മധ്യപ്രദേശിലെ ഹോഷങ്കബാദിന്‍റെ പേര് മാറ്റാൻ ബി.ജെ.പി സർക്കാർ; ഇനി നർമദപുരം
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ ഹോഷങ്കബാദിന്‍റെ പേര് മാറ്റുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. 'നർമദപുരം' എന്ന് പേരിടാനുള്ള അഭ്യർഥന കേന്ദ്ര സർക്കാറിന് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഹോഷങ്കബാദിൽ നടന്ന നർമദ ജയന്തി ആഘോഷങ്ങൾക്കിടെയാണ് പേരുമാറ്റുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
ജനങ്ങളുടെ ആവശ്യപ്രകാരമാണ് പേര് മാറ്റുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രഖ്യാപനത്തെ തുടർന്ന് ബി.ജെ.പി പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തി. പേരുമാറ്റം ചരിത്രപരമായ തീരുമാനമാണെന്ന് നിയമസഭ സ്പീക്കർ രാമേശ്വർ ശർമ പറഞ്ഞു. ജനവികാരം മാനിച്ചതിൽ മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാൾവാ രാജവംശത്തിലെ ചക്രവർത്തിയായിരുന്ന ഹോഷങ്ക് ഷായുടെ പേരിൽ നിന്നാണ് ഹോഷങ്കബാദിന് പേര് ലഭിച്ചത്. ഇത് മാറ്റണമെന്ന ആവശ്യം ബി.ജെ.പി നേതാക്കൾ ഉയർത്തിയിരുന്നു.
അതേസമയം പേരുമാറ്റത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ജനജീവിതത്തെ ബാധിക്കുന്ന നിരവധി വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമമെന്ന് കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു. മുഗൾ ചക്രവർത്തിമാരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും പേര് മാറ്റാൻ മാത്രമാണ് ബി.ജെ.പിക്ക് താൽപര്യം. ബ്രിട്ടീഷ് ഭരണാധികാരികളുടെ പേര് ഇപ്പോഴും നിലനിൽക്കുകയാണ്. പഴയ നിയമസഭ കെട്ടിടത്തിന്‍റെ പേര് ഇപ്പോഴും മിന്‍റോ ഹാൾ എന്നാണ്. ഇപ്പോഴത്തെ പേരുമാറ്റം ശ്രദ്ധതിരിക്കാൻ മാത്രമാണ് -അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.