സനാതനധർമ വിവാദം; ഉദയനിധി സ്റ്റാലിനെതിരായ ഹരജികൾ തള്ളി മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: സനാതനധർമ വിവാദങ്ങൾക്കിടെ തമിഴ്നാട് കായിക യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ സമർപ്പിച്ച ഹരജികൾ തള്ളി മദ്രാസ് ഹൈകോടതി. ഉദയനിധി സ്റ്റാലിൻ നിയമസഭാംഗമായി തുടരുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളാണ് കോടതി തള്ളിയത്. ഉദയനിധിയുടെ പരാമർശം തെറ്റാണെങ്കിലും അദ്ദേഹത്തെ ഒരു കോടതിയും കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉദയനിധിക്ക് പുറമെ ശേഖർ ബാബു, എ രാജ എന്നിവർക്കെതിരെയും ഹരജി സമർപ്പിച്ചിരുന്നു. ഉദയനിധി വിവാദ പരാമർശം നടത്തിയ സമയത്ത് വേദിയിലുണ്ടായിരുന്നതിനും അദ്ദേഹത്തിന്റെ പരാമർശത്തെ പിൻതാങ്ങിയതിനുമാണ് ഇരുവർക്കുമെതിരെയുള്ള ഹരജി.
രണ്ട് ഹിന്ദു മുന്നണി നേതാക്കളും മറ്റൊരു വ്യക്തിയുമാണ് ഹരജികൾ സമർപ്പിച്ചത്.
സനാതനധർമം മലേറിയ, കൊതുക്, കൊറോണ എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ടെന്ന ഉദയനിധി സ്റ്റാലിൻറെ പരാമർശമാണ് പിന്നീട് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോളിഷൻ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻറെ പരാമർശം. സംഭവം വിവാദമായതോടെ നിരവധി പേരാണ് മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.