തമിഴ്നാട്ടിൽ ശരീഅത്ത് കൗൺസിലുകൾ നിരോധിച്ചു
text_fieldsചെന്നൈ: തമിഴ്നാട്ടിലെ പള്ളികളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ശരീഅത്ത് കൗൺസിലുകളുടെ പ്രവർത്തനം മദ്രാസ് ഹൈകോടതി നിരോധിച്ചു. ആരാധനാലയങ്ങളും മതകേന്ദ്രങ്ങളും മതപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നും ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം സുന്ദർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇത്തരം കൗൺസിലുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാറിനോട് കോടതി നിർദേശിക്കുകയും ചെയ്തു.
അണ്ണാശാലയിലെ മക്ക മസ്ജിദിനോട് അനുബന്ധിച്ചുള്ള മക്ക മസ്ജിദ് ശരീഅത്ത് കൗൺസിൽ കോടതികളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് പ്രവാസിയായ അബ്ദുറഹ്മാൻ നൽകിയ പൊതു താൽപര്യ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. നിശ്കളങ്കരായ മുസ്ലിംകളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതെന്ന് അബ്ദുറഹ്മാന്‍റെ അഭിഭാഷകനായ എ. സിറാജുദ്ദീൻ പറഞ്ഞു. ശരീഅത്ത് നിയമപ്രകാരം പ്രവർത്തിക്കുന്ന കോടതികളെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. കൗൺസിലിന്‍റെ തീരുമാനങ്ങൾ അനുസരിക്കാൻ മുസ്ലിംകൾ ബാധ്യസ്ഥമാണെന്ന പ്രതീതി ജനിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും ഹരജിക്കാരൻ ആരോപിച്ചു.
താൻ ഇതിന്‍റെ ഇരയാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. തന്‍റെ ഭാര്യയെ തിരിച്ചെടുക്കുന്നതിനായി കൗൺസിലിനെ സമീപിച്ചപ്പോൾ സമ്മതിച്ചില്ലെന്നും നിർബന്ധിച്ച് വിവാഹ മോചന കത്തിൽ ഒപ്പുവെപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.