വിവാഹം കഴിഞ്ഞ് നാലാം മാസത്തിൽ ഭർത്താവ് അപകടത്തിൽ മരിച്ചു; കുഞ്ഞിനെ ഗർഭം ധരിക്കാൻ ബീജം ആവശ്യപ്പെട്ട് യുവതി ആശുപത്രിയിൽ
text_fieldsഭോപാൽ: മധ്യപ്രദേശിൽ അപകടത്തിൽ മരിച്ച ഭർത്താവിന്റെ ബീജം വേണമെന്ന വിചിത്ര ആവശ്യവുമായി യുവതി രംഗത്ത്. മധ്യപ്രദേശിലെ രേവ ഗ്രാമത്തിലെ യുവതിയാണ് ആവശ്യവുമായി സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലെത്തിയത്. വാഹനാപകടത്തിലാണ് യുവതിയുടെ ഭർത്താവായിരുന്ന ജിതേന്ദ്ര സിങ് ഗെഹർവാർ മരിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് നാലുമാസമായിട്ടേ ഉണ്ടായിരുന്നുള്ളൂ.
പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായാണ് യുവാവിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചത്. ആദ്യം ഭർത്താവിന്റെ പോസ്റ്റ്മോർട്ടം നടപടികൾക്ക് യുവതി സമ്മതിച്ചില്ല. പിന്നീടാണ് തനിക്ക് ഗർഭം ധരിക്കാനായി ഭർത്താവിന്റെ ബീജം വേണമെന്ന ആവശ്യവുമായി ആശുപത്രി അധികൃതരെ സമീപിച്ചത്. എന്നാൽ യുവാവ് മരിച്ച് 24 മണിക്കൂർ കഴിഞ്ഞതിനാൽ ബീജമെടുക്കാൻ സാധിക്കുകയില്ല എന്നായിരുന്നു ഡോക്ടർമാരുടെ മറുപടി.
മരണം സംഭവിച്ച് 24മണിക്കൂറിനകം ബീജം എടുത്ത് സൂക്ഷിച്ചുവെക്കണം. ആ സമയംകടന്നു പോയതിനാൽ അതിനു സാധിക്കുകയില്ല. ബീജം സംരക്ഷിക്കാനുള്ള സംവിധാനം ആശുപത്രിയിൽ ഇല്ലെന്നും ഫോറൻസിക് വിഭാഗം മേധാവിയായ ഡോ. രജനീഷ് കുമാർ പാണ്ഡെ അറിയിച്ചു.
തന്റെ ആവശ്യം നടക്കില്ലെന്ന് മനസിലാക്കിയ യുവതി ആശുപത്രിയിൽ ബഹളം വെച്ചു. തുടർന്ന് പൊലീസ് ഇടപെട്ടാണ് യുവതിയെ അനുനയിപ്പിച്ചത്. ഒടുവിൽ പോസ്റ്റ്മോർട്ടം ചെയ്യാൻ യുവാവിന്റെ അനുമതി ലഭിച്ചതോടെ എല്ലാ നടപടികളും പൂർത്തിയാക്കി യുവാവിന്റെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് നാലുമാസത്തിനുള്ളിൽ ഭർത്താവിനെ നഷ്ടമായ യുവതിയുടെ സങ്കടം മനസിലാക്കുന്നുവെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അതുൽ സിങ് പ്രതികരിച്ചു. ഭർത്താവിന്റെ ഓർമക്കായാണ് കുട്ടിയുണ്ടാകാൻ അവർ ആഗ്രഹിച്ചത്. എന്നാൽ സമയം വൈകിയതിനാൽ ഒന്നും സാധിക്കാതെ വന്നുവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.