‘കമല’പഥത്തിൽ കമൽനാഥ്
text_fieldsമധ്യപ്രദേശിൽ ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാനും ഒരേ മണ്ഡലത്തിൽനിന്ന് സ്ഥിരമായി ജയിക്കുന്നവരെ വീഴ്ത്താനും മുൻ ആർ.എസ്.എസുകാരെ പോലും രംഗത്തിറക്കിയാണ് കോൺഗ്രസ് നേതാവ് കമൽനാഥ് പോരിനിറങ്ങിയത്. ബി.ജെ.പിയുടെ ഭിന്നിപ്പിക്കൽ തന്ത്രം തിരിച്ചു പയറ്റുകയാണെന്നാണ് ഇതിന് കോൺഗ്രസിന്റെ ന്യായം.
രാമായണ സീരിയലിലെ ‘ഹനുമാനായ’ വിക്രം മസ്തൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെയും പഴയകാല ആർ.എസ്.എസുകാരൻ അവ്ധേഷ് നായക് ആഭ്യന്തര മന്ത്രി നരോത്തം മിശ്രക്കെതിരെയും സ്ഥാനാർഥികളായത് കമൽനാഥിന്റെ കമലപഥത്തിന് ഉദാഹരണങ്ങളാണ്. ബി.ജെ.പി സ്ഥാനാർഥിയായിരിക്കെ ഭൂരിപക്ഷ വോട്ടിനായുള്ള ധ്രുവീകരണത്തിന് വർഗീയ കലാപമുണ്ടാക്കിയ കേസിൽ പ്രതിയായിരുന്ന അവ്ധേഷ് നായക് ഈ വർഷം ആഗസ്റ്റിലാണ് കോൺഗ്രസിൽ ചേർന്നത്. ആർ.എസ്.എസ് - ബി.ജെ.പി നേതാക്കൾക്കിടയിലെ തർക്കത്തിൽ നരോത്തമിനെ പാഠം പഠിപ്പിക്കാനാണ് നായക് കോൺഗ്രസിലെത്തിയത്.
വർഷങ്ങളായി പാർട്ടി ജയിക്കാത്ത വിന്ധ്യ, ബുന്ദേൽഖണ്ഡ് മേഖലകളിലെ രണ്ട് നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പി കുടുംബങ്ങളിൽ നിന്നുള്ളവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ. വിന്ധ്യയിലെ ദേവ്തലബ് മണ്ഡലത്തിൽ മൂന്നാം തവണയും മത്സരിക്കുന്ന ബി.ജെ.പിയുടെ സിറ്റിങ് എം.എൽ.എ ഗിരീഷ് ഗൗതമിനെതിരെ പത്മേഷ് ഗൗതമിനെയും ബുന്ദേൽഖണ്ഡിലെ സാഗറിൽ മൂന്നാം തവണ മത്സരിക്കുന്ന സിറ്റിങ് ബി.ജെ.പി എം.എൽ.എ ശൈലേന്ദ്ര ജെയിനിനെതിരെ അദ്ദേഹത്തിന്റെ സഹോദരഭാര്യ നിധി ജെയിനിനെയും കോൺഗ്രസ് സ്ഥാനാർഥിയാക്കി. സാഗർ മേയർ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും നിധി 58,000 വോട്ട് പിടിച്ചിരുന്നു. ഇതിനു പുറമെ കോൺഗ്രസിലേക്ക് വന്ന ദീപക് ജോഷി, ഗിരിജ ശങ്കർ ശർമ, ഭൻവർ സിങ് ശെഖാവത്ത്, അഭയ് മിശ്ര തുടങ്ങിയ നിരവധി മുൻ ബി.ജെ.പി നേതാക്കൾക്കും കമൽനാഥ് സീറ്റ് നൽകി.
മധ്യപ്രദേശ് ഭരിക്കാനുള്ള തന്റെ അവസാന അവസരമായിരിക്കാമിതെന്ന് മനസ്സിലാക്കിയാണ് കമൽനാഥിന്റെ നീക്കങ്ങൾ. 1984ലെ സിഖ് കലാപത്തിന്റെ അലയൊലി ഡൽഹിയെ വിട്ടൊഴിയാതിരിക്കുമ്പോൾ മധ്യപ്രദേശ് വിട്ട് ഡൽഹിയിലേക്ക് വരുകയെന്നത് തന്റെ രാഷ്ട്രീയ മരണമാണെന്ന് തിരിച്ചറിഞ്ഞാണ് കമൽനാഥിന്റെ നീക്കം. ഡൽഹി തട്ടകമാക്കിയ നേതാവ് എന്ന് എതിരാളികൾ ആക്ഷേപിച്ചാലും ഭോപാലിലാണ് തന്റെ രാഷ്ട്രീയ ഭാവി എന്ന് തിരിച്ചറിഞ്ഞ നേതാവാണ് അദ്ദേഹം. ഗാന്ധി കുടുംബം പറഞ്ഞിട്ട് പോലും മധ്യപ്രദേശ് വിട്ട് ഡൽഹിക്ക് പോകാൻ അദ്ദേഹം തയാറായില്ല. പ്രവർത്തകരുടെ വെറുപ്പൊഴിവാക്കാനാണ് സ്ഥാനാർഥി നിർണയത്തിലെ പരാതിയുമായി വരുന്നവരോട് ദിഗ്വിജയ് സിങ്ങിനെയും രൺദീപ് സിങ് സുർജെവാലയെയും പോയി കാണൂ എന്ന് പറയുന്നത്.
ബി.ജെ.പിയിൽനിന്ന് കോൺഗ്രസിലെത്തിയ ഹിന്ദുത്വ നേതാക്കൾക്കെല്ലാം കമൽനാഥ് മുന്തിയ പരിഗണന നൽകുമ്പോൾ മറുഭാഗത്ത് കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നതും മധ്യപ്രദേശ് കാണുന്നു. ശിവ്പുരിയിൽനിന്നുള്ള മധ്യപ്രദേശ് പി.സി.സി സെക്രട്ടറി രാകേഷ് ജെയിൻ, 2020ലെ ഉപതെരഞ്ഞെടുപ്പിൽ അശോക് നഗറിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ആശാ ദോഹരെ, അശോക് നഗർ നഗരസഭയിലെ പ്രതിപക്ഷ നേതാവ് അനിത ജെയിൻ എന്നിവർ കോൺഗ്രസ് വിട്ട് വ്യോമയാന മന്ത്രി ജ്യോതിരാദിത്യയുടെ സാന്നിധ്യത്തിൽ ബി.ജെ.പി അംഗത്വമെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.