ഭരണവിരുദ്ധ വികാരത്തിൽ മധ്യപ്രദേശ്; സിറ്റിങ് എം.എൽ.എമാർക്ക് സീറ്റില്ല
text_fieldsന്യൂഡൽഹി: ഭരണനേട്ടംകാണിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാൻ കഴിയാതെ ബി.ജെ.പി മധ്യപ്രദേശിൽ സിറ്റിങ് എം.എൽ.എമാർക്ക് സീറ്റ് നിഷേധിച്ചും ദുർബല സീറ്റുകളിൽ കേന്ദ്ര മന്ത്രിമാരെ ഇറക്കിയും പരീക്ഷണത്തിന്.
ദുർബല മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർഥികളെ ഇറക്കി തോൽവി തടയുകയും പരിക്ക് കുറക്കുകയുമാണ് ബി.ജെ.പി ലക്ഷ്യം. ബി.ജെ.പി തോൽവി സമ്മതിച്ചുവെന്നും തെറ്റായ പ്രതീക്ഷ വെച്ചുള്ള അവസാന കളിയാണിതെന്നുമാണ് കോൺഗ്രസ് പരിഹാസം.
230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായി 78 സ്ഥാനാർഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ച 39 മണ്ഡലങ്ങളിൽ ബഹുഭൂരിഭാഗവും കോൺഗ്രസ് ജയിച്ച മണ്ഡലങ്ങളാണ്. ഇവയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും സിറ്റിങ് എം.എൽ.എമാരെ വെട്ടി.
കേന്ദ്രമന്ത്രിമാരിൽ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ മൊറേനയിലും ഫഗ്ഗൻ സിങ് കുലസ്തെ നിവാസിലും പ്രഹ്ളാദ് സിങ് പട്ടേൽ നരസിംഗ്പൂരിലും എം.പിമാരിൽ ലോക്സഭയിലെ ബി.ജെ.പി ചീഫ് വിപ് രാകേഷ് സിങ് ജബൽപൂരിലും ഋതി പാഠക് സീധിയിലും ഉദയ് പ്രതാപ് സിങ് ഹോറംഗാബാദിലും ഗണേശ് സിങ് സത്നയിലും ബി.ജെ.പി അഖിലേന്ത്യ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്യ ഇന്ദോറിലും സ്ഥാനാർഥികളാണ്.
നേതൃത്വത്തിന്റെ കൽപന ശിരസാവഹിക്കുന്നുവെന്നല്ലാതെ പൂർണമനസ്സോടെയല്ല മുതിർന്ന ദേശീയ നേതാക്കൾ മധ്യപ്രദേശിലെ നിയമസഭാ ഗോദയിലേക്കിറങ്ങുന്നത്.
ഇന്ദോറിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം കൈലാഷ് വിജയവർഗ്യ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. താൻ സന്തുഷ്ടനല്ലെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു ശതമാനം പോലും ആഗ്രഹിക്കുന്നില്ലെന്നും കൈലാഷ് വിജയവർഗ്യ പറഞ്ഞു.
മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും മുതിർന്ന നേതാക്കൾ നിർദേശിച്ചതിനാൽ പാർട്ടിയുടെ പ്രതീക്ഷക്കൊത്തുയർന്ന് പ്രവർത്തിക്കുമെന്നും വിജയ്വർഗ്യ പറഞ്ഞു. ബി.ജെ.പി പരാജയം സമ്മതിച്ചുവെന്നും തെറ്റായ പ്രതീക്ഷ വെച്ചുള്ള അവസാന കളിയാണിതെന്നുമാണ് ശക്തമായ പ്രചാരണവുമായി മുന്നേറുന്ന കോൺഗ്രസ് പ്രതികരിച്ചത്.
മധ്യപ്രദേശിന്റെ വികസനത്തെ കുറിച്ചുള്ള പൊള്ളയായ അവകാശവാദങ്ങൾ പച്ചക്കള്ളമാണെന്ന് തെളിഞ്ഞുവെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥ് പറഞ്ഞു. കോടിക്കണക്കിന് പ്രവർത്തകരുണ്ടെന്നുപറയുന്ന ബി.ജെ.പിയുടെ സ്ഥാനാർഥിപ്പട്ടിക പാർട്ടിയുടെ ആഭ്യന്തര പരാജയത്തിന്റെ മുദ്രയാണ്. കഴിഞ്ഞ പതിനെട്ടര വർഷത്തെ ബി.ജെ.പി ഭരണത്തിന്റെയും 15 വർഷത്തിലേറെ മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാന്റെ വികസന വാദങ്ങൾ നിരാകരിക്കുന്നതുമാണെന്ന് കമൽനാഥ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.