രാഘവ്ഗഢ് ‘രാജാവിനെ’ വാഴിക്കുമോ?
text_fieldsദിഗ്വിജയ് സിങ് എന്ന കുശാഗ്ര ബുദ്ധിക്കാരന്റെ താങ്ങില്ലാതെ സംസ്ഥാന രാഷ്ട്രീയത്തിൽ നിൽക്കാനാകാത്ത മുൻ കേന്ദ്രമന്ത്രി കമൽനാഥ് മധ്യപ്രദേശിൽ കോൺഗ്രസിനെ പൂർണമായും കൈപ്പിടിയിലൊതുക്കിയത് എങ്ങനെയെന്ന ചോദ്യത്തിന് അറിയപ്പെടുന്ന ഹിന്ദി നാടക പ്രവർത്തകൻ സഞ്ജയ് മേത്ത നൽകിയ ഉത്തരം രസകരമായിരുന്നു.
ജ്യോതിരാദിത്യ സിന്ധ്യയെ പുകച്ചുചാടിച്ച ശേഷം ദിഗ്വിജയ് സിങ്ങിനെ അരികിലേക്കുമാറ്റി ഇൻഡ്യ സഖ്യത്തിലെ ഘടകകക്ഷികളെ പോലും പിണക്കി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കമൽനാഥ് നയിക്കുന്നത് കണ്ടായിരുന്നു ഈ ചോദ്യമുന്നയിച്ചത്. കമൽനാഥ് സ്വന്തം നിലക്ക് ചെയ്യുന്നുവെന്ന് തോന്നുന്ന ഈ തീരുമാനങ്ങളെല്ലാം ദിഗ്വിജയ് സിങ്ങിന്റേതാണെന്നായിരുന്നു മേത്തയുടെ മറുപടി.
ഹിന്ദുത്വത്തിന് വളക്കൂറുള്ള മധ്യപ്രദേശിൽ തന്നോടുള്ള വിരോധം കോൺഗ്രസിന് ഏശാതിരിക്കാൻ ദിഗ്വിജയ് സിങ് കമൽനാഥിന്റെ പിറകിലേക്ക് സ്വയം മാറിനിന്നതാണ്. ജ്യോതിരാദിത്യ സിന്ധ്യയെ പുകച്ചുചാടിച്ചത് ദിഗ്വിജയ് സിങ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമൽനാഥിനെ മുന്നിൽ നിർത്തിയതോടെ കോൺഗ്രസിനെതിരെ ഉയരാമായിരുന്ന ഹിന്ദുത്വ വികാരത്തെ സമർഥമായി തടയിട്ടുവെന്ന് വർഗീയ ധ്രുവീകരണ ശ്രമങ്ങൾ ഏൽക്കാത്ത പ്രചാരണരംഗം കണ്ടാൽ വ്യക്തമാകും.
ഗ്വാളിയോർ മഹാരാജാവിന് കീഴിലുള്ള നാട്ടുരാജ്യമായിരുന്ന രാഘവ്ഗഢിൽ (ഇന്നത്തെ ഗുണ) തന്റെ മകൻ ജയവർധൻ സിങ്ങിനെ വാഴിക്കാൻ ദിഗ്വിജയ് സിങ് ജ്യോതിരാദിത്യ സിന്ധ്യയെ അവഹേളിച്ച് പുകച്ചു ചാടിക്കുകയായിരുന്നു എന്നാണ് മേത്ത പറയുന്നത്.
രാഘവ് ഗഢ് രാജാവ് ബാൽഭദ്ര സിങ്ങിന്റെ മകനായ ദിഗ്വിജയ് സിങ് തങ്ങളുടെ നാട്ടുരാജ്യത്തിൽ മകനെ കുടിയിരുത്തി മധ്യപ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തിക്കാനുള്ള ദീർഘകാല അജണ്ടയാണ് നടപ്പാക്കിയതെന്നും മേത്ത വ്യക്തമാക്കി. ജയവർധൻ സിങ് മത്സരിക്കുന്ന ഗുണയിലെ രാഘവ്ഗഢിൽ മേത്ത പറഞ്ഞത് ശരിവെക്കുന്ന പലരെയും കണ്ടു.
സിന്ധ്യ കോൺഗ്രസ് വിട്ടതിനുപിന്നിൽ ദിഗ്വിജയിന്റെ കൈയുണ്ടെന്ന് കരുതുന്ന കോൺഗ്രസുകാരുമുണ്ട്. അതേസമയം പാർട്ടി വിട്ടതിലൂടെ സിന്ധ്യ ചെയ്തത് വഞ്ചനയാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ആത്മഹത്യയാണിതെന്നും അവർ കുറ്റപ്പെടുത്തുന്നു.
അതേസമയം ദിഗ്വിജയ് സിങ്ങിനെ കണ്ടുകൂടാത്ത ബി.ജെ.പിയും ആർ.എസ്.എസും സിന്ധ്യയുടെ കൂറുമാറ്റത്തിന് മാന്യതയുടെ പരിവേഷം നൽകാൻ നടത്തുന്ന പ്രചാരണമാണിതെന്ന് ചില കോൺഗ്രസുകാർ പറയുന്നു. കമൽനാഥ് സർക്കാറിനെ വീഴ്ത്തിയ മഹാരാജാവിന്റെ വഞ്ചനക്ക് പകരംചോദിക്കുമെന്ന് പറഞ്ഞാണ് രാഘവ്ഗഢിലെ കോൺഗ്രസുകാരുടെ പ്രചാരണം.
കോൺഗ്രസിനെ ചതിച്ച സിന്ധ്യയോട് പകരം ചോദിക്കാൻ തങ്ങൾക്ക് കിട്ടിയ സുവർണാവസരമാണിതെന്നും ജയവർധൻ സിങ്ങിനായി ആവേശപൂർവം പ്രചാരണം നടത്തുന്ന പാർട്ടി പ്രവർത്തകർ പറയുന്നു.
രാജാവും കിങ്മേക്കറുമാകേണ്ടെന്ന് സിന്ധ്യ
തനിക്ക് രാജാവും കിങ്മേക്കറും ഒന്നുമാകേണ്ടെന്നും കേവലമൊരു ബി.ജെ.പി പ്രവർത്തകനായി കഴിഞ്ഞാൽ മതിയെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിൽ വീണ്ടും ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിനാണ് സിന്ധ്യയുടെ ഈ പ്രതികരണം. മുഖ്യമന്ത്രി ആരെന്ന് പാർട്ടി തീരുമാനിക്കും. ബി.ജെ.പി നീതിപൂർവം തീരുമാനിക്കുന്ന പാർട്ടിയാണ്.
പിന്നെന്തുകൊണ്ടാണ് ഇത്തവണ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥിയായി ആരെയും ഉയർത്തിക്കാണിക്കാതിരുന്നത് എന്ന ചോദ്യത്തിന് പാർട്ടിനേതൃത്വമാണ് അക്കാര്യം തീരുമാനിക്കുകയെന്ന് സിന്ധ്യ ആവർത്തിച്ചു. താൻ വേദിയിൽ ശിവരാജ് സിങ് ചൗഹാന്റെ പേരാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.