സി.ബി.െഎയിൽ കുരുങ്ങി പ്രധാനമന്ത്രി കാര്യാലയം
text_fieldsന്യൂഡൽഹി: സി.ബി.െഎയിലെ പാതിരാ അട്ടിമറിയുടെ ഭാഗമായി നാഗ്പൂരിലേക്ക് മാറ്റിയത് ചോദ്യം ചെയ്ത് ഡി.െഎ.ജി മനീഷ്കുമാർ സിൻഹ സുപ്രീംകോടതിയിൽ നൽകിയ ഹരജിയിലെ വെളിപ്പെടുത്തൽ മോദി സർക്കാറിനെ സാരമായി ഉലച്ചു. പ്രധാനമന്ത്രി കാര്യാലയത്തെ ചൂഴ്ന്നാണ് ആരോപണങ്ങൾ.
കള്ളപ്പണ കേസുമായി ബന്ധപ്പെട്ട അന്വേഷണം ഒതുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും കൽക്കരി-ഖനി മന്ത്രിയുമായ ഹരിഭായ് ചൗധരി കോടികൾ കോഴ വാങ്ങി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ അവിഹിതമായി ഇടപെട്ടു എന്നിവയാണ് അന്വേഷണ ഉദ്യോഗസ്ഥനായ മനീഷ്കുമാർ സുപ്രീംകോടതിയിൽ ഉന്നയിച്ച ഹരജിയിലെ പ്രധാന ആരോപണങ്ങൾ.
കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ പട നയിച്ച് അധികാരം പിടിച്ചവർ, ഇവ രണ്ടിെൻറയും മായിക വലയത്തിലാണെന്ന പ്രതിച്ഛായ കൂടുതൽ തെളിഞ്ഞിരിക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.െഎയെ തരംപോലെ ദുരുപയോഗിച്ചതിെൻറ പുതിയ ചിത്രം അന്വേഷണ ഉദ്യോഗസ്ഥൻതന്നെയാണ് വെളിപ്പെടുത്തുന്നത്. നരേന്ദ്ര മോദിയുടെ വിശ്വസ്തനായ മന്ത്രി ഹരിഭായ് ചൗധരി ഗുജറാത്തിൽ വജ്രവ്യാപാരികളുടെ കണ്ണിയാണ്. പൊതുമേഖലാ ബാങ്കുകളിൽ കോടികളുടെ വായ്പാ തട്ടിപ്പു നടത്തി മുങ്ങിയ വജ്ര രാജാവ് നീരവ് മോദിയുമായും പുതിയ വെളിപ്പെടുത്തൽ ബന്ധപ്പെട്ടു കിടക്കുന്നു. നീരവ് മോദിക്കും മറ്റുമെതിരായ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻകൂടിയാണ് മനീഷ്കുമാർ.
മോദി പ്രധാനമന്ത്രിയായശേഷം സി.ബി.െഎയുടെ നിയന്ത്രണം മോദിവിശ്വസ്തരായ ഗുജറാത്ത് കേഡർ െഎ.പി.എസുകാരുടെ നിയന്ത്രണത്തിലാണ്. സി.ബി.െഎയുടെ വല മുറിച്ചാണ് നീരവ് മോദിക്കു പുറമെ മദ്യരാജാവ് വിജയ് മല്യ, വ്യവസായി മെഹുൽ ചോക്സി, െഎ.പി.എൽ തട്ടിപ്പു വീരൻ ലളിത് മോദി തുടങ്ങിയവർ രാജ്യത്തുനിന്ന് കടന്നത്.
ഗുജറാത്ത് കേഡർ പൊലീസ് ഒാഫിസർമാരിൽ ഏഴു പേരെയാണ് നാലു വർഷത്തിനിടയിൽ നരേന്ദ്ര മോദി സി.ബി.െഎയിൽ കുടിയിരുത്തിയത്. ഗുജറാത്ത് കലാപം അന്വേഷിച്ച് മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ വൈ.സി മോദി അഡീഷനൽ ഡയറക്ടറായി ആദ്യമെത്തി. ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസന്വേഷണത്തിന് നേതൃത്വം നൽകിയ എ.കെ. ശർമ ജോയൻറ് ഡയറക്ടറായി.
മൂന്നു കോടി കോഴ വാങ്ങിയെന്നതിന് സി.ബി.െഎ ഡയറക്ടർ അലോക് വർമയുടെ നിർദേശ പ്രകാരം അറസ്റ്റു ചെയ്യപ്പെടേണ്ടിയിരുന്ന സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന അതിനുശേഷമാണ് സി.ബി.െഎയിൽ എത്തിയത്. അസ്താനയെ രക്ഷിക്കാനാണ് പാതിരാ അട്ടിമറി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിെൻറ കാർമികത്വത്തിൽ നടന്നതെന്നാണ് പുറത്തു വന്ന വിവരം.
ഹരിഭായ് ചൗധരിക്കും അജിത് ഡോവലിനും പുറമെ, കാബിനറ്റ് സെക്രട്ടറി പി.കെ. സിൻഹ, കേന്ദ്ര വിജിലൻസ് കമീഷണർ കെ.വി. ചൗധരി, നിയമമന്ത്രാലയ സെക്രട്ടറി സുരേഷ് ചന്ദ്ര, ‘റോ’ സ്പെഷൽ സെക്രട്ടറി സാമന്ത് ഗോയൽ, റോ മുൻ ജോയൻറ് സെക്രട്ടറി ദിനേശ്വർ പ്രസാദ് എന്നിവർക്കെതിരെയും മനീഷ്കുമാർ ഹരജിയിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഹരജി സുപ്രീംകോടതി പരിഗണിക്കുേമ്പാൾ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാകാനും സാധ്യതയേറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.