മധ്യപ്രദേശ് 'ലവ് ജിഹാദ്' ബില്ലിന് കാബിനറ്റ് അംഗീകാരം; അഞ്ചുവർഷം വരെ തടവും 25,000 രൂപ പിഴയും
text_fieldsേഭാപാൽ: മധ്യപ്രദേശിൽ ഡിസംബർ 28ന് മൂന്നുദിവസത്തെ നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കേ, മത സ്വാതന്ത്ര്യ ബിൽ 2020ന് മന്ത്രിസഭയുടെ അംഗീകാരം. ഉത്തർപ്രദേശിലെ 'മത പരിവർത്തന നിരോധന നിയമ'ത്തിന് സമാനമാണ് മതസ്വതന്ത്ര്യ ബിൽ. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ബില്ലിന് അംഗീകാരം നൽകിയത്.
ഒരു വ്യക്തിയെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയാൽ നിയമപ്രകാരം ഒന്നുമുതൽ അഞ്ചുവർഷം വരെ ജയിൽ ശിക്ഷയും കുറഞ്ഞത് 25,000 രൂപ പിഴയും ലഭിക്കും. പ്രായപൂർത്തിയാകാത്തവരെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചാൽ കുറഞ്ഞത് രണ്ടുവർഷം മുതൽ അഞ്ചുവർഷം വരെയാകും ശിക്ഷയെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ' പുതിയ മധ്യപ്രദേശ് മതസ്വതന്ത്ര്യ നിയമപ്രകാരം പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവർ എന്നിവരെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയാൽ കുറഞ്ഞത് രണ്ടുവർഷം മുതൽ അഞ്ചുവർഷം വരെ ജയിൽ ശിക്ഷയും കുറഞ്ഞത് 50,000 രൂപ പിഴയും ലഭിക്കും' -നരോത്തം മിശ്ര പറഞ്ഞു.
1968ലെ മധ്യപ്രദേശ് ധർമ സ്വാതന്ത്ര്യ അധിനിയം നിയമത്തെ ഇല്ലാതാക്കുന്നതാകും പുതിയ നിയമം. ഈ നിയമം കാലഹരണപ്പെട്ടതാണെന്ന് ബി.ജെ.പി അഭിപ്രായപ്പെട്ടിരുന്നു.
മധ്യപ്രദേശിലെ നിയമമനുസരിച്ച് സ്വന്തം ഇഷ്ടപ്രകാരം മതം മാറുന്ന വ്യക്തിയാണെങ്കിൽ ജില്ല മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകേണ്ട ആവശ്യമില്ല. മതം മാറാൻ സമീപിക്കുന്ന പുരോഹിതൻ ജില്ല ഭരണകൂടത്തെ അറിയിച്ചാൽ മതിയാകും.
ഡിസംബർ 22ന് നടന്ന മന്ത്രിസഭ യോഗത്തിൽ ബില്ലിനെപറ്റി ചർച്ച ചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ബില്ലിൽ ചില നിർദേശങ്ങൾ കൂട്ടിച്ചേർക്കാനുണ്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഡിസംബർ 26ലെ പ്രത്യേക സെഷനിൽ ചർച്ചചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ഉത്തർപ്രദേശിൽ നവംബറിൽ മതപരിവർത്തന നിരോധന നിയമം പാസാക്കിയിരുന്നു. മുസ്ലിം ജനവിഭാഗത്തെ ലക്ഷ്യംവെച്ചുള്ളതാണ് യു.പിയിലെ ലവ് ജിഹാദ് നിയമം. ഒരു മാസത്തിനിടെ പത്തോളം കേസുകൾ പുതിയ നിയമവുമായി ബന്ധപ്പെട്ട് യു.പിയിൽ രജിസ്റ്റർ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.