മദ്വി ഹിദ്മ: കണ്ണിൽ ചോരയില്ലാത്ത മാവോയിസ്റ്റ്; സുരക്ഷ ഏജൻസികളുടെ നോട്ടപ്പുള്ളി
text_fieldsറായ്പുർ: ശനിയാഴ്ച ബസ്തർ മേഖലയിൽ സുരക്ഷ സേനക്കുനേരെയുണ്ടായ നക്സൽ ആക്രമണത്തിന് ശേഷം രാജ്യമാകെ ചർച്ചചെയ്യുന്ന പേരാണ് മദ്വി ഹിദ്മ. ഹിദ്മയെ വലയിലാക്കുകയായിരുന്നു ശനിയാഴ്ച സേനയുടെ ലക്ഷ്യം. എന്നാൽ, അവർ ചെന്നുപതിച്ചത് വൻ കെണിയിലായിപ്പോയി. സി.പി.ഐ (മാവോയിസ്റ്റ്)യുടെ ബസ്തർ മേഖല മുഖമായ ഇയാൾ ഏതാനും വർഷങ്ങളായി സുരക്ഷ ഏജൻസികളുടെ നോട്ടപ്പുള്ളിയാണ്.
ആന്ധ്ര പ്രദേശ്, ഒഡിഷ, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദണ്ഡകാരണ്യ മേഖലയിലെ ഏറ്റവും ശക്തമായ മാവോയിസ്റ്റ് സംഘമായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പി.എൽ.ജി.എ)യുടെ ബറ്റാലിയൻ വണ്ണിെൻറ മേധാവിയാണ് ഹിദ്മ. ഛത്തിസ്ഗഢിലെ ബസ്തർ മേഖലയിലും ഇവർ സജീവമാണ്. ബസ്തറിൽ മാവോയിസ്റ്റ് സായുധ സംഘങ്ങളുടെ സാന്നിധ്യം കുറഞ്ഞുവരുകയാണെന്ന അനുമാനം തകർക്കും വിധമാണ് ഹിദ്മയുടെ ആസൂത്രണത്തിലുണ്ടായ ആക്രമണം. ഒരു ദശകത്തിലേറെയായി ഛത്തിസ്ഗഢിൽ സുരക്ഷ സേനക്കുനേരെ നടന്ന വിവിധ ആക്രമണങ്ങളിൽ ഹിദ്മക്ക് പങ്കുണ്ട്. ചത്തീസ്ഗഢിലെ സുക്മയിലുള്ള പുർവതി ഗ്രാമത്തിലാണ് ജനനം. ഇയാൾക്ക് ഇപ്പോൾ 45 വയസ്സുണ്ടെന്നാണ് കരുതുന്നത്. ഹിദ്മയുടേത് എന്ന് കരുതുന്ന ചില പഴയ ഫോട്ടോകൾ മാത്രമാണ് സുരക്ഷ സേനയുടെ പക്കലുള്ളത്. 90കളിൽ സാധാരണ പ്രവർത്തകനായാണ് നക്സലുകൾക്കൊപ്പം ചേരുന്നത്. 2010ൽ 76 സുരക്ഷസേനാംഗങ്ങളുടെ ജീവനെടുത്ത ഛത്തിസ്ഗഢിലെ ടഡ്മെട്ല ആക്രമണത്തോടെയാണ് ഇയാളുടെമേൽ ശ്രദ്ധ പതിയുന്നത്. അന്ന് മാവോയിസ്റ്റ് നേതാവ് പപ്പ റാവുവിനെ ആക്രമണത്തിന് സഹായിച്ചത് ഹിദ്മയാണ് എന്ന് വ്യക്തമായിരുന്നു. ഒളിയുദ്ധത്തിൽ മതിയായ പരിശീലനംനേടിയ ഇയാളുടെ പക്കൽ എപ്പോഴും എ.കെ-47 തോക്കുണ്ടാകും. സുരക്ഷ വലയത്തിലുള്ളവർക്കും ആധുനിക ആയുധങ്ങളുണ്ട്. നാലുതട്ടുകളിലായുള്ള സായുധ പ്രതിരോധ സംഘമാണ് ഹിദ്മക്ക് സുരക്ഷ ഒരുക്കുന്നത്. വനമേഖലയെക്കുറിച്ചുള്ള കൃത്യമായ അറിവ് ഇയാൾക്ക് സേനയുടെ കണ്ണുവെട്ടിക്കാൻ അനുഗ്രഹമാകുന്നു.
അനുയായികൾക്കിടയിൽ താരപരിവേഷമുള്ള ഹിദ്മയെ ഉൻമൂലനം ചെയ്യുക വഴി നക്സൽ മുന്നേറ്റത്തിന് തടയിടാം എന്നാണ് സുരക്ഷ ഏജൻസികൾ കണക്കുകൂട്ടുന്നത്. ഹിദ്മയുടെ തലക്ക് ഛത്തിസ്ഗഢ് സർക്കാർ 40 ലക്ഷം വിലയിട്ടിട്ടുണ്ട്. ഇയാളുടെ ഭാര്യ രാജെ സജീവ മാവോയിസ്റ്റ് പ്രവർത്തകയും നിരവധി ആക്രമണങ്ങളിൽ പങ്കാളിയുമാണ്.
കാണാതായ കമാൻഡോക്കായി വ്യാപക തിരച്ചിൽ
റായ്പുർ: മൂന്നുദിവസം മുമ്പ് ഛത്തിസ്ഗഢിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിനിടെ കാണാതായ 'കോബ്ര' കമാൻഡോയെ കണ്ടെത്താൻ പൊലീസ് സാധ്യമായ എല്ലാ മാർഗങ്ങളും തേടുന്നതായി അധികൃതർ. പൊലീസിന് വിവരം നൽകാനായി കൂടുതൽ പേരെ സജ്ജമാക്കിയിട്ടുണ്ട്. കോൺസ്റ്റബിൾ രാകേശ്വർസിങ് മൻഹാസിനെയാണ് കാണാതായത്. ഇയാൾ സി.ആർ.പി.എഫിെൻറ 210 ബറ്റാലിയൻ 'കോബ്ര' യൂനിറ്റ് അംഗമാണ്. കമാൻഡോ നക്സലുകളുടെ തടവിലാണെന്നത് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് പ്രസ്താവനയോ ചിത്രങ്ങളോ നക്സലുകൾ പുറത്തുവിട്ടിട്ടില്ല. എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് ഗ്രാമീണരോട് ആവശ്യപ്പെട്ടതായി ബസ്തർ മേഖല പൊലീസ് ഐ.ജി സുന്ദർരാജ് പറഞ്ഞു. അതിനിടെ, കമാൻഡോയെ തങ്ങൾ തടവിലാക്കിയിട്ടുണ്ടെന്ന് മാവോവാദികൾ അറിയിച്ചതായി സുക്മ കേന്ദ്രമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകൻ പറഞ്ഞു. ഇയാളെ ഉപദ്രവിക്കില്ലെന്ന് വ്യക്തമാക്കിയതായും അദ്ദേഹം അറിയിച്ചു. കമാൻഡോ നക്സലുകളുടെ പിടിയിലായതാവാൻ വലിയ സാധ്യതയുണ്ടെന്ന് ബസ്തറിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ, ഏറ്റുമുട്ടൽ നടന്ന സ്ഥലവും പരിസരവും അരിച്ചുപെറുക്കിയിട്ടും കമാൻഡോയെ കണ്ടെത്താനാകാത്തതാണ് ഈ സംശയം ബലപ്പെടാൻ കാരണം. ശനിയാഴ്ച നക്സലുകൾ സംയുക്ത സേനക്കുനേരെ നടത്തിയ ആക്രമണത്തിൽ 22 ഭടന്മാരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.