850 കോടിയുടെ മഹാകാൽ ഇടനാഴിയിൽ ആറ് പ്രതിമകൾ കാറ്റിൽ തകർന്നു; ഏഴുമാസം മുമ്പ് മോദി ഉദ്ഘാടനം ചെയ്ത പാതയിലാണ് നാശനഷ്ടം
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ 850 കോടി മുടക്കി നിർമിച്ച മഹാകാൽ ലോക് ഇടനാഴിയിൽ കാറ്റിലും മഴയിലും വൻ നാശനഷ്ടം. ഇവിടെ സ്ഥാപിച്ച ഏഴ് സപ്തഋഷി പ്രതിമകളിൽ ആറെണ്ണവും നിലംപതിച്ചു. രണ്ടെണ്ണത്തിന്റെ ശിരസ്സും കൈകാലുകളും വേർപ്പെട്ടു. ഏഴുമാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാത ഉദ്ഘാടനം ചെയ്തത്.
മഹാകാലേശ്വർ ക്ഷേത്രത്തോടനുബന്ധിച്ച് സ്ഥിതി ചെയ്യുന്ന മഹാകാൽ ലോക് ഇടനാഴിയിൽ ഞായറാഴ്ച ഉച്ചയോടെയാണ് ശക്തമായ കാറ്റിലും മഴയിലും വൻ നാശം നേരിട്ടത്. പ്രദേശത്ത് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ഉജ്ജയിൽ ജില്ലയിൽ ഇടിമിന്നലിൽ രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2022 ഒക്‌ടോബർ 11 നായിരുന്നു 900 മീറ്ററിലധികം നീളമുള്ള ഇടനാഴിയുടെ ഉദ്ഘാടനം. രുദ്രസാഗർ തടാകത്തിന് ചുറ്റുമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇടനാഴിയിൽ ശിവന്റെ 200 വിഗ്രഹങ്ങളും സ്ഥാപിച്ചിരുന്നു. മഹാകാലേശ്വർ ക്ഷേത്രം സന്ദർശിക്കുന്ന തീർത്ഥാടകർക്ക് വേണ്ടിയാണ് മഹാകൽ ലോക് ഇടനാഴി നിർമിച്ചത്.
ക്ഷേത്ര ഇടനാഴിയുടെ നിർമാണ പ്രവർത്തനങ്ങളിൽ വൻ ക്രമക്കേടുണ്ടെന്ന് സംസ്ഥാനത്തെ പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു. ക്രമക്കേടിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ, കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും ആശയക്കുഴപ്പം പരത്തുകയാണെന്നും ബി.ജെ.പി ആരോപിച്ചു.
അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉജ്ജയിൻ കലക്ടറോടും ഡിവിഷണൽ കമ്മീഷണറോടും ആവശ്യപ്പെട്ടു. തകർന്ന പ്രതിമകൾ കരാറുകാർ നന്നാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിമകളുടെ അഞ്ച് വർഷത്തേക്കുള്ള അറ്റകുറ്റപ്പണി കരാറുകാരെ ഏൽപിച്ചതാണെന്നും നിർമാണ കമ്പനി അവ ഉടൻ മാറ്റിസ്ഥാപിക്കുമെന്നും ഉജ്ജയിൻ കലക്ടർ കുമാർ പുരുഷോത്തം പറഞ്ഞു. ‘സ്ഥാനഭ്രംശം സംഭവിച്ചതും കേടായതുമായ പ്രതിമകൾ ക്രെയിൻ ഉപയോഗിച്ച് മാറ്റിയിട്ടുണ്ട്. ഫൈബർ റൈൻഫോഴ്സ്ഡ് പ്ലാസ്റ്റിക് മെറ്റീരിയലിൽ നിർമിച്ച മറ്റ് പ്രതിമകളും പരിശോധിക്കും. സ്ഥാനചലനം സംഭവിച്ച ആറ് പ്രതിമകൾ ഉടൻ പുനസ്ഥാപിക്കും’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.