പീഡനക്കേസിലെ പരാതിക്കാരി പ്രതിയുടെ കൈയിൽ രാഖി കെട്ടിയാൽ ജാമ്യം -മധ്യപ്രദേശ് ഹൈകോടതി
text_fieldsഭോപാൽ: പരാതിക്കാരി പ്രതിയുടെ കൈയിൽ രാഖി കെട്ടിയാൽ പീഡനക്കേസിൽ ജാമ്യം നൽകാമെന്ന് മധ്യപ്രദേശ് ഹൈകോടതി. എല്ലാകാലവും പരാതിക്കാരിയെ സംരക്ഷിച്ചുകൊള്ളാമെന്ന് സത്യം ചെയ്യണമെന്നും രാഖി കെട്ടുന്നതിന്‍റെ ഫോട്ടോ ഹാജരാക്കണമെന്നും ജാമ്യ ഉപാധിയായി കോടതി നിർദേശിച്ചു. മധ്യപ്രദേശ് ഹൈകോടതിയുടെ ഇന്ദോർ ബെഞ്ചാണ് ജാമ്യം ലഭിക്കാൻ രാഖി കെട്ടാൻ നിർദേശിച്ചത്.
രക്ഷാബന്ധൻ ചടങ്ങിന്‍റെ വഴിപാടുകളുടെ ഭാഗമായി പരാതിക്കാരിക്ക് 11,000 രൂപ നൽകാനും കോടതി പ്രതി വിക്രം ബാർഗിയോട് നിർദേശിച്ചു. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച 50,000 രൂപ കെട്ടിവെച്ച് പ്രതി ജാമ്യം നേടി.
പ്രതി ആഗസ്റ്റ് മൂന്നിന് രാവിലെ 11ന് തന്‍റെ ഭാര്യയെയും കൂട്ടി മധുരപലഹാരങ്ങളുമായി പരാതിക്കാരിയുടെ വീട്ടിലെത്തണം. തന്‍റെ കൈയിൽ രാഖി കെട്ടാൻ പരാതിക്കാരിയോട് അഭ്യർഥിക്കണം. എല്ലാക്കാലവും അവളെ സംരക്ഷിക്കാമെന്ന് സത്യം ചെയ്യണം -കോടതി ഉത്തരവിൽ പറയുന്നു.
രക്ഷാബന്ധൻ ചടങ്ങിൽ സഹോദരൻ സഹോദരിക്ക് കൈമാറുന്നതിനുസരിച്ച് 11,000 രൂപ പ്രതി പരാതിക്കാരിക്ക് നൽകണം. പരാതിക്കാരിയുടെ ആശംസകളും വാങ്ങണം. മധുരപലഹാരവും വസ്ത്രങ്ങളും വാങ്ങാൻ 5000 രൂപ പരാതിക്കാരിയുടെ മകന് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയതിനാണ് വിക്രം ബാർഗിക്കെതിരെ ഉജ്ജയിൻ ജില്ലക്കാരിയായ സ്ത്രീയുടെ പരാതിപ്രകാരം കേസെടുത്തത്. പരാതിക്കാരിയുടെ അയൽക്കാരനാണ് പ്രതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.