ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള മഅ്ദനിയുടെ ഹരജി ഇന്ന് സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. നേരത്തെ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് കോടതിയെ മഅദ്‌നി അറിയിച്ചിട്ടുണ്ട്. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങുകയായിരുന്നു. ക്രിയാറ്റിൻ വർധിച്ചു നിൽക്കുന്നതിനാൽ വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള ചികിത്സ വേണ്ടിവരും. ഇത്രയും രോഗബാധിതനായ ഒരാൾക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏർപ്പെടുത്തരുതെന്ന് കോടതിയോട് ആവശ്യപ്പെടും.
മഅ്ദനിക്ക് നാട്ടിലേക്ക് മടങ്ങാൻ കോടതി നൽകിയ അനുമതി നടപ്പാക്കാതെയിരിക്കാൻ വിചിത്രമായ നടപടികളാണ് കർണാടക സർക്കാർ സ്വീകരിച്ചതെന്ന് നേരത്തെ കപിൽ സിബൽ സുപ്രീംകോടതിയിൽ ബോധിപ്പിച്ചിരുന്നു. മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ല. സുരക്ഷ ചെലവിനായി കർണാടക സർക്കാർ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നു. ഇത് താങ്ങാൻ കഴിയാത്തതിനാൽ കഴിഞ്ഞ 26നാണ് കേരളത്തിലേക്ക് പോയത്. ഈ ദിവസങ്ങൾ ആശുപത്രിയിൽ കഴിയേണ്ടി വന്നു. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ആശുപത്രിയിൽനിന്ന് നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങുകയായിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
നിലവിൽ മഅ്ദനിക്ക് ബംഗളൂരുവിൽ മാത്രമാണ് താമസിക്കാൻ അനുമതിയുള്ളത്. ഇതുമാറ്റി നാട്ടിലേക്ക് പോകാനുള്ള അനുമതിക്കാണ് സുപ്രീംകോടതിയിൽ നേരത്തെ ഹരജി സമർപ്പിച്ചിരുന്നത്. പിതാവിനെ സന്ദർശിക്കാൻ കോടതിയിൽനിന്ന് പ്രത്യേക അനുമതി വാങ്ങി കേരളത്തിലെത്തിയ മഅ്ദനി പിതാവിനെ കാണാനാവാതെയാണ് മടങ്ങിയത്. ജൂൺ 26ന് കൊച്ചിയിലെത്തിയ മഅ്ദനിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മോശം ആരോഗ്യസ്ഥിതി കാരണം അൻവാർശേരിയിലേക്ക് പോകാനായില്ല. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്ദേഹത്തെ കൊച്ചിയിലേക്കും എത്തിക്കാനായില്ല. തുടർന്ന് ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.