നാവുകൊണ്ട് ശുചിമുറി തുടപ്പിച്ചു, അടിച്ചു പല്ലുകൊഴിച്ചു; ബി.ജെ.പി വനിതാ നേതാവിന്റേത് ക്രൂരപീഡനം
text_fieldsറാഞ്ചി: ഝാര്‍ഖണ്ഡിലെ ബി.ജെ.പി വനിതാ നേതാവില്‍നിന്ന് വീട്ടുജോലിക്കാരിക്ക് നേരിടേണ്ടിവന്നത് ക്രൂരപീഡനം. പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദിച്ചും ബി.ജെ.പി നേതാവ് സീമ പാത്ര നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വീട്ടുജോലിക്കാരിയായ സുനിതയുടെ മൊഴി. സീമയുടെ മകന്‍ കാരണമാണ് താനിപ്പോള്‍ ജീവിച്ചിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.
നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. തറയിലെ മൂത്രം നാവുകൊണ്ട് തുടപ്പിച്ചു. ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ച് പല്ല് കൊഴിച്ചതായും ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായും യുവതി ആരോപിക്കുന്നു. ക്രൂരമര്‍ദനത്തെ തുടര്‍ന്ന് തന്റെ ഒട്ടേറെ പല്ലുകള്‍ നഷ്ടമായിട്ടുണ്ടെന്നും തൊണ്ടയിലെ പരിക്ക് കാരണം സംസാരിക്കുന്നതുപോലും വ്യക്തമാകുന്നില്ലെന്നും അവർ പറയുന്നു.
29-കാരിയായ സുനിത പത്തുവര്‍ഷമായി സീമയുടെ വീട്ടിലെ ജോലിക്കാരിയാണ്. എന്നാല്‍ തടവില്‍ പാര്‍പ്പിച്ച് സീമ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ഇവരുടെ പരാതി. ജോലിയില്‍ വീഴ്ചവരുത്തിയെന്നാരോപിച്ചായിരുന്നു ഉപദ്രവം. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും നല്‍കാതെ പട്ടിണിക്കിട്ടതായും ആരോപണമുണ്ട്.
താൻ നേരിട്ട ക്രൂരതകളെക്കുറിച്ച് സുനിത പറയുന്നതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് സംഭവം ചർച്ചയായത്. തന്നെ എട്ട് വർഷമായി പീഡിപ്പിച്ചുവെന്നും ചൂടുള്ള വസ്തുക്കളുപയോഗിച്ച് ശരീരത്തിൽ പൊള്ളലേൽപ്പിച്ചുവെന്നും സുനിത ആരോപിച്ചു. സുനിതയുടെ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തി. 'ബേഠി ബച്ചാവോ, ബേഠി പഠാവോ' ക്യംപെയിന്റെ സംസ്ഥാന കൺവീനർ കൂടിയായ സീമയ്ക്കെതിരെ റാഞ്ചിയിലെ അർഗോഡ പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
സീമയെ കുടുക്കിയത് മകൻ
വീട്ടുജോലിക്കാരി സുനിതയെ തന്റെ മാതാവ് നാലു വർഷമായി ക്രൂരമായി ദ്രോഹിക്കുകയാണെന്നും അവരെ രക്ഷപ്പെടുത്താൻ എന്തെങ്കിലും ചെയ്യണമെന്നും ആവശ്യപ്പെട്ട് സീമ പത്രയുടെ മകൻ ആയുഷ്മാൻ അദ്ദേഹത്തിന്റെ സുഹൃത്തായ സർക്കാർ ഉദ്യോഗസ്ഥൻ വിവേക് ആനന്ദ് ബസ്കിക്ക് വിഡിയോ അയച്ചു കൊടുത്തതാണ് സംഭവത്തിൽ വഴിത്തിരിവായത്. വിവേക് ആനന്ദ് പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് സുനിതയെ സീമയുടെ വീട്ടിൽ നിന്ന് രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മകൻ വീട്ടുജോലിക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് മനസിലാക്കിയ സീമ പാത്ര അദ്ദേഹത്തെ റാഞ്ചി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സൈക്യാട്രി ആന്റ് അലൈഡ് സയൻസസിൽ നിർബന്ധപൂർവം അഡ്മിറ്റാക്കിയിരിക്കുകയാണ്. അവന് സുഖമില്ലെന്നും താൻ നിരപരാധിയാണെന്നും സീമ പറയുന്നു. സുനിതയെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പൊലീസ് അഡ്മിറ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.