിന്റെ ഭാര്യ സീതാകുമാരി, മകൻ അജയ് സിങ് എന്നിവരെ സാക്ഷിനിർത്തി അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡൽ കമീഷൻ ശിപാർശ നടപ്പാക്കാൻ കാണിച്ച ആർജവത്തിന് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ച് ഞങ്ങൾ നന്ദി പ്രകടിപ്പിക്കുന്നു -സ്റ്റാലിൻ പറഞ്ഞു. വി.പി. സിങ്ങിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ഏപ്രിലിൽ തമിഴ്നാട് നിയമസഭയിൽ സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.