വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്ട്രോങ് റൂമിലെ സി.സി.ടി.വി പ്രവര്‍ത്തിച്ചില്ലെന്ന് കമീഷന്‍
text_fieldsഭോപ്പാൽ: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന ഭോപ്പാല ിലെ സ്ട്രോങ് റൂമില്‍ ഒരു മണിക്കൂറോളം സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തനരഹിതമായെന്ന് റിപ്പോർട്ട്. സംഭവം സ്ഥിരീകരിച്ച തെരഞ്ഞെടുപ്പ് കമീഷന്‍ വൈദ്യുത തകരാറാണ് കാമറകള്‍ പ്രവര്‍ത്തനരഹിതമാകാൻ കാരണമെന്ന് വിശദീകരിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ അട്ടിമറി നടത്തിയെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിനിടെയാണ് സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തനരഹിതമായെന്ന വാർത്ത പുറത്തുവന്നത്.
വെള്ളിയാഴ്ച രാവിലെ 8.19ഉം 9.35ഉം ഇടക്കാണ് സി.സി.ടിവി കാമറകളും സ്ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ച എല്‍.ഇ.ഡി സ്‌ക്രീനും പ്രവര്‍ത്തനരഹിതമായതെന്നാണ് ഭോപ്പാല്‍ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. വൈദ്യുതിയില്ലാത്ത സാഹചര്യത്തിൽ ജനറേറ്ററോ ഇന്‍വെര്‍ട്ടറോ ഉപയോഗിച്ച് സി.സി.ടിവി പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയെന്നും കലക്ടറിന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നു.
വോട്ടിങ് മെഷീനുകൾ സുരക്ഷിതമാണെന്നും അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാൻ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവലുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിങ് മെഷീനുകള്‍ വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം സ്ട്രോങ് റൂമിലെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും കമീഷന്‍ അറിയിച്ചു.
മധ്യപ്രദേശില്‍ നവംബര്‍ 28നായിരുന്നു തെരഞ്ഞെടുപ്പ്. ഡിസംബർ 11ന് ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.