ചിലർക്കെതിരെ മാത്രം പ്രവർത്തനക്ഷമമാകുന്ന നിയമങ്ങൾ
text_fieldsകോൺഗ്രസ് ക്ഷയിക്കുന്നതിനുമുന്നേ കടംകയറി അച്ചടിനിർത്തിയ പത്രമാണ് 'നാഷനൽ ഹെറാൾഡ്'. 1938ൽ ജവഹർലാൽ നെഹ്റു സ്ഥാപിച്ചത് എന്ന പെരുമയും കോൺഗ്രസ് മുഖപത്രമെന്ന ഗരിമയുമൊന്നും 2008ൽ താഴിടുമ്പോൾ അതിനുണ്ടായിരുന്നില്ല. 'നാഷ്ണൽ ഹെറാൾഡി'ന് നവജീവൻ നൽകാൻ കോൺഗ്രസ് നൽകിയ 90 കോടി രൂപ വായ്പ അടക്കമുള്ള സാമ്പത്തിക സഹായങ്ങളോ മറ്റു ഘടനപരിഷ്കരണങ്ങളോ പത്രത്തിന്‍റെ പുനരുജ്ജീവനത്തിന് ഒട്ടും ഉപകരിച്ചില്ലെന്ന് മാത്രമല്ല, കേന്ദ്രഭരണകൂടത്തിന് സാമ്പത്തിക വേട്ടയുമായി കടന്നുകയറാനുള്ള വഴിയായി അവ മാറുകയും ചെയ്തിരിക്കുന്നു. തീവ്ര സംഘ്പരിവാർ പക്ഷക്കാരനായ സുബ്രമണ്യ സ്വാമി കൊടുത്ത കേസ് ഏറ്റെടുത്ത ആദായ നികുതി വകുപ്പ് പത്രത്തിന്‍റെ പ്രസാധകരായിരുന്ന അസോസിയറ്റഡ് ജേണൽ ലിമിറ്റഡിന്‍റെ ബാധ്യതകളും ഓഹരികളും സോണിയ ഗാന്ധിയും മകൻ രാഹുലും ഡയറക്ടർമാരായ യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നോയെന്ന് കഴിഞ്ഞ എട്ടു വർഷമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നു. അതിന്‍റെ ഒടുവിലത്തെ എപ്പിസോഡാണ് സോണിയയും രാഹുലും നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ നൽകിയിരിക്കുന്ന സമൻസ്. മോദി സർക്കാർ അധികാരത്തിലേറിയ വർഷത്തിലാരംഭിച്ച അന്വേഷണം നിർണായകമായ രാഷ്ട്രീയ പ്രതിസന്ധി സമയത്തെല്ലാം ഉയർന്നുവരുകയും കോൺഗ്രസിനെ പ്രതിരോധത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നുണ്ട്. 2024ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അതാവർത്തിക്കുകയും ചെയ്യും.
ബി.ജെ.പിയിതര സർക്കാറുകളെയും പാർട്ടികളെയും വിരട്ടി നിർത്താൻ ഇ.ഡിയെ കേന്ദ്രസർക്കാർ സമൃദ്ധമായി ദുരുപയോഗിക്കുന്നുവെന്നത് ഇന്ന് ഏറക്കുറെ സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. ഇ.ഡി ഏെറ്റടുത്ത കേസുകളും അവരുടെ അന്വേഷണരീതികളും ഗുരുതര ആശങ്കക്കും സംശയങ്ങൾക്കും വകനൽകുന്നു. സർക്കാറിനോ ഭരണപാർട്ടിക്കോ എതിരെ ശബ്ദമുയർത്തുന്ന രാഷ്ട്രീയനേതാക്കളുടെയും രാഷ്ട്രീയ, സമുദായ, സന്നദ്ധ സംഘടനകളിലും സ്ഥാപനങ്ങളിലും ഇ.ഡിയുടെ തിരച്ചിൽസംഘങ്ങൾ ഇരച്ചുകയറുന്നത് പതിവായി. തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, എസ്.പി, ആർ.ജെ.ഡി തുടങ്ങി ഒട്ടുമിക്ക പ്രതിപക്ഷ പാർട്ടികളും ഇ.ഡി വേട്ടക്ക് ഇരകളായവരാണ്. മോദി ഭരണകാലത്ത് ജമ്മു-കശ്മീരിലെ മുഖ്യധാര രാഷ്ട്രീയനേതാക്കളുടെ വീടുകളിലും രാജ്യത്തെ മനുഷ്യാവകാശ സംഘടനകളുടെ ഓഫിസുകളിലും ഭരണകൂട അജണ്ടകൾ ജനസമക്ഷമെത്തിക്കുന്ന മാധ്യമങ്ങളിലും കേന്ദ്രത്തിന് അനഭിമതരായ വ്യവസായികളുടെ സ്ഥാപനങ്ങളിലും ഇ.ഡി സംഘങ്ങൾ അധികാരദണ്ഡ് വീശി നിർബാധം കയറിനിരങ്ങി പ്രവർത്തനസ്വാതന്ത്രത്തെ ഇല്ലാതാക്കുന്നു. അതിലുപരി തെറ്റിദ്ധാരണജനകമായ വാർത്തകൾ ഉൽപാദിപ്പിച്ച് അവരെ പൈശാചികവത്കരിക്കാനും സമൂഹമധ്യത്തിൽ കുറ്റവാളികളായി പ്രതിഷ്ഠിക്കാനും അതീവതാൽപര്യം പുലർത്തുന്നുമുണ്ട്.
ഭരണസംവിധാനങ്ങളും നിയമങ്ങളും ചിലർക്കെതിരെ മാത്രം പ്രവർത്തനക്ഷമമാകുന്ന അപകട മുനമ്പിലാണ് രാജ്യമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണങ്ങളുടെ സ്വഭാവം നിരന്തരം വിളിച്ചുപറയുന്നു. അവകാശപ്പോരാട്ടങ്ങൾ, അരികുവത്കരിക്കപ്പെട്ട ജനതകളുടെ ശാക്തീകരണ പദ്ധതികൾ, ന്യൂനപക്ഷ സമൂഹങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ വികാസങ്ങൾ തുടങ്ങിയവയെല്ലാം ശ്രദ്ധിക്കുന്ന സർക്കാറേതര സന്നദ്ധ സംഘടനകളുടെ (എൻ.ജി.ഒ) പ്രവർത്തനങ്ങളും സാമ്പത്തിക വിനിമയങ്ങളും നിഷേധിക്കാൻ ഇടവരുത്തുന്ന കേന്ദ്രസർക്കാർ സമീപനങ്ങളും ഇ.ഡിയുടെ സാമ്പത്തിക വേട്ടകളോട് ചേർത്ത് വായിക്കപ്പെടേണ്ടതുണ്ട്. നാഷ്ണനൽ ഹെറാൾഡിലേക്കും ആംനസ്റ്റിയിലേക്കും ഹർഷ് മന്ദറിലേക്കും ടീസ്റ്റയിലേക്കും പി.എഫ്.ഐയുടെയും സന്നദ്ധ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും അക്കൗണ്ടുകൾ റദ്ദാക്കപ്പെടുന്നതിലേക്കുമൊെക്ക എത്തുന്ന ഇ.ഡി സംഘങ്ങൾ നീതി നിർവഹണമുറപ്പിക്കാനുള്ള കേന്ദ്രത്തിന്‍റെ നിഷ്കാമ കർമമാതൃകയെ സാക്ഷ്യപ്പെടുത്തുകയല്ല, ചിലർക്കെതിരെ മാത്രം പ്രവർത്തനക്ഷമമാകുന്ന നിയമങ്ങളാണ് രാജ്യത്തുള്ളതെന്ന് ഊട്ടിയുറപ്പിക്കുകയാണ്.
രാജ്യത്ത് നീതി ഒരുപോലെയാണ് പുലരുന്നതെങ്കിൽ, കേന്ദ്ര സർക്കാറിനും സംഘ്പരിവാർ സംഘടനകൾക്കും അനഭിമതരായ സംഘടനകളെയും വ്യക്തികളെയും വേട്ടയാടാൻ പ്രാപ്പിടിയൻ ദൃഷ്ടിയുമായി കാത്തിരുന്ന ഇതേ ഭരണകാലത്ത് അതിസമ്പന്നരായ 28 പേർ നിയമത്തിന്‍റെ എല്ലാ വലക്കണ്ണികളും നിഷ്പ്രയാസം പൊട്ടിച്ച് ലക്ഷക്കണക്കിന് കോടി രൂപ രാജ്യത്തുനിന്ന് കടത്തിക്കൊണ്ടു പോവുകയില്ലായിരുന്നു. 28 ബാങ്കുകളെ വഞ്ചിച്ച് 22,842 കോടിയിലധികം കൊള്ളയടിച്ച് ഗുജറാത്ത് കേന്ദ്രീകരിച്ച എ.ബി.ജി ഷിപ്പിങ് പോലുള്ള കമ്പനികളെക്കുറിച്ച് ആവർത്തിച്ച് വായിക്കേണ്ടി വരുകയില്ലായിരുന്നു. പതിനായിരത്തിൽ താഴെവരുന്ന തുകകൾ വിദേശ ഫണ്ടുകളിൽനിന്ന് വ്യക്തിപരമായി ഉപയോഗിച്ചു എന്ന ആരോപണമുന്നയിച്ച് ആംനസ്റ്റിയുടെ ചുമതലക്കാരൻ ആകാർ പട്ടേലിനും മാധ്യമ പ്രവർത്തക റാണാ അയ്യൂബിനും വിമാനത്താവളങ്ങളിൽ വിലങ്ങിടാൻ അനുവാദം നൽകുന്ന നിയമങ്ങൾ നീരവ് മോദി മുതൽ എ.ബി.ജി ഉടമ ഋഷി അഗർവാൾവരെയുള്ള കോർപറേറ്റ് തീവെട്ടിക്കൊള്ളക്കാർക്ക് മുന്നിൽ ഗോശാലകളിൽ നടതള്ളപ്പെട്ട പശുക്കളെപ്പോലെ നിശ്ചേതനമായി വിറങ്ങലിച്ച് നിൽക്കുമായിരുന്നില്ല. നിയമങ്ങളും ഭരണകൂട സംവിധാനങ്ങളും ചിലരിൽ മാത്രം പ്രവർത്തനക്ഷമമാകുന്ന അപകടകരവും ഭീതിജനകവുമായ നാളുകളെ ചരിത്രം രേഖപ്പെടുത്തി വെച്ചിട്ടുള്ളത് ഫാഷിസ്റ്റ്കാലമെന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.