പി.എസ്.സി പരീക്ഷക്ക് 'ജയ് ഹിന്ദ്' എന്നെഴുതിയത് ഉത്തരക്കടലാസ് അസാധുവാക്കാനുള്ള കാരണമല്ല; തമിഴ്നാട് പി.എസ്.സിയോട് ഹൈകോടതി
text_fieldsചെന്നൈ: പി.എസ്.സി പരീക്ഷയുടെ ഉത്തരക്കടലാസിൽ 'ജയ് ഹിന്ദ്' എന്നെഴുതിയതിനെ തുടർന്ന് ഉത്തരക്കടലാസ് അസാധുവാക്കിയ തമിഴ്നാട് പി.എസ്.സിയുടെ നടപടിയെ വിമർശിച്ച് മദ്രാസ് ഹൈകോടതി. പി.എസ്.സിയുടെ വിവരണാത്മക പരീക്ഷയിൽ എഴുതാൻ നിർദേശിച്ച ലേഖനത്തിന്‍റെ അവസാനത്തിൽ 'ജയ് ഹിന്ദ്' എന്നെഴുതിയ ഉദ്യോഗാർഥിയുടെ ഉത്തരക്കടലാസാണ് അസാധുവാക്കിയത്. ഇത് തിരുത്തി ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയാക്കാൻ കോടതി ഉത്തരവിട്ടു.
തമിഴ്നാട് പി.എസ്.സിയുടെ കംബൈൻഡ് സിവിൽ സർവിസസ് പരീക്ഷയെഴുതിയ കൽപന എന്ന ഉദ്യോഗാർഥിയാണ് പരാതിക്കാരി. പരീക്ഷയുടെ ഫലം വന്നപ്പോൾ കൽപനയുടെ ഉത്തരക്കടലാസ് അസാധുവാക്കിയെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഉത്തരക്കടലാസിൽ 'ജയ് ഹിന്ദ്' എന്നെഴുതിയത് പരീക്ഷ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായിക്കണ്ട് ഉത്തരക്കടലാസ് അസാധുവാക്കിയെന്ന് അറിഞ്ഞത്.
പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തെ കുറിച്ച് ഉപന്യാസമെഴുതാനായിരുന്നു പാർട്ട്-2 പരീക്ഷയിലെ ചോദ്യം. ഈ ഉപന്യാസത്തിന്‍റെ അവസാനം കൽപന 'ജയ് ഹിന്ദ് -പ്രകൃതിയോടിണങ്ങി നമുക്ക് ജീവിക്കാം' എന്ന് എഴുതിയിരുന്നു. ഇത് ലേഖനത്തിൽ അനാവശ്യമാണെന്നും ഏതെങ്കിലും തരത്തിൽ സ്വാധീനിക്കാനുള്ള ശ്രമമാണെന്നുമാണ് പി.എസ്.സി വാദിച്ചത്.
എന്നാൽ, ജയ് ഹിന്ദ് എന്നെഴുതുന്നത് ഒരു മോശം കാര്യമല്ലെന്നും ദേശഭക്തിയുള്ള ഏതൊരാളും ഉപയോഗിക്കുന്ന വാക്കാണെന്നും കോടതി ചൂണ്ടിക്കാട്ടി. അത് അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഉത്തരക്കടലാസ് അസാധുവാക്കാനാകില്ല. മേൽപ്പറഞ്ഞ വിഷയത്തിൽ ലേഖനമെഴുതുമ്പോൾ ദേശഭക്തിയുണ്ടാകുന്നത് സ്വാഭാവികമാണ്. ദേശഭക്തി നിറഞ്ഞ ഒരു മുദ്രാവാക്യത്തോടുകൂടി ഉപന്യാസം അവസാനിപ്പിക്കുന്നതും തെറ്റല്ല. മൂല്യനിർണയത്തിൽ സ്വാധീനം ചെലുത്താനുള്ള ദുസ്സൂചനയായി ഇതിനെ കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കൽപനയുടെ ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയാക്കാനും മാർക്ക് പരിശോധിച്ച് റാങ്ക് പട്ടികയിൽ ഉൾപ്പെടുകയാണെങ്കിൽ നാലാഴ്ചക്കകം നിയമനം നൽകാനും കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.