മധ്യപ്രദേശിലെ വിജയം സിന്ധ്യയുടെ നേട്ടം
text_fieldsഭോപാൽ: മുത്തശ്ശി വിജയരാജ്യ സിന്ധ്യയും അമ്മായി വസുന്ധര രാജ സിന്ധ്യയും ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ മുൻനിരക്കാരായി നിലകൊണ്ട മണ്ണിൽ പിതാവ് മാധവ റാവു സിന്ധ്യയെ പിന്തുടർന്ന് കോൺഗ്രസിെൻറ മതേതര പാതയിലൂടെ സഞ്ചരിക്കാനായിരുന്നു പഴയ ഗ്വാളിയർ രാജകുടുംബത്തിലെ ഇളമുറക്കാരനായ ജ്യോതിരാദിത്യ സിന്ധ്യക്ക് താൽപര്യം. പിതാവിെൻറ ഗുണ മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതു മുതൽ കോൺഗ്രസിെൻറ സൗമ്യമുഖങ്ങളിലൊന്നായി ദേശീയതലത്തിൽ നിറഞ്ഞുനിന്നു.
കോൺഗ്രസിന് തിരിച്ചടി നേരിടുന്നതു കണ്ട് മേഖലയിലെ പല നേതാക്കളും കളംമാറിയപ്പോഴും പാർട്ടിയിൽ തുടർന്നു. 2005 മുതൽ മധ്യപ്രദേശിെൻറ അധികാരം കൈയാളുന്ന ശിവരാജ് സിങ് ചൗഹാെൻറ നേതൃത്വത്തിലെ ബി.ജെ.പി സർക്കാറിനെ കടപുഴക്കാനുള്ള പ്രയത്നത്തിൽ മുന്നിൽനിന്നത് സിന്ധ്യയായിരുന്നു. ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രി പദം ലഭിക്കുമെന്ന ഉറച്ച വിശ്വാസവും മനസ്സിലുണ്ടായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ യുവനേതാക്കൾക്ക് പ്രാമുഖ്യം നൽകുമെന്ന് ആണയിട്ടിരുന്ന സാക്ഷാൽ രാഹുൽ ഗാന്ധിപോലും കൈയൊഴിഞ്ഞു.
തന്ത്രശാലിയായ കമൽനാഥിന് അധികാരം കൈവന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഗുണയിൽ പരാജയപ്പെട്ടതോെട രാഷ്ട്രീയമായി തകർന്നിരിക്കെയാണ് പാർട്ടികൾ പിളർത്തിയും എം.എൽ.എമാരെ ചാക്കിട്ടുപിടിച്ചും പറ്റുന്നിടത്തെല്ലാം ഭരണമുറപ്പിക്കാൻ നോക്കുന്ന ബി.ജെ.പി സിന്ധ്യയെ നോട്ടമിടുന്നത്. വിശ്വസ്തരായ എം.എൽ.എമാരുമായി കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ഇദ്ദേഹത്തിെൻറ അഭിമാന പ്രശ്നമായിരുന്നു ഉപതെരഞ്ഞെടുപ്പിലെ വിജയം. സിന്ധ്യകുടുംബത്തിെൻറ സ്വാധീന ഭൂമികയായ ഗ്വാളിയോർ മേഖലയിലെ വിജയം ജനനേതാവ് എന്ന നിലയിൽ ജ്യോതിരാദിത്യയുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. കോൺഗ്രസാവട്ടെ ഉപതെരഞ്ഞെടുപ്പ് പരാജയത്തോടെ ഹിന്ദി ഹൃദയമേഖലയിൽ കൂടുതൽ പരിക്ഷീണവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.