മധ്യപ്രദേശ്: ഭരണവിരുദ്ധ വികാരം നേരിടാൻ പല മുഖങ്ങൾ
text_fieldsന്യൂഡൽഹി: കോൺഗ്രസ് എം.പിമാരെ കൂറുമാറ്റി ഭരണം പിടിച്ചെടുത്ത മധ്യപ്രദേശിൽ കടുത്ത ഭരണവിരുദ്ധ വികാരം മറികടക്കാൻ ‘മുഖ്യമന്ത്രി സ്ഥാനാർഥി’കളായി പല മുഖങ്ങളെ ഇറക്കിയുള്ള പരീക്ഷണത്തിലാണ് ബി.ജെ.പി. മത്സര രംഗത്ത് കൂടുതൽ മുഖ്യമന്ത്രി സ്ഥാനാർഥിമാരായതോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഇത്തവണ ടിക്കറ്റുണ്ടാവില്ലെന്ന പ്രചാരണത്തിന് അന്ത്യം കുറിച്ച് തിങ്കളാഴ്ച പുറത്തുവിട്ട മൂന്നാമത്തെ പട്ടികയിൽ സിറ്റിംഗ് സീറ്റായ ബുധിനിയിൽ അദ്ദേഹത്തിന്റെ പേര് ബി.ജെ.പി പ്രഖ്യാപിച്ചു.
കേന്ദ്രമന്ത്രിമാരും എം.പിമാരും അടക്കം മുതിർന്ന നിരവധി കേന്ദ്ര നേതാക്കളെ മധ്യപ്രദേശിൽ ജീവന്മര പോരാട്ടത്തിനിറക്കിയിരിക്കുയാണ് ബി.ജെ.പി. നിലവിലുള്ള മുഖ്യമന്ത്രിക്ക് പുറമെ ഇൻഡോർ മാൾവ മേഖലയിൽ കൈലാഷ് വിജയ്‍വർഗ്യയെയും ആദിവാസി മേഖലയിൽ ഫഗ്ഗൻ സിങ്ങ് കുലസ്തെയെയും ജനങ്ങൾക്കിടയിൽ മുഖ്യമന്ത്രി സ്ഥാനാർഥികളായി അവതരിപ്പിക്കുകയാണ് പ്രവർത്തകർ.
മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന് ചോദിക്കുമ്പോഴെല്ലാം ശിവരാജ് സിങ്ങ് ചൗഹാൻ അല്ലാതെ മറ്റൊരു നേതാവും അദ്ദേഹത്തിന്റെ പേര് പറയുന്നില്ല. ഏറ്റവുമൊടുവിൽ മുഖ്യമന്ത്രി മുഖമാരെന്ന ചോദ്യത്തിന് ‘താമര’യാണ് ബി.ജെ.പിയുടെ മുഖമെന്നായിരുന്നു കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ മറുപടി. മറുഭാഗത്ത് മാധവറാവു സിന്ധ്യ കൂടൊഴിഞ്ഞതോടെ വിമത ശല്യം ഇല്ലാതാകുകയും മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ കമൽനാഥിന് എതിരാളികളില്ലാതാകുകയും ചെയ്തു. മൃദു ഹിന്ദുത്വം പയറ്റി ബി.ജെ.പിയെ തടയാമെന്ന് കരുതുന്ന കോൺഗ്രസിന്റെ പഴയ കാല കോൺഗ്രസ് നേതാക്കളുടെ പാത പിന്തുടരുന്ന കമൽനാഥ് ‘ഇൻഡ്യ‘ സഖ്യ കക്ഷികളെ കൂട്ടാതെ തന്നെ മധ്യപ്രദേശിൽ ഭരണം പിടിക്കാമെന്ന അതിരു കടന്ന ആത്മ വിശ്വാസത്തിലുമാണ്. ഭോപാലിൽ നിശ്ചയിച്ച ‘ഇൻഡ്യ’ കക്ഷികളുടെ പ്രഥമ റാലി കമൽ നാഥ് സ്വന്തം നിലക്ക് ആരംഭിച്ച യാത്രക്ക് വേണ്ടി കമൽ നാഥ് റദ്ദാക്കിയിരുന്നു.
ഭരണവിരുദ്ധ വികാരത്തിന്മേൽ കോൺഗ്രസ് ഉണ്ടാക്കിയെടുത്ത മേൽക്കൈ ആർ.എസ്.എസിന്റെ സഹായത്തോടെ ഏകോപിച്ച ബൂത്ത് തല പ്രവർത്തനത്തിലൂടെ നേരിടാനാകുമെന്ന ആത്മ വിശ്വാസത്തിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. യു.പിയിൽ നിന്നുള്ള കേഡറുകളെ ഇറക്കി വളരെ നേരത്തെ അടിത്തട്ടിൽ പ്രചാരണം തുടങ്ങിയ ബി.ജെ.പി മൂന്ന് സ്ഥാനാർഥി പട്ടികകൾ ഇതിനകം പുറത്തുവിട്ടതും പ്രചാരണത്തിലെ ആശയക്കുഴപ്പമൊഴിവാക്കാനാണ്.
പ്രവചനാതീതമായ കടുത്ത പോരാട്ടത്തതിലേക്കാണ് മധ്യപ്രദേശ് ഇക്കുറി നീങ്ങുന്നതെന്ന് ഭോപാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏകതാ പരിഷത്ത് ദേശീയ ജനറൽ സെക്രട്ടറി അനീഷ് തില്ലങ്കേരി ‘മാധ്യമ’ത്തോട് പറഞ്ഞു. 18 വർഷത്തെ തുടർച്ചയായ ഭരണമായതിനാൽ ജനങ്ങളും ഉദ്യോഗസ്ഥരും മാറ്റം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ജനാഭിലാഷം എത്രത്തോളം പ്രയോഗവൽക്കരിക്കാൻ കോൺഗ്രസിനാകുമെന്ന് കാത്തിരുന്നു കാണണം. രാജ്യത്ത് ഏറ്റവും കൂടുതൽ ആദിവാസി വോട്ടർമാരുള്ള മധ്യപ്രദേശിൽ അവരുടെ നിലപാട് നിർണായകമാണെന്നും അതിനാൽ തന്നെബി.ജെ.പിയും കോൺഗ്രസും അവരെ പിടിക്കാനുള്ള പരിശ്രമത്തിലാണെന്നും അനീഷ് തില്ലങ്കേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.