മധ്യപ്രദേശ്: തോറ്റവരിൽ മൂന്നു മന്ത്രിമാർ
text_fieldsകോൺഗ്രസ്-ബി.ജെ.പി
മന്ത്രിസഭകളിൽ അംഗമായ ഇമാർതി ദേവിയും തോറ്റു
സ്വന്തം ലേഖകൻ
ഭോപാൽ: ഉപതെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിൽ കോൺഗ്രസിൽനിന്ന് കൂറുമാറിയെത്തി ബി.ജെ.പി മന്ത്രിമാരായവരിൽ മൂന്നുപേർ പരാജയപ്പെട്ടു. ഇവരടക്കം ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന 22 എം.എൽ.എമാരിൽ 15 പേർ വിജയിച്ചപ്പോൾ ഏഴുപേർ പരാജയപ്പെട്ടു. കോൺഗ്രസിെൻറ കമൽനാഥ് മന്ത്രിസഭയിലും തുടർന്ന് ബി.ജെ.പിയുടെ ശിവരാജ്സിങ് ചൗഹാൻ മന്ത്രിസഭയിലും അംഗമായിരുന്ന ഇമാർതി ദേവിയും തോറ്റവരിലുൾപ്പെടും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമൽനാഥ് ഇമാർതിയെ 'ഐറ്റം' എന്നു വിശേഷിപ്പിച്ചത് വിവാദമായിരുന്നു.
അടൽ സിങ് കൻസന, ഗിരിരാജ് ദന്തോദ്യ എന്നിവരാണ് തോറ്റ മറ്റു രണ്ടു മന്ത്രിമാർ. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച 12 മന്ത്രിമാരിൽ ഈ മൂന്നു പേരൊഴികെ ബാക്കിയെല്ലാവരും വിജയിച്ചു. സിന്ധ്യയുടെ വിശ്വസ്തനും മുൻ മന്ത്രിയുമായ തുൾസി സിലാവത് അര ലക്ഷത്തിലേറെ വോട്ടിെൻറ ഭൂരിപക്ഷത്തിന് വിജയിച്ചു.
അതേസമയം, ഉപതെരഞ്ഞെടുപ്പ് നടന്ന 28ൽ 19 സീറ്റിലും വിജയിച്ചെങ്കിലും ഗ്വാളിയോർ-ചമ്പൽ മേഖലയിൽ നിന്നുള്ള മൂന്ന് മന്ത്രിമാരുടെ തോൽവി തിരിച്ചടിയാണ്. ഭൻഡർ സീറ്റിൽ ജനകീയ ദലിത് നേതാവ് ഫൂൽ സിങ് ബരൈയയെ 161 വോട്ടിെൻറ നേരിയ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയുടെ രക്ഷ ശാന്താറാം സരോനിയ തോൽപിച്ചത്.
ഗ്വാളിയോർ-ചമ്പൽ മേഖലയിൽ തെരഞ്ഞെടുപ്പ് നടന്ന 16 സീറ്റിൽ ഒമ്പതിലും സിന്ധ്യയുടെ അനുയായികളാണ് വിജയിച്ചതെന്നും ഇവ നേരത്തേ കോൺഗ്രസ് മണ്ഡലങ്ങളായിരുന്നെന്നും ബി.ജെപി വക്താവ് പങ്കജ് ചതുർവേദി പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 49.46 ശതമാനം വോട്ടുവിഹിതം ലഭിച്ചപ്പോൾ കോൺഗ്രസിന് 40.40 ശതമാനമാണ് വോട്ടുവിഹിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.