ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; കോവിഡ് രണ്ടാം വ്യാപനത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമീഷനെന്ന് മദ്രാസ് ഹൈകോടതി
text_fieldsകോവിഡിന്‍റെ രണ്ടാം വ്യാപനം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈകോടതി. േകാവിഡിന്‍റെ രണ്ടാം വ്യാപനത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമീഷൻ മാത്രമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കോടതി പറഞ്ഞു.
ഒരു നിയന്ത്രണവുമില്ലാതെ തെരഞ്ഞെടുപ്പ് റാലികൾക്ക് അനുവാദം നൽകിയതാണ് കാര്യങ്ങൾ ഇത്രമാത്രം വഷളാക്കിയതെന്ന് മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജി നിരീക്ഷിച്ചു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമീഷനെതിരെ രാജ്യത്തെ ഒരു േകാടതി ഇത്ര രൂക്ഷമായ വിമർശനം ഉന്നയിക്കുന്നത് ആദ്യമായാണ്.
പാർട്ടികൾ റാലികൾ നടത്തിയപ്പോൾ നിങ്ങൾ മറ്റു വല്ല ഗ്രഹത്തിലുമായിരുന്നോ എന്ന് കമീഷന്‍റെ അഭിഭാഷകനോട് കോടതി ചോദിച്ചു. തെരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള കൃത്യമായ പദ്ധതി സമർപ്പിച്ചില്ലെങ്കിൽ മെയ് രണ്ടിനുള്ള വോട്ടെണ്ണൽ കോടതി ഇടപെട്ട് തടയുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
അതിജീവനവും സുരക്ഷയുമാണ് ഇപ്പോൾ പ്രധാനം. മറ്റെല്ലാം അതിനു ശേഷമാണ് വരികയെന്ന് കോടതി പറഞ്ഞു. ഇക്കാര്യം ഭരണഘടനാ സ്ഥാപനങ്ങളെ ഒാർമിപ്പിക്കേണ്ടി വരുന്നത് അത്യധികം സങ്കടകരമാണ്. പൗരൻമാർ ജീവേനാടെ അവശേഷിച്ചാൽ മാത്രമാണ് രാജ്യം വാഗ്ദാനം ചെയ്യുന്ന ജനാധിപത്യ അവകാശങ്ങൾ ആസ്വദിക്കാനാകുകയെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.