നാഗ്പൂർ കാറ്റേറ്റ ചിന്ദ്വാഡയിൽ ഹിന്ദുത്വം ചാലിച്ച ‘വികസന ഗാഥ’
text_fieldsനാഗ്പൂരിന്റെ കാറ്റേറ്റ് കിടക്കുന്ന മധ്യപ്രദേശ് മേഖലയാണ് ചിന്ദ്വാഡ. ആർ.എസ്.എസ് ആസ്ഥാനം നിലകൊള്ളുന്ന നാഗ്പുർ ആണ് ചിന്ദ്വാഡയോട് ഏറ്റവും അടുത്തുകിടക്കുന്ന വലിയ നഗരം. മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇറക്കിയ ‘കമൽനാഥിന്റെ വികസന ഗാഥ’ക്കുമുണ്ട് ഈ നാഗ്പുർ കാറ്റ്. വികസനത്തോടൊപ്പം ഹിന്ദുത്വം കൂടി സമാസമം ചാലിച്ച ചിന്ദ്വാഡ മോഡലാണ്, ഗുജറാത്തിനു പകരം മധ്യപ്രദേശിന്റെ വികസനത്തിന് മാതൃകയാക്കുകയെന്ന് കോൺഗ്രസ് പറയുന്നത്.
മധ്യപ്രദേശിൽ ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തെ നേരിടാൻ കഴിഞ്ഞ ഒരു ദശകമായി ഹിന്ദുത്വം തിരിച്ചു പയറ്റുന്ന കമൽനാഥ് അതിനുള്ള മാതൃക തീർത്തതും തന്റെ തട്ടകമായ ചിന്ദ്വാഡയിലാണ്. തന്റെ വസതിയുള്ള ചിന്ദ്വാഡയിലെ ശികാർപുരിൽ പണിത വലിയ ഹനുമാൻ ക്ഷേത്രത്തിന് പുറമെ സിമരിയായിൽ മറ്റൊരു ഹനുമാൻ ക്ഷേത്രം കൂടി പണിതതിന്റെ കഥ ‘കമൽനാഥിന്റെ വികസന ഗാഥ’ പറയുന്നുണ്ട്.
1980-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സിമരിയാ ഗ്രാമത്തിൽ താൻ വലിയൊരു വാഹനാപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് ഏതോ അദൃശ്യദേവിയുടെ കൃപാകടാക്ഷത്താലാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതിന് നന്ദിസൂചകമായി അവിടെ ഒരു വലിയ ക്ഷേത്രം പണിയണമെന്ന് അന്ന് അദ്ദേഹം നിശ്ചയിച്ചുവത്രേ. എന്നാൽ ഉചിതസമയവും ശുഭമുഹൂർത്തവും നോക്കി ഇതിന് ഭൂമിപൂജ നടത്തിയത് 32 വർഷം കഴിഞ്ഞ് 2012ൽ. 2015ൽ പ്രമുഖ സന്യാസിമാരെ കൊണ്ടുവന്ന് പ്രതിഷ്ഠാചടങ്ങ് നടത്തി ഹനുമാൻ മന്ദിർ കമൽനാഥ് സമർപ്പിച്ചു.
രാമക്ഷേത്രം കൊണ്ട് വോട്ടു പിടിക്കുന്ന ബി.ജെ.പിക്ക് മുന്നിൽ താൻ സഹായിക്കുകയും സമുദ്ധരിക്കുകയും ചെയ്ത ഒട്ടേറെ ക്ഷേത്രങ്ങളുടെ കഥകൂടി വിവരിച്ചാണ് കമൽനാഥ് വോട്ട് തേടുന്നത്. ബി.ജെ.പിക്കാരുടെ വോട്ടുകളും വന്നോട്ടെ എന്നു കരുതിയാവാം, മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിക്കൊപ്പമുള്ള തന്റെ ചിത്രവും കമൽനാഥ് ചേർത്തിട്ടുണ്ട്
കമൽനാഥിനെ ‘ചുനാവീ ഹിന്ദു’ എന്ന് വിളിച്ചാണ് ചിന്ദ്വാഡ മോഡൽ മൃദു ഹിന്ദുത്വത്തെ ബി.ജെ.പി ഇപ്പോൾ നേരിടുന്നത്. ബി.ജെ.പിക്ക് ലഭിക്കുന്ന പിന്തുണ കണ്ടാണ് കോൺഗ്രസ് ഹിന്ദു മന്ത്രമുച്ചരിക്കുന്നതെന്ന് ബി.ജെ.പി വക്താവ് ഹിതേശ് വാജ്പേയി കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.