മധ്യപ്രദേശില്‍ ഒരുമുഴം നീട്ടിയെറിഞ്ഞ് കോൺഗ്രസ്സ്; നര്‍മ്മദ നദീ പൂജയോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
text_fieldsമധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്. ഹിമാചലിനും കര്‍ണാടകക്കും പിന്നാലെ മധ്യപ്രദേശും തെലുങ്കാനയും പിടിക്കാന്‍ പ്രിയങ്ക ഗാന്ധിയെ പ്രചാരണത്തില്‍ സജീവമാക്കുകയാണ് കോണ്‍ഗ്രസ്. നര്‍മ്മദ നദീ പൂജയോടെയാണ് പ്രിയങ്ക ഗാന്ധി പ്രചാരണം തുടങ്ങിയത്. ബിജെപിയേക്കാള്‍ ഒരു മുഴം മുന്‍പേ പ്രചാരണത്തിന് കോണ്‍ഗ്രസ് ഇറങ്ങുന്നതും കൃത്യമായ കണക്ക് കൂട്ടലോടെയാണ്.
തിരഞ്ഞെടുപ്പ് മേല്‍നോട്ടത്തിനായി ദേശീയ തലത്തില്‍ രൂപീകരിക്കുന്ന സമിതിയുടെ തലപ്പത്തേക്ക് പ്രിയങ്ക ഗാന്ധിയെ കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ട്. ഗോത്രവിഭാഗങ്ങള്‍ക്ക് മേല്‍ക്കൈയുള്ള ജബല്‍പൂരിലെ മഹാകുശാല്‍ മേഖലയിലാണ് പ്രിയങ്കയുടെ പ്രചാരണ റാലി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ 13ല്‍ 11 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു.
മധ്യപ്രദേശില്‍ 150 സീറ്റ് പിടിക്കുമെന്ന ആത്മവിശ്വാസമാണ് രാഹുല്‍ ഗാന്ധിയടക്കം പങ്കുവയ്ക്കുന്നത്. പ്രിയങ്ക ഗാന്ധി തന്നെയാകും പ്രചാരണ മുഖം. നേരത്തെ ഹിമാചല്‍ പ്രദേശിലും, കര്‍ണ്ണാടകയിലും പ്രിയങ്ക നടത്തിയ പ്രചാരണം വിജയത്തില്‍ പ്രധാന ഘടകമായെന്നാണ് വിലയിരുത്തല്‍. ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ പ്രിയങ്ക ഇനി ദേശീയ തലത്തില്‍ കൂടുതല്‍ സജീവമാകും. അടുത്ത മാസം തുടങ്ങുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തിലും പ്രിയങ്ക പങ്കെടുക്കും.
ഹിമാചലിലും കര്‍ണാടകയിലും പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. രണ്ടിടത്തും പാര്‍ട്ടി നേടിയ വന്‍ വിജയം അണികള്‍ക്കിടയില്‍ പ്രിയങ്കയോടുള്ള പ്രീതി ഇരട്ടിപ്പിച്ചു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 4 സംസ്ഥാനങ്ങളിലും പ്രിയങ്കയെ സജീവമായി രംഗത്ത് ഇറക്കണമെന്ന ആവശ്യം ശക്തമാണ്. ഇത് പരിഗണിച്ചാണ് മധ്യപ്രദേശിലും പ്രിയങ്കയെ പ്രചാരണത്തിന്റെ നേതൃ നിരയിലേക്ക് കൊണ്ടുവന്നവരാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.