Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫാദർ സ്റ്റാൻ...

ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം ഭരണകൂടം നടത്തിയ കൊലപാതകമാണെന്ന്​ എം.എ ബേബിയും എ.കെ ആന്‍റണിയും

text_fields
bookmark_border
ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം ഭരണകൂടം നടത്തിയ കൊലപാതകമാണെന്ന്​ എം.എ ബേബിയും എ.കെ ആന്‍റണിയും
cancel

തടവിലിരിക്കെ മരിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയെ ഭരണകൂടം കൊലപ്പെടുത്തുകയായിരുന്നെന്ന പ്രതികരണവുമായി സി.പി.എം നേതാവ്​ എം.എ ബേബിയും കോൺഗ്രസ്​ നേതാവ്​ എ.കെ. ആന്‍റണിയും. സ്റ്റാൻ സ്വാമിയുടെ മരണം കൊലപാതകത്തിന്​ തുല്യമാണെന്നാണ്​ എ.കെ ആന്‍റണി പ്രതികരിച്ചത്​. ഫാ. സ്റ്റാൻ സ്വാമിയുടെ മരണം നമ്മുടെ ഭരണകൂടം നടത്തിയ കരുണയില്ലാത്ത കൊലപാതകമാണെന്നാണ്​ എം.എ ബേബി ഫേസ്​ബുക്കിൽ കുറിച്ചത്​.

നരേന്ദ്ര മോദി സർക്കാരിനല്ലാതെ ഈ ഭൂമിയിൽ ആർക്കാണ് ഇത്തരം ഒരു വൃദ്ധസന്യാസിയെ തടവിലിട്ട് കൊല്ലാനാവുകയെന്ന്​ എം.എ ബേബി ഫേസ്​ബുക്ക്​ കുറിപ്പിൽ ചോദ്യമുന്നയിച്ചു. ഫാദർ സ്റ്റാൻ സ്വാമിയുടെ കടുത്ത രോഗാവസ്ഥയെക്കുറിച്ച് ഈ സർക്കാരിന് അറിയാഞ്ഞിട്ടല്ല, അദ്ദേഹം മരിച്ചു പോകുമെന്ന് ആരും പറയാഞ്ഞിട്ടല്ല, ചാവട്ടെ എന്ന് പുച്ഛത്തോടെ തീരുമാനിച്ചതുകൊണ്ടാണ് ജാമ്യം കിട്ടാത്ത വിധം എൺപത്തിനാലു വയസ്സുകാരനായ ഈ ഈശോസഭ പുരോഹിതനെ യു.എ.പി.എ ചുമത്തി തടവിലിട്ടതെന്നും ബേബി കുറിച്ചു.

തീവ്രവാദി എന്ന് ആരോപിച്ച് ജയിലിൽ ഇട്ടിരിക്കുന്ന മിക്ക ആദിവാസികളും അത്തരം പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്തവരാണെന്നു സ്ഥാപിക്കുന്ന ഒരു പഠന റിപ്പോർട്ട് സ്റ്റാൻ സ്വാമി പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപ്പോർട്ടിൽ പറയുന്ന അയ്യായിരത്തോളം ഗോത്രസമുദായാംഗങ്ങൾക്കായി നിയമസഹായം എത്തിക്കാനുള്ള ശ്രമവും നടത്തി. ഇതാണ് ഖനി ഉടമകളുടെ താല്പര്യത്തിനായി നില്ക്കുന്ന സർക്കാരിന് സ്വാമി കണ്ണിലെ കരടായിത്തീരാൻ കാരണം. ഗോത്രജനതയെക്കുറിച്ചു പഠനം നടത്തുകയോ അവർക്ക് ഭരണഘടന ഉറപ്പു നല്കുന്ന നിയമസഹായം എത്തിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നതു തീവ്രവാദം ആണെന്നാണ് ഇന്നത്തെ ഇന്ത്യയിലെ സർക്കാർ കരുതുന്നതെന്നും ബേബി എഴുതി.

മഹാരാഷ്ട്രയിലെ ഭീമ-കൊറഗാവ് സംഭവവുമായി ബന്ധപ്പെടുത്തിയാണ് സ്റ്റാൻ സ്വ​ാമിയെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തത്. റാഞ്ചിയിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തിന് ഭീമ കൊറഗാവുമായി ഒരു ബന്ധവുമില്ല എന്നും ആ സ്ഥലത്തു പോയിട്ടുപോലും ഇല്ല എന്നും അദ്ദേഹം ആവർത്തിച്ചു പറഞ്ഞതുമാണ്. പക്ഷേ, എന്നിട്ടും കോവിഡ് കാലത്ത് ഈ വന്ദ്യ വയോധികനായ പുരോഹിതനെ അറസ്റ്റ് ചെയ്തു ബോംബെയ്ക്കു കൊണ്ടു പോകുകയായിരുന്നു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ അടക്കമുള്ളവരുടെ എതിർപ്പിനെ വകവയ്ക്കാതെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഈ പുരോഹിതനെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിൽ ബി.ജെ.പി സർക്കാർ മാറി പുതിയ സർക്കാർ വന്നപ്പോൾ ഇവർക്ക് ജാമ്യം കിട്ടുന്നില്ല എന്ന് ഉറപ്പു വരുത്താൻ കേസ് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു​വെന്നും ബേബി പറഞ്ഞു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് ബന്ധം തുടങ്ങിയവ ആരോപിച്ച് ജാമ്യമില്ലാതെ തടവിൽ വച്ചു പീഢിപ്പിക്കപ്പെടുന്ന ആക്ടിവിസ്റ്റുകൾക്ക് ജാമ്യം നല്കാൻ സർക്കാർ ഇനിയെങ്കിലും തയ്യാറാവണം. പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ് തെൽതുംഡെയെപ്പോലെ എത്ര പ്രമുഖ വ്യക്തിത്ത്വങ്ങളാണ് , ഭരണഘടനാമൂല്യങ്ങളോട് പ്രതിബദ്ധതയുണ്ട് എന്ന ഓരേയൊരു 'കുറ്റ'ത്തിന്‍റെ പേരിൽ ജാമ്യമില്ലാത്ത വകുപ്പുകളിൽ കുടുങ്ങി കാരാഗൃഹങ്ങളിൽ നരകയാതന അനുഭവിക്കുന്നത്. ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഈഭീകരാവസ്ഥ സൃഷ്ടിച്ചത് എങ്കിൽ പ്രധാനമന്ത്രി മോഡി അപ്രഖ്യാപിത അടിയന്തിരാവസ്ഥക്കുകീഴിലാണ് കൂടുതൽ ഭീകരമായ അടിച്ചമർത്തലും മനുഷ്യാവകാശ ധ്വംസനവും വ്യാപകമാക്കുന്നത്. തടവറയ്ക്കുള്ളിൽ നരകിക്കുന്ന ഈ പൊതുപ്രവർത്തകരുടെ മോചനത്തിനായി ഒരു പൗരാവകാശ പ്രസ്ഥാനം ഇന്ത്യയാകെ ഉയർന്നു വരേണ്ടത് അടിയന്തിരാവശ്യമാണെന്നും ബേബി ചൂണ്ടികാട്ടി.

ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ ആദിവാസികളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ കത്തോലിക്കാ പുരോഹിതൻ സ്റ്റാൻ സ്വാമി ബോബെയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിൽ തടവിലിരിക്കെ തിങ്കളാഴ്ചയാണ്​ അന്തരിച്ചത്. അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കവെ, അഭിഭാഷകനാണ് അദ്ദേഹം അന്തരിച്ച വിവരം കോടതിയിൽ അറിയിച്ചത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stan SwamyFather Stan Swami
News Summary - MA Baby and AK Antony said that the death of Father Stan Swamy was a murder committed by the government
Next Story