ജെ.ഡി-എസ് നേതാവ് മധു ബംഗാരപ്പ കോൺഗ്രസിൽ
text_fieldsബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകനും ജെ.ഡി^എസ് നേതാവും മുൻ എം.എൽ.എയുമായ മധു ബംഗാരപ്പ കോൺഗ്രസിൽ േചർന്നു. വെള്ളിയാഴ്ച രാവിലെ ഹുബ്ബള്ളി ഗോകുൽ ഗാർഡനിൽ നടന്ന പൊതുയോഗത്തിൽ കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ തുടങ്ങിയവർ പാർട്ടി പതാക മധു ബംഗാരപ്പക്ക് കൈമാറി.
ഇക്കഴിഞ്ഞ മാർച്ചിൽതന്നെ ജെ.ഡി-എസ് വിട്ട് േകാൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നെങ്കിലും പാർട്ടിയിൽ വെള്ളിയാഴ്ചയാണ് ഒൗദ്യോഗികമായി ചേർന്നത്. മധു ബംഗാരപ്പയെ കർണാടക േകാൺഗ്രസിന് ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് യോഗത്തിനുശേഷം രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു.പുതിയ തുടക്കമാണിതെങ്കിലും പഴയ പാരമ്പര്യം തുടരുകയാണ്. കോൺഗ്രസിെൻറ മുതിർന്ന നേതാവ് പരേതനായ എസ്. ബംഗാരപ്പയിൽനിന്ന് യുവത്വവും പ്രസരിപ്പുമുള്ള മധു ബംഗാരപ്പയിലേക്ക് എന്നും സുർജേവാല ട്വീറ്റ് ചെയ്തു.
രാഷ്ട്രീയഗുരുവായ എസ്. ബംഗാരപ്പയുടെ മകൻ മധു ബംഗാരപ്പയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി അദ്ദേഹം പ്രവർത്തിക്കുമെന്ന് വിശ്വാസമുണ്ടെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. ഹുബ്ബള്ളിയിലെ ജെ.ഡി-എസ് നേതാക്കളായ കിരൺ ഹിരെമത്ത്, ബസവരാജ് മായകർ തുടങ്ങിയവരും കോൺഗ്രസിൽ ചേർന്നു. എ.ഐ.സി.സി നിരീക്ഷകൻ ഡി.കെ. ഗോപാലകൃഷ്ണൻ, എച്ച്.കെ. പാട്ടീൽ, ഈശ്വർ ഖൺഡ്രെ, സലിം അഹമ്മദ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ സൊറാബയിൽത്തന്നെ സഹോദരന് എതിരാളിയായി വിധിതേടുന്നതിനാണ് മധു ബംഗാരപ്പ ലക്ഷ്യമിടുന്നത്.
മൂത്ത സഹോദരനും ബി.ജെ.പി നേതാവുമായ കുമാർ ബംഗാരപ്പയാണ് നിലവിൽ സൊറാബയിൽനിന്നുള്ള എം.എൽ.എ. നടനും സിനിമാനിർമാതാവുമായ മധു ബംഗാരപ്പ ജെ.ഡി-എസ് യൂത്ത് വിങ് സംസ്ഥാന അധ്യക്ഷനായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി മധു ബംഗാരപ്പ ജെ.ഡി-എസ് വിട്ട് കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ആദ്യം ബി.ജെ.പിയിലായിരുന്ന മധു ബംഗാരപ്പ സമാജ് വാദി പാർട്ടിയിൽനിന്നാണ് ജെ.ഡി-എസിലെത്തുന്നത്. സഹോദരൻ കുമാർ ബംഗാരപ്പ കോൺഗ്രസ് വിട്ട് 2017ലാണ് ബി.ജെ.പിയിലെത്തുന്നത്. സഹോദരന്മാർ തമ്മിൽ 2018ലെ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയപ്പോൾ കുമാറിനായിരുന്നു ജയം. 2018ൽ ശിവമൊഗ്ഗ ലോക്സഭ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മധു ബംഗാരപ്പ, ബി.ജെ.പിയുടെ ബി.വൈ. രാഘവേന്ദ്രേയാട് അരലക്ഷം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.