ദേശീയ ശ്രദ്ധ ഗ്വാളിയോർ-ചമ്പൽ മേഖലയിലേക്ക്
text_fieldsചുരുങ്ങിയ കാലയളവു കൊണ്ട് മധ്യപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വിശ്വസ്തനായി മാറിയ കേന്ദ്ര വ്യേമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ രാഷ്ട്രീയഭാവി ഗ്വാളിയോർ- ചമ്പൽ മേഖലയിലെ 34 മണ്ഡലങ്ങൾ നിർണയിക്കും.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിൽ ദേശീയ ശ്രദ്ധ പതിഞ്ഞിരിക്കുന്നത് ഈ മണ്ഡലങ്ങളിലാണ്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലേറിയാൽ മുഖ്യമന്ത്രിയാകുമെന്ന് കരുതിയ ജ്യോതിരാദിത്യ സിന്ധ്യ പദവി കിട്ടാതെ വന്നപ്പോൾ സംസ്ഥാന സർക്കാറിനെ വീഴ്ത്തി കൂട്ടാളികൾക്കൊപ്പം ബി.ജെ.പിയിൽ ചേർന്ന ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണിത്.
സംസ്ഥാനത്ത് കോൺഗ്രസുമായുള്ള ജീവന്മരണ പോരാട്ടത്തിന് മൂന്ന് കേന്ദ്രമന്ത്രിമാരടക്കം ഏഴ് എം.പിമാരെയാണ് ബി.ജെ.പി മൽസരരംഗത്തിറക്കിയത്. ജ്യോതിരാദിത്യ സിന്ധ്യയെ ഇത്തവണ ബി.ജെ.പി മത്സരിപ്പിക്കാതെ മുഖ്യമന്ത്രിയാക്കാനിടയുണ്ട് എന്ന് മേഖലയിൽ പ്രചാരണം നടക്കുന്നതും മോദിക്ക് സിന്ധ്യയിലുള്ള വിശ്വാസം കൊണ്ടാണ്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറടക്കം ബി.ജെ.പിക്ക് അര ഡസനോളം മുഖ്യമന്ത്രി സ്ഥാനാർഥികളുള്ളതൊന്നും ഈ പ്രചാരണത്തിന് തടസ്സമല്ല.
രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായും മേഖലയിൽ പ്രചാരണം നയിച്ച് 2018ൽ ബി.ജെ.പിയെ തൂത്തുവാരിയ സിന്ധ്യക്ക് അത് പോലൊരു വിജയം ബി.ജെ.പിക്ക് തിരികെ സമ്മാനിക്കാവുന്ന രാഷ്ട്രീയ സാഹചര്യമല്ല ഈ മേഖലയിൽ ഇപ്പോഴുള്ളത്.
ഗ്വാളിയോർ- ചമ്പൽ മേഖല സിന്ധ്യയുടേതോ കോൺഗ്രസിന്റേതോ എന്ന് ഇത്തവണ നിശ്ചയിക്കുക ഇരു കൂട്ടരുടെയും രാഷ്ട്രീയമല്ലെന്നും സ്ഥാനാർഥികളുടെ ജാതിയാണെന്നും മാധ്യമ പ്രവർത്തകൻ പ്രതീക് ഗോയൽ പറഞ്ഞു.
ശിവരാജ് ഭാജപ... മഹാരാജ് ഭാജപ... നാരാസ് ഭാജപ...
ജ്യോതിരാദിത്യ സിന്ധ്യയുടെയും കൂട്ടാളികളുടെയും പ്രവേശനത്തോടെ ഗ്വാളിയോർ -ചമ്പൽ മേഖലയിൽ മൂന്ന് തരമാണ് ബി.ജെ.പി. ശിവരാജ് ഭാജപ, മഹാരാജ് ഭാജപ, നാരാസ് ഭാജപ എന്നിങ്ങനെയാണത്. ഗ്വാളിയോറിലെ വോട്ടർ ബ്രിജേഷ് പഠക് ഈ തരം തിരിവ് വ്യക്തമാക്കി.
സിന്ധ്യ കൂറുമാറി എത്തുന്നതിന് മുമ്പെ ബി.ജെ.പിയിലുള്ളവരും ഇപ്പോഴും പാർട്ടി നിർദേശങ്ങൾ അനുസരിക്കുന്നവരുമാണ് ‘ശിവരാജ് ഭാജപാ’. ഗ്വാളിയോർ രാജവംശത്തിലെ മഹാരാജാവ് ആയ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം ബി.ജെ.പിയിലേക്ക് വന്നവരാണ് ‘മഹാരാജ് ഭാജപാ’. സിന്ധ്യയും കൂട്ടർക്കും ബി.ജെ.പിയിലുള്ള മേധാവിത്തത്തിൽ കടുത്ത അമർഷമുള്ളവരാണ് ‘നാരാസ് ഭാജപ’(രോഷമുള്ള ബി.ജെ.പിക്കാർ). ‘നാരാസ് ഭാജപ’ക്കാരുടെ വോട്ട് കൂറുമാറി വന്ന സിന്ധ്യയുടെ സ്ഥാനാർഥികൾക്ക് കിട്ടുമോ എന്നത് സംശയമാണ്.
മേഖലയിൽ ബി.ജെ.പിയെ വളർത്താൻ സിന്ധ്യയോടും കോൺഗ്രസിനോടും എതിരിട്ട നേതാക്കളെയും പ്രവർത്തകരെയും പരിഗണിക്കാതെ കൂറുമാറിയെത്തിയവർ വിലസുന്നത് കാണാനുള്ള മനക്കരുത്ത് വലിയൊരു വിഭാഗം പ്രവർത്തകർക്കുമില്ല. 2018ൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മൊറേനയില്‍നിന്ന് ജയിച്ച രഘുരാജ് കന്‍സാന, സിന്ധ്യ ബി.ജെ.പിയിലേക്ക് കൂറുമാറിയതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചപ്പോൾ തോറ്റത് ഉദാഹരണം.
ഗുജ്ജർ സമുദായക്കാരനായ കന്സാനയെ സിന്ധ്യയുടെ സമ്മർദത്തിന് വഴങ്ങി മൊറേനയിൽ പാർട്ടി വീണ്ടും സ്ഥാനാർഥിയാക്കിയതോടെ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ബി.ജെ.പി നേതാവ് റുസ്തം സിങ് രാജിവെച്ച് ബി.എസ്.പിയിൽ ചേർന്നു.
ചൗഹാൻ മികച്ച നടനെന്ന് കമൽനാഥ്
ഭോപാൽ: നിയമസഭ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ജനം യാത്രയയപ്പ് നൽകുമെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ്. ചൗഹാൻ മികച്ച നടനായതിനാൽ ജോലിയില്ലാതാവില്ലെന്നും അദ്ദേഹം പരിഹസിച്ചു.
രെഹ്ലി നിയമസഭ മണ്ഡലത്തിൽ റാലിയിൽ സംസാരിക്കുകയായിരുന്നു കമൽനാഥ്. പൊലീസും പണവും ഉപയോഗിച്ച് ഭരണം നടത്തുന്ന ബി.ജെ.പി സർക്കാറിന് ഇനി നാലു ദിവസം മാത്രമാണുള്ളത്. നവംബർ 17ന് നടക്കുന്ന തെരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ഭാവി നിർണയിക്കുന്നതാണ്. 18 വർഷത്തെ ബി.ജെ.പി ഭരണം മധ്യപ്രദേശിനെ നശിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു.
മേഖലയിലെ ഏത് സ്ഥാനാർഥിയുടെ പ്രചാരണ കമ്മിറ്റി ഓഫിസിൽ ചെന്നാലും ജയപരാജയം തീരുമാനിക്കുന്നത് ജാതിയായിരിക്കുമെന്ന കാര്യത്തിൽ ഏവർക്കും ഒരേ അഭിപ്രായമാണ്. ജാതി കഴിഞ്ഞാൽ പിന്നെ സ്ഥാനാർഥിയെ നോക്കും. അതും കഴിഞ്ഞേ പാർട്ടി നോക്കിയുള്ള വോട്ടുള്ളൂ.
ജാതി നോക്കി പരമാവധി സ്ഥാനാർഥികളെ നിർത്തിയ ബി.എസ്.പി കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും മികച്ച സ്ഥാനാർഥികളുടെ ഉറക്കം കെടുത്തുന്ന കാഴ്ചയാണ് മേഖലയിലെ പല സീറ്റുകളിലും.
തോമർ സമുദായത്തിന് 80,000ലേറെ വോട്ടുള്ള വി.ഐ.പി മണ്ഡലമായ ദിംനിയിൽ അതേ സമുദായത്തിൽനിന്നുള്ള കോൺഗ്രസിന്റെ ജനകീയനായ സിറ്റിങ് എം.എൽ.എ രവീന്ദ്ര ബഡോസക്ക് കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമറിനോടുള്ള ജനരോഷത്തിനിടയിലും ജയിക്കാനാകുമോ എന്ന സംശയമുണ്ടാക്കിയത് ബി.എസ്.പിയുടെ ബ്രാഹ്മണ സ്ഥാനാർഥിയാണ്.
ആപ് സ്ഥാനാർഥിയും തോമർ സമുദായക്കാരനാണ്. മണ്ഡലത്തിലെ ഭൂരിഭാഗം തോമർ വോട്ടുകൾ മൂന്ന് സ്ഥാനാർഥികൾക്കിടയിൽ വീതിക്കപ്പെടുമ്പോൾ 35,000 ജാട്ടവ് വോട്ടുകളും 25,000 ബ്രാഹ്മണ വോട്ടുകളും തങ്ങൾക്ക് കിട്ടുമെന്നാണ് ബി.എസ്.പി കണക്കുകൂട്ടൽ.
സ്ഥാനാർഥി ബ്രാഹ്മണനാണെന്നും ദലിതുകളിലെ ജാട്ടവുകൾ ബി.എസ്.പിയുടെ വോട്ടുബാങ്കാണെന്നുമാണ് ഇതിനവർക്കുള്ള ന്യായം. ദിംനിയിൽ ഈയിടെ നടന്ന കൊലപാതങ്ങളും അക്രമസംഭവങ്ങളും തോമർ സമുദായത്തോടുള്ള ഗുജ്ജറുകളുടെ വിരോധമേറ്റിയതും തങ്ങൾക്ക് അനുകൂലമാകുമെന്ന് ബി.എസ്.പി കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.