'കേസില്ല, വാദമില്ല, വക്കീൽ ഇല്ല, കോടതി ഇല്ല'; യു.പിയിൽ ജനാധിപത്യത്തെ ബുൾഡോസർ ചെയ്യുകയാണെന്ന് എം.എ. ബേബി
text_fieldsയു.പിയിൽ പ്രവാചക നിന്ദയിൽ പ്രതിഷേധിച്ചവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത നടപടിക്കെതിരെ ജനാധിപത്യ വാദികളെല്ലാം ശബ്ദമുയർത്തണമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. സാമൂഹ്യവിരുദ്ധരുടേത് എന്നാരോപിച്ച് വീടുകൾ ബുൾഡോസർ ഇറക്കി ഇടിച്ചു നിരത്തുകയാണ് യു.പി പൊലീസ്. മുഹമ്മദ് നബിയെ നിന്ദിക്കുന്ന പ്രസ്താവനയുടെ പേരിലുണ്ടായ പ്രശ്നങ്ങളെ വർഗീയ സംഘർഷത്തിൽ എത്തിക്കാനും അതുവഴി നേട്ടമുണ്ടാക്കാനുമാണ് ആർ.എസ്.എസും അതിന്റെ സംഘടനകളും ശ്രമിക്കുന്നത് -എം.എ. ബേബി ഫേസ്ബുക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
എം.എ. ബേബിയുടെ ഫേസ്ബുക് കുറിപ്പ് വായിക്കാം...
ഉത്തർപ്രദേശിലെ സഹാറൻപുറിൽ 'സാമൂഹ്യവിരുദ്ധരുടെ' എന്ന് ആരോപിച്ച് വീടുകൾ ബുൾഡോസർ ഇറക്കി ഇടിച്ചു നിരത്തുകയാണ് യു.പി പൊലീസ്. കേസില്ല, വാദമില്ല, വക്കീൽ ഇല്ല, കോടതി ഇല്ല! കുറ്റവാളി എന്ന് സർക്കാർ ഉദ്യോഗസ്ഥർ തീരുമാനിക്കുന്നു, പൊലീസ് വീട് ഇടിച്ചു നിരത്തിക്കൊണ്ട് ഉടനടി ശിക്ഷ നടപ്പാക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയിൽ പ്രതിഷേധിക്കുന്നതിന് നേതൃത്വം കൊടുത്തവരുടെ വീടുകളാണ് ഇടിച്ചു നിരത്തുന്നത്. കാൺപൂരിലും ഒരു വീട് ബുൾഡോസർ പ്രയോഗത്തിനിരയായി.
റാഞ്ചിയിൽ പ്രതിഷേധത്തിനുനേരെ നടന്ന വെടിവെപ്പിൽ രണ്ടു പേർ മരിച്ചു. പശ്ചിമ ബംഗാളിലെ ഹൗറയിലും തെലങ്കാനയിലെ ഹൈദരാബാദിലും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
മുഹമ്മദ് നബിയെ നിന്ദിക്കുന്ന പ്രസ്താവനയുടെ പേരിലുണ്ടായ പ്രശ്നങ്ങളെ വലിയ വർഗീയ സംഘർഷത്തിൽ എത്തിക്കാനും അതുവഴി സമൂഹത്തിൽ വർഗീയ വിഭജനം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുമാണ് ആർ.എസ്.എസും അതിന്റെ സംഘടനകളും ശ്രമിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യ വാദികളെല്ലാം ഈ കുത്സിത നീക്കത്തിനെതിരെ ഒരുമിച്ചു നിന്നില്ലായെങ്കിൽ രാജ്യം നീങ്ങുന്നത് വലിയ അപകടത്തിലേക്കാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.