കടം 2.5 ലക്ഷം കോടിയിലധികം; 2000 കോടിയുടെ ആദിശങ്കര പ്രതിമ സ്ഥാപിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ
text_fieldsഭോപാൽ: സംസ്ഥാനം കടക്കെണിയിലായിരിക്കെ, താത്വികാചാര്യൻ ആദിശങ്കരന്‍റെ കൂറ്റൻ പ്രതിമ സ്ഥാപിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. വിവിധ ലോഹങ്ങൾ ഉപയോഗിച്ച് 108 അടി ഉയരത്തിൽ നിർമിക്കുന്ന പ്രതിമക്ക് 2000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രതിമയോടനുബന്ധിച്ച് ഒരു അന്താരാഷ്ട്ര മ്യൂസിയവും സ്ഥാപിക്കും. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആചാര്യ ശങ്കർ സൻസ്കൃതിക് ഏക്ത ന്യാസിന്‍റെ ട്രസ്റ്റികളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തി. സ്വാമി അവേധശാനന്ദ് ഗിരിജി മഹാരാജ് അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്തു.
'ഏകാത്മത പ്രതിമ' (Statue of Oneness) എന്നാണ് ആദിശങ്കര പ്രതിമക്ക് പേരിട്ടിരിക്കുന്നത്. ഓംകാരേശ്വറിൽ സ്ഥാപിക്കുന്ന പ്രതിമയുടെ ഭാഗമായി ആദിശങ്കര മ്യൂസിയം, ആചാര്യ ശങ്കർ ഇൻറർനാഷനൽ അദ്വൈത വേദാന്ത സൻസ്ഥാൻ, ഗുരുകുലം എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. മന്ദാത പർവതത്തിലെ 7.5 ഹെക്ടർ പ്രദേശത്താണ് പ്രതിമയും മ്യൂസിയവും സ്ഥാപിക്കുന്നത്. 54 അടി ഉയരമുള്ള പ്ലാറ്റ്ഫോമിലാണ് പ്രതിമ നിർമിക്കുന്നത്. ഗുരുകുലത്തിനായി നർമ്മദ നദിക്കരയിൽ അഞ്ച് ഹെക്ടർ സ്ഥലം കണ്ടെത്തി. പത്ത് ഹെക്ടറിലാണ് ആചാര്യ ശങ്കർ ഇൻറർനാഷണൽ അദ്വൈത വേദാന്ത സൻസ്ഥാൻ സ്ഥാപിക്കുക.
വേദാന്തത്തെ ജീവിതത്തിൽ പ്രയോഗികമാക്കാൻ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. ട്രസ്റ്റ് അംഗങ്ങളുടെ നിർദേശങ്ങളനുസരിച്ചാണ് പദ്ധതി പൂർത്തീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, 2.56 ലക്ഷം കോടി കടമുള്ള സംസ്ഥാനം ഈ പദ്ധതിയുമായി മുന്നോട്ട് നീങ്ങുന്നതിനെ എതിർക്കുമെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ചൂണ്ടിക്കാട്ടി. ബജറ്റിൽ പ്രതിമക്കായി തുക വകയിരുത്തിയതിന് ശേഷമേ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുയെന്ന് പ്രതിപക്ഷ നേതാവ് കമൽനാഥ് പറഞ്ഞു. '34,000 രൂപയാണ് സംസ്ഥാനത്തിന്‍റെ ആളോഹരി കടം. 48,000 കോടി കൂടി കടമെടുക്കാനുള്ള ആലോചനയിലാണ് സർക്കാർ. ഈ സാഹചര്യത്തിൽ കടം സംബന്ധിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം' - അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.